'പാക് ഭീകരന്‍ ഹാഫീസ് സയീദിനെ കണ്ടതിന് മന്‍മോഹന്‍ സിങ് നന്ദി പറഞ്ഞു; ജയില്‍ മോചിതനായപ്പോള്‍ വാജ്‌പേയിയുമായും കൂടിക്കാഴ്ച നടത്തി'; ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി യാസീന്‍ മാലിക്; കൂടിക്കാഴ്ച്ചകള്‍ ഇന്ത്യന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമെന്ന് മാലിക്ക്

പാക് ഭീകരന്‍ ഹാഫീസ് സയീദിനെ കണ്ടതിന് മന്‍മോഹന്‍ സിങ് നന്ദി പറഞ്ഞു

Update: 2025-09-19 07:12 GMT

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മുന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് യാസീന്‍ മാലിക്. 2006ല്‍ പാകിസ്ഥാനില്‍ വെച്ച് ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് ശേഷം മന്‍മോഹന്‍ സിങ് തന്നോട് നന്ദി പറഞ്ഞുവെന്നാണ് യാസിന്‍ മാലിക് തുറന്നു പറഞ്ഞത്. ഭീകരവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന യാസിന്‍ മാലിക് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍. എന്‍ഡി ടിവിയാണ് യാസിന്‍ മാലിക്കിന്റെ സത്യവാങ്മൂലത്തിന്റെ വിവങ്ങള്‍ വാര്‍ത്തയായി പുറത്തുവിട്ടത്.

മുന്‍ പ്രധനമന്ത്രിമാരും രാഷ്ട്രീയ നേതാക്കളെ കുറിച്ചും മാലിക് വെളിപ്പെടുത്തല്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് 2006ല്‍ പാക് ഭീകരന്‍ ഹാഫിസ് സയീദിനെ കണ്ടതെന്നും യാസിന്‍ മാലിക് പറയുന്നു. 2005ല്‍ കശ്മീരിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ വി.കെ. ജോഷി തന്നെ ഡല്‍ഹിയില്‍ വച്ച് കണ്ടിരുന്നു.

പാകിസ്ഥാന്‍ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, ഹാഫിസ് സയീദ് ഉള്‍പ്പെടെ ഭീകരവാദികളുമായും ഇടപഴകാനും മന്‍മോഹന്‍ സിങ്ങിന്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും ജോഷി അഭ്യര്‍ഥിച്ചു. ഭീകരവാദി നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ച അര്‍ഥവത്താവില്ലെന്ന് ജോഷി പറഞ്ഞവെന്നും മാലിക് പറഞ്ഞു. ഈ അഭ്യര്‍ഥന മാനിച്ച്, പാകിസ്ഥാനില്‍ നടക്കുന്ന ഒരു ചടങ്ങില്‍ വച്ച് സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിലെ മറ്റ് നേതാക്കളെയും കാണാന്‍ താന്‍ സമ്മതിച്ചതായും യാസിന്‍ മാലിക് പറഞ്ഞു.

'ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഐബിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് നേരിട്ട് വിശദീകരിക്കാന്‍ തന്നോട് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ വി.കെ. ജോഷി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിനെ തലസ്ഥാനത്തു വെച്ച് കണ്ടത് അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ സാന്നിധ്യത്തിലാണെന്നാണ് സത്യവാങ്മൂലത്തില്‍ മാലിക്ക് അവകാശപ്പെടുന്നത്.

പാക്കിസ്ഥാനിലെ ഏറ്റവും സങ്കീര്‍ണമായ ഘടകങ്ങളുമായി പോലും ചര്‍ച്ച നടത്താന്‍ കാണിച്ച പരിശ്രമത്തിനും ക്ഷമയ്ക്കും സിങ് വ്യക്തിപരമായി നന്ദി പറഞ്ഞു, കശ്മീരിലെ അഹിംസാ പ്രസ്ഥാനത്തിന്റെ പിതാവായാണ് തന്നെ കണക്കാക്കുന്നതെന്നും സിങ് പറഞ്ഞു', യാസിന്‍ മാലിക് അവകാശപ്പെട്ടു.

