ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ലഹരി ഉപയോഗിക്കുമെന്ന് അറിയില്ല; ഇരുവരും ഫ്‌ലാറ്റില്‍ ലഹരി എത്തിച്ചത് അറിഞ്ഞിട്ടില്ലെന്നും സമീര്‍ താഹിര്‍; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു; ലഹരി എത്തിച്ച ആളെ കുറിച്ചും സൂചന
സമീര്‍ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ ഛായാഗ്രഹകനും സംവിധായകനും കൂടിയായ സമീര്‍ താഹിര്‍ അറസ്റ്റില്‍. നേരത്തെ സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലായത്. അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ എക്സൈസ് ഓഫീസിലെത്തിയിരുന്നത്.
മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സമീറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം സമീറിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ലഹരി ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് സമീറിന്റെ മൊഴി. ഇവര്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന ദിവസം ഉച്ചയ്ക്ക് അവിടെ എത്തിയിരുന്നു. അപ്പോള്‍ അഷ്‌റഫ് ഹംസ മാത്രമാണ് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. വൈകുന്നേരത്തോടെ താന്‍ അവിടെ നിന്നും പോയെന്നും സമീര്‍ മൊഴി നല്‍കി.
ഏഴ് വര്‍ഷം മുന്‍പ് വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റ് ആണിത്. അഷ്റഫ് ഹംസ മാത്രമായിരുന്നു ഫ്‌ലാറ്റില്‍ രാവിലെ ഏഴ് മണിയോടുകൂടി എത്തിയത്. അതിന് ശേഷമായിരുന്നു ഖാലിദ് റഹ്‌മാന്‍ എത്തുന്നത്. ഇരുവരും ഫ്‌ലാറ്റില്‍ ലഹരി എത്തിച്ചത് അറിഞ്ഞിട്ടില്ലെന്നും സമീര്‍ താഹിര്‍ മൊഴി നല്‍കി.
ഗോശ്രീ പാലത്തിനു സമീപമുള്ള സമീറിന്റെ ഫ്‌ലാറ്റില്‍ ലഹരി ഉപയോഗം പതിവായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അറസ്റ്റിലായ സംവിധായകര്‍ സമീറിന്റെ ഫ്‌ലാറ്റിലെത്താനിടയായ സാഹചര്യം, സമീറിന്റെ അറിവോടെയാണോ ഇവര്‍ എത്തിയത്, ഇവര്‍ ലഹരി ഉപയോഗിക്കുന്ന കാര്യം സമീറിന് അറിയാമായിരുന്നോ, ഇതിന് സമ്മതം നല്‍കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എക്‌സൈസ് ചോദിച്ച് അറിഞ്ഞത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്.
ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കൊച്ചി കച്ചേരിപ്പടിയിലെ എക്സൈസിന്റെ ഓഫിസിലേക്ക് സംവിധായകനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. ലഹരി ഉപയോഗിക്കാന്‍ ഇടം നല്‍കിയെന്ന പേരിലാണ് വിശദമായ അന്വേഷണം നടത്തുവാന്‍ എക്‌സൈസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യലിനായി എത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച സമീര്‍ താഹിറിനെ വിളിച്ചുവരുത്തിയത്.കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിച്ചുവരുത്താനാണ് നീക്കം.
സമീര്‍ ലഹരി ഉപയോഗിച്ചില്ല എന്നാണ് മൊഴി. ആവശ്യമെങ്കില്‍ സംവിധായകരെ ഇനിയും വിളിപ്പിക്കും. ഫ്‌ലാറ്റിലേക്ക് ലഹരി എത്തിച്ച ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചാമന്‍ കാക്കനാട് താമസിക്കുന്ന ആളാണ് ഇയാള്‍ കൊച്ചി സ്വദേശിയല്ലെന്നും എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എഫ്. സുരേഷ് പ്രതികരിച്ചു.
അതേസമയം, ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ ഫ്ലാറ്റ് ഒഴിയണമെന്ന് സമീര്‍ താഹിറിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് സമീര്‍ താഹിര്‍ താമസിക്കുന്ന ആഡംബര ഫ്ളാറ്റിന്റെ ഉടമ. ഈ ഫ്ളാറ്റ് സമീര്‍ താഹിറിന് വാടകയ്ക്ക് നല്‍കിയിരുന്നതാണ്. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങള്‍ക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും കാണിച്ചാണ് ഫ്ളാറ്റ് ഉടമയ്ക്ക് അസോസിയേഷന്‍ കത്തുനല്‍കിയത്.