ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുണ്ട്; വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി; സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്ന പ്രതികളുടെ വാദം അംഗീകരിച്ചില്ല; ഗുല്‍ഫിഷയടക്കം അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു കോടതി

ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

Update: 2026-01-05 06:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹ്‌മദ് അടക്കമുള്ളവര്‍ക്ക് സുപ്രീംകോടതി കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, അഞ്ജാരിയ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഒമ്പത് പേരാണ് ഹരജി നല്‍കിയിരുന്നതെങ്കിലും ഇന്ന് ഏഴു പേരുടെ ഹരജിയിലാണ് വിധി പറഞ്ഞത്. ഉമറിനും ഷര്‍ജീലിനും ജാമ്യം നല്‍കരുതെന്ന ഡല്‍ഹി പൊലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി വിധി ന്യായം അംഗീകരിച്ചാണ് സുപ്രിംകോടതി വിധി. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കിയാണ് ഉമര്‍ ഖാലിദിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്.

ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് വര്‍ഷത്തിലധികമായി ജയിലിലാണ്. ഡല്‍ഹി ജെന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഉമര്‍ ഖാലിദിനെ കൂടാതെ ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുല്‍ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാന്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, ശദാബ് അഹമ്മദ് എന്നിവരാണ് ഹരജി നല്‍കിയത്.

സെപ്തംബര്‍ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും ഡല്‍ഹി പൊലീസ് ആരോപിക്കുന്ന കുറ്റം ചാര്‍ത്താനാവില്ല എന്നുമാണ് ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍, പെട്ടെന്നുണ്ടായതല്ല, മറിച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത് എന്നായിരുന്നു ഡല്‍ഹി കോടതിയുടെ കണ്ടെത്തല്‍

ഡല്‍ഹി കലാപ ഗൂഢാലോചനയുമായി പ്രതികളെ ഒരിക്കലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ്വി, കപില്‍ സിബല്‍ തുടങ്ങിയ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. വിചാരണ കൂടാതെ ദീര്‍ഘകാലം ജയിലില്‍ അടച്ചതിലെ കുഴപ്പങ്ങളും വിചാരണ ഇനിയും ആരംഭിക്കാത്തതിനെ പറ്റിയും വിശദമായ വാദം നടത്തി. യുഎപിഎ ചുമത്തിയത് എന്തിനാണെന്നും സുപ്രിംകോടതി ഒരുഘട്ടത്തില്‍ ചോദിച്ചിരുന്നു.

ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി ഉമര്‍ ഖാലിന് കത്തയച്ചത് അടക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈതോടെ ഈ വിഷയം രാഷ്ട്രീയമായി വിവാദമായി. കത്തിന് പിന്നാലെ മംദാനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി രംഗത്തുവന്നിരുന്നു. ന്യൂയോര്‍ക്ക് മേയര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഇതോടെ കേസ് രാഷ്ട്രീയമായി വിവാദമായി മാറുകയാണ് ഉണ്ടായത്.

ഒരു കുറ്റാരോപിതനെ പിന്തുണച്ച് രംഗത്തെത്തുകയോ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുകയാണെങ്കില്‍ രാജ്യം അത് സഹിക്കില്ല എന്നായിരുന്നു പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മംദാനിക്ക് അവകാശമുണ്ടോ എന്നും ചോദ്യമുണ്ട്.

'നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഈ പുറത്തുള്ളയാള്‍ ആരാണ്? അതും ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കാന്‍? ഇത് ന്യായമല്ല'ഗൗരവ് ഭാട്ടിയ പറഞ്ഞു. ഇത്തരം നടപടികള്‍ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാഷ്ട്രം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News