കല്യാണം എന്നുപറഞ്ഞാല്‍ ഇതാണ് കല്യാണം! മകന്റെ നിക്കാഹിനൊപ്പം 25 നിര്‍ദ്ധന യുവതീ യുവാക്കളുടെ മംഗല്യസ്വപ്നം സാക്ഷാത്കരിച്ച് പ്രവാസി മലയാളി; ഓരോ ദമ്പതിമാര്‍ക്കും 10 പവന്‍ വീതം സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും സമ്മാനം; ഒരുനാടിന്റെ മുഴുവന്‍ സ്‌നേഹം ഏറ്റുവാങ്ങിയ ആഘോഷം
മകന്റെ നിക്കാഹിനൊപ്പം 25 നിര്‍ദ്ധന യുവതി യുവാക്കളുടെ മംഗല്യസ്വപ്നം സാക്ഷാത്കരിച്ച് പ്രവാസി മലയാളി
എടപ്പാള്‍: ഒരുനാടിന്റെ ആഘോഷമായി മാറിയ വിവാഹം. പതിവ് മട്ടിലൊരു കല്യാണ ചടങ്ങല്ല ചങ്ങരംകുളത്ത് നടന്നത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് 25 നിര്‍ധന യുവതി യുവാക്കളുടെ മംഗല്യസ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുകയാണ് പ്രവാസി മലയാളി. യു എ ഇയിലും നാട്ടിലും വിവിധ ബിസിനസ് സംരംഭങ്ങളുടെ ഉടമയായകോക്കൂര്‍ അറക്കല്‍ അഷറഫ് ഹാജി- മറിയക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസലിന്റെ നിക്കാഹ് വേദിയിലാണ് കേരളത്തിലും പുറത്തുമുള്ള നിര്‍ദ്ധനരായ ഇരുപത്തിയഞ്ച് യുവതികള്‍ സുമംഗലികളായത്. ഇതര മതസ്ഥരുടെ വിവാഹം വിവിധ ക്ഷേത്രങ്ങളിലാണ് നടന്നത് .
വധൂവരന്മാര്‍ക്ക് ധരിക്കാനുള്ള സ്വര്‍ണാഭരണവും വിവാഹവസ്ത്രവും നല്‍കിയതിന് പുറമേ പങ്കെടുത്ത ഇരുപതിനായിരത്തിലേറെ ബന്ധുക്കള്‍ക്ക് വിവാഹസദ്യയും ഒരുക്കി. അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഫൈസലിന്റെയും രണ്ടത്താണി പുളിശ്ശേരി അബ്ദുള്‍ ഹാരിഫിന്റെയും സൈഫുന്നീസയുടെയും മകള്‍ സാനിയയുടെയും വിവാഹപ്പന്തലാണ് നിര്‍ധനരായ 25 യുവതികളുടെയും മംഗല്യപ്പന്തലായത്.
വീടിനടുത്ത പാണംപടിയിലെ വയലില്‍ വയലില്‍ മൂന്നുകോടിയോളം രൂപ ചെലവഴിച്ച് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയില്‍ ശീതീകരിച്ച 'അറക്കല്‍ വില്ലാസി'ലായിരുന്നു വിവാഹം. ഓരോ ദമ്പതിമാര്‍ക്കും പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ഇവരുടെ കുടുംബത്തില്‍ നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുള്ള ഭക്ഷണവും ഒരുക്കിയാണ് വിവാഹം നടന്നത്. മകനും മരുമകളുമണിഞ്ഞ അതേ വസ്ത്രങ്ങളാണ് എല്ലാ വധൂവരന്മാര്‍ക്കും ഒരുക്കിയിരുന്നത്. വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചശേഷം അഷ്‌റഫും കുടുംബവും അവര്‍ക്കായി കരുതിവെച്ച ആഭരണങ്ങളുടെ പെട്ടികളും ഉപഹാരങ്ങളും കൈമാറി. എല്ലാവരെയും ഒരുമിച്ചിരുത്തി ഫോട്ടോകളും വീഡിയോകളും പകര്‍ത്തി. ഓരോ കുടുംബത്തിനെയും പ്രത്യേകമിരുത്തിയുള്ള കുടുംബചിത്രങ്ങളും പകര്‍ത്തി.
2019ല്‍ നടന്ന അഷറഫിന്റെ മകള്‍ ഫാത്തിമത്ത് സുഹറയുടെ വിവാഹത്തിലും അഷറഫ് ഇതേ പാതയാണ് പിന്തുടര്‍ന്നത്. അന്ന് വിവാഹചടങ്ങില്‍ പത്ത് യുവതീ യുവാക്കള്‍ക്ക് ഇതെ മാതൃകയില്‍ വിവാഹം ഒരുക്കിയിരുന്നു. 15000 ത്തില്‍ അധികം പേര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നു.
അബൂദാബിയില്‍ വര്‍ഷങ്ങളായി ബിസിനസ് നടത്തി വരികയാണ് അഷറഫ്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. നാല് ദമ്പതികള്‍ ഹൈന്ദവാചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തിയ ശേഷമാണ് വിവാഹ ചടങ്ങില്‍ എത്തിയത്.
വിവിധ മഹല്ല് ഖാസിമാര്‍ നിക്കാഹുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍, മന്ത്രി എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി , സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര,ഇ ടി മുഹമ്മദ് ബഷീര്‍ എം പി , പി നന്ദകുമാര്‍ എം എല്‍ എ , കെ.എം സ്വാലിഹ് മുസ്ലിയാര്‍,അശ്‌റഫ് കോക്കൂര്‍, സിദ്ദീഖ് മൗലവി അയിലക്കാട്, യഹ്യ നഈമി, പി.പി. യൂസുഫലി, വാരിയത്ത് മുഹമ്മദലി, പി പി നൗഫല്‍ സഅദി , പി വി മുഹമ്മദ് മൗലവി , പി.ടി. അജയ് മോഹന്‍ , വി ടി ബല്‍റാം തുടങ്ങി മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു