വിസ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തില്‍ കഴിയേണ്ടിവന്ന യുദ്ധ വിമാനത്തിന്റെ പൈലറ്റിന്റെയും ആദ്യമെത്തിയ സാങ്കേതിക പ്രവര്‍ത്തകരുടെയും ഭക്ഷണം ബില്‍ അടക്കം നല്‍കേണ്ടതുണ്ട്; 38 ദിവസത്തേക്ക് 9,97,918 രൂപ വാടക; ലാന്‍ഡിങ് ചാര്‍ജും ഈടാക്കാം; ഇനി അറ്റ്‌ലസ് എയര്‍ബസ് വീണ്ടും എത്തും; ആ യുദ്ധ വിമാനം തിരിച്ചു പറന്നത് ബില്‍ അടയ്ക്കാതെ!

Update: 2025-07-23 04:35 GMT

തിരുവനന്തപുരം: വിസ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തില്‍ കഴിയേണ്ടിവന്ന യുദ്ധ വിമാനത്തിന്റെ പൈലറ്റിന്റെയും ആദ്യമെത്തിയ സാങ്കേതിക പ്രവര്‍ത്തകരുടെയും ഭക്ഷണം നല്‍കിയതും വിമാനത്താവളം. എഫ്-35 ബി 22 ദിവസത്തോളം ബേയില്‍ കിടന്നതിന് ആറുലക്ഷം രൂപയാണ് വിമാനത്താവള അധികൃതര്‍ക്ക് പാര്‍ക്കിങ് ഫീസായി ലഭിക്കുന്നത്. ഇതിനൊപ്പം ഭക്ഷണത്തിന് ചെലവായ തുകയും അദാനി വിമാനത്താവളത്തിന് കിട്ടേണ്ടതുണ്ട്. എന്നാല്‍ ഇത് വാങ്ങുമോ എന്നതാണ് പ്രധാനം. ഇന്ത്യയും ബ്രിട്ടണും നല്ല നയതന്ത്ര ബന്ധത്തിലാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രതിരോധ വിമാനത്തിന് പാര്‍ക്കിംഗ് ഫീസ് ഈടാക്കരുതെന്ന ചര്‍ച്ച സജീവമാണ്. ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനം എഫ്-35 ബി 39-ാം ദിവസം ചൊവ്വാഴ്ച 10.45-ഓടെയാണ് പുറപ്പെട്ടത്.

ബ്രിട്ടന്റെ നാവികസേനാ പൈലറ്റായ ക്യാപ്റ്റന്‍ മാര്‍ക്കാണ് ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം പറത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ജീവനക്കാരെയും സാങ്കേതിക ഉപകരണങ്ങളും കൊണ്ടുപോകുന്നതിന് ബ്രിട്ടന്റെ എയര്‍ബസ് അറ്റ്ലസ് വിമാനം ഉടനെത്തും. എന്തുകൊണ്ടാണ് ഈ വിമാനം ഓസ്‌ട്രേലിയയിലേക്ക് പോയതെന്ന് വ്യക്തമല്ല. എഫ്-35 ബി 22 ദിവസത്തോളം ബേയില്‍ കിടന്നതിന് ആറുലക്ഷം രൂപയാണ് അദാനി വിമാനത്താവള അധികൃതര്‍ക്ക് പാര്‍ക്കിങ് ഫീസായി ലഭിക്കേണ്ടത്. ചാക്കയിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ അറ്റകുറ്റപ്പണിക്കായി 16 ദിവസം കിടന്നു. വാടക ഇനത്തില്‍ പ്രതിദിനം രണ്ടുലക്ഷത്തിലേറെ രൂപ ഈടാക്കാം. ഇതും എയര്‍ഇന്ത്യ വാങ്ങുമോ എന്നതും നിര്‍ണ്ണായകമാകും. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ നിലപാട് ഇക്കാര്യത്തില്‍ ഇത് നിര്‍ണ്ണായകമാകും.

അറബിക്കടലില്‍ സംയുക്ത സൈനികാഭ്യാസത്തിനെത്തിയ വിമാനവാഹിനിക്കപ്പലില്‍നിന്ന് പറന്നകന്ന എഫ്-35 യുദ്ധവിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ജൂണ്‍ 14-ന് രാത്രി 9.30-നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഇന്ധനംനിറച്ച് അടുത്തദിവസം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് മറ്റ് സാങ്കേതികത്തകരാറുകള്‍ കണ്ടെത്തിയത്. ആയിരം കോടിയിലേറെ രൂപ വിലവരുന്ന വിമാനം ദിവസങ്ങളോളം വിമാനത്താവളത്തിലെ ബേയില്‍ മഴയും വെയിലുമേറ്റുകിടന്നു. അതിന് ശേഷം അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരെത്തി. അതിന് ശേഷം പണി പൂര്‍ത്തിയാക്കി. യുദ്ധവിമാനത്തിന് സംരക്ഷണം നല്‍കിയ സിഐഎസ്എഫിനും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് യൂണിറ്റായ ബേര്‍ഡിനും തകരാര്‍ പരിഹരിക്കുന്നതിന് സൗകര്യമൊരുക്കിയ ഹാങ്ങറിലെ അധികൃതര്‍ക്കും ബ്രിട്ടന്റെ നാവികസേനയ്ക്കുവേണ്ടി ക്യാപ്റ്റന്‍ മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചു.

ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നായ എഫ് 35 ദിവസങ്ങളോളം തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ മഴയും വെയിലും കൊണ്ട് കിടന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോള്‍ ആയി മാറിയിരുന്നു. അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്നത്. അതിനാല്‍ വിമാനത്തിന്റെ പാര്‍ക്കിങ് ഫീസിനത്തിലുള്ള തുക അദാനി കമ്പനിക്കാകും ബ്രിട്ടന്‍ നല്‍കേണ്ടി വരിക എന്നാണ് വിലയിരുത്തല്‍. വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. എന്നാല്‍ കേന്ദ്രം അനുവദിച്ചാല്‍ മാത്രമേ ഈ തുക വാങ്ങൂ.

38 ദിവസത്തേക്ക് 9,97,918 രൂപയാണ് വാടക. ഇതിനൊപ്പം ലാന്‍ഡിങ് ചാര്‍ജും ബ്രിട്ടനില്‍ നിന്നും ഈടാക്കാന്‍ കഴിയും. 1-2 ലക്ഷം രൂപ വരെ ഇതിന് ചെലവ് വരും. മൊത്തത്തില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക വിമാനം വന്നിറങ്ങിയ വകയില്‍ അദാനി കമ്പനിക്ക് ലഭിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഈ തുക വാങ്ങണമോ എന്നതില്‍ അദാനിയുടെ കമ്പനി തീരുമാനം എടുക്കും. ഈ സാഹചര്യത്തിലാണ് വാടകയൊന്നും വാങ്ങാതെ വിമാനത്തെ തിരിച്ചു പറക്കാന്‍ അനുവദിച്ചത്.

Similar News