1994ല്‍ ജയില്‍ മോചിതനായതിന് പിന്നാലെ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കണ്ടതായും യാസിന്‍ മാലിക് അവകാശപ്പെട്ടു. 1995ല്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് അടല്‍ ബിഹാരി വാജ്‌പേയിയെ ആദ്യമായി കണ്ടത്. സോണിയ ഗാന്ധി, പി. ചിദംബരം, ഐ.കെ. ഗുജ്റാള്‍, രാജേഷ് പൈലറ്റ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

'1990ല്‍ എന്റെ അറസ്റ്റിനുശേഷം, വി.പി. സിങ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹ റാവു, എച്ച്.ഡി. ദേവഗൗഡ, ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍, അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് സര്‍ക്കാരുകളില്‍ ഞാന്‍ സജീവമായി ഇടപെട്ടു. കശ്മീരി വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് രാജ്യത്തിനകത്ത് വേദി ഒരുക്കി നല്‍കി. അധികാരത്തിലിരിക്കുന്ന ഈ സര്‍ക്കാരുകള്‍ എന്നെ വീണ്ടും വീണ്ടും സജീവമായി സ്വാധീനിക്കുകയും അന്താരാഷ്ട്ര വേദികളില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.

യാസീന്‍ മാലികിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മറുപടി നല്‍കാന്‍ മാലിക്കിന് നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, കേസ് നവംബര്‍ 10-ലേക്ക് മാറ്റിയിരിക്കുകയാണ്. മാലിക് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ജമ്മു കശ്മീരിലെ തീവ്രവാദവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ഇതിന്റെ ഭാഗമായി സമര്‍പ്പിച്ചതാണ് ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളും മറ്റും വെളിപ്പെടുത്തിയുള്ള സത്യവാങ്മൂലം. 1994-ല്‍ സായുധ പോരാട്ടം ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തെ തുടര്‍ന്ന്, തുടര്‍ന്നുവന്ന കേന്ദ്രസര്‍ക്കാരുകള്‍ താനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മാനിച്ചുവെന്ന് മാലിക് പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന 32 കേസുകളില്‍ അദ്ദേഹത്തിന് ജാമ്യവും ലഭിച്ചു.

'വെടിനിര്‍ത്തല്‍ കരാറിലെ ധാരണ പ്രകാരം, പി.വി. നരസിംഹറാവുവിന്റെ ഭരണകാലത്ത് എനിക്കെതിരായ ഈ കേസുകളൊന്നും പിന്നീട് മുന്നോട്ട് കൊണ്ടുപോയില്ല. 2019 വരെയുള്ള ആദ്യ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള , ഓരോ സര്‍ക്കാരും ആ വാക്ക് പാലിച്ചു' യാസീന്‍ മാലിക് സത്യവാങ്മൂലത്തില്‍ പറയുന്നു.

1990-ല്‍ അറസ്റ്റിലായ ശേഷം തന്നെ മെഹ്‌റൗളിയിലെ ഒരു ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നും, അവിടെ വെച്ച് അന്നത്തെ അതിര്‍ത്തിരക്ഷാ സേനാ (ബിഎസ്എഫ്) മേധാവി അശോക് പട്ടേല്‍, ഐബി സ്പെഷ്യല്‍ ഡയറക്ടര്‍, പോലീസ് മേധാവി ജെ.എന്‍. സക്‌സേന എന്നിവര്‍ തന്നെ കണ്ടുവെന്നും മാലിക് അവകാശപ്പെട്ടു. 'അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖറിനൊപ്പം അത്താഴം കഴിക്കാന്‍ അവര്‍ എന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. ഞാന്‍ ശക്തമായി വിസമ്മതിക്കുകയും ഇതേത്തുടര്‍ന്ന് എന്നെ ആഗ്രയിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു' മാലിക് പറഞ്ഞു.

ആഗ്ര ജയിലില്‍ വെച്ച് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് മെഹ്‌റൗളിയിലെ ഒരു ബംഗ്ലാവിലേക്ക് മാറ്റി. ഈ സമയം അന്നത്തെ ആഭ്യന്തരമന്ത്രി രാജേഷ് പൈലറ്റ്, രണ്ട് ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കായി അയച്ചുവെന്നും മാലിക് അവകാശപ്പെട്ടു.

'2000-2001 വര്‍ഷത്തില്‍, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി റംസാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അന്നത്തെ സ്പെഷ്യല്‍ ഐബി ഡയറക്ടര്‍ അജിത് ഡോവല്‍ എന്നെ ന്യൂഡല്‍ഹിയില്‍ വെച്ച് കാണുകയും ഐബി ഡയറക്ടര്‍ മിസ്റ്റര്‍ ശ്യാമള്‍ ദത്ത, അന്നത്തെ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിസ്റ്റര്‍ ബ്രജേഷ് മിശ്ര എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു' അദ്ദേഹം പറഞ്ഞു. ഹാഫിസ് സയീദുമായും പാകിസ്താനിലെ മറ്റ് തീവ്രവാദി നേതാക്കളുമായും ഞാന്‍ നടത്തിയ ഈ കൂടിക്കാഴ്ച, എനിക്കെതിരെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കപ്പെട്ടു' എന്നാണ് യാസീന്‍ മാലിക് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News