ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത, 14,000 കിലോമീറ്റര്‍ ദൂരപരിധി, 16,000 മുതല്‍ 18,500 കിലോമീറ്റര്‍ വരെ പരമാവധി വേഗത: ഇസ്രയലിനെ തകര്‍ക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് ഫത്ത മിസൈല്‍

Update: 2024-10-02 09:39 GMT

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങളും. 400ല്‍ അധികം മിസൈലുകള്‍ ഇറാന് മേലെ ഉപയോഗിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലിസ്റ്റിക് മിസൈലുകളും, ക്രൂസ് മിസൈലുകളും ഉള്‍പ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന്‍ വര്‍ഷിച്ചത്. കഴിഞ്ഞ ദിവസം 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിലേക്ക് തൊടുത്തത്. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു അത്. ഗദ്ദര്‍, ഇമാദ് എന്നീ മിസൈലുകള്‍ക്കൊപ്പം ഏറ്റവും പുതിയ ഫത്ത ഹൈപ്പര്‍ സോണിക് മിസൈലുകളും ഇറാന്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ മിസൈലുകള്‍ 90 ശതമാനവും ലക്ഷ്യം കണ്ടുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ ജൂണിലാണ് ഫത്ത-1 മിസൈല്‍ ഇറാന്‍ അവതരിപ്പിച്ചത്. അറബിയില്‍ തുറക്കുന്നത് എന്നാണ് ഫത്ത എന്ന വാക്കിന്റെ അര്‍ഥം. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമെയ്നിയാണ് മിസൈലിന് ഈ പേര് നല്‍കിയത്. ശബ്ദത്തേക്കാള്‍ വേഗതയുണ്ട് ഫത്തയ്ക്ക്. ഖര ഇന്ധനമാണ് ഫത്ത റോക്കറ്റുകള്‍ക്ക് കരുത്ത് ഏകുന്നത്. കൃത്യമായി ലക്ഷ്യം കാണുന്ന പ്രിസിഷന്‍ ഗൈഡ് മിസൈലായ ഫത്തയുടെ രണ്ട് ഘട്ടമായിയാണ് പ്രവര്‍ത്തിക്കുന്നത്. ഫത്ത് ഒന്നിന് 1400 കിലോമീറ്ററാണ് പരിധി. മീഡിയം റെയ്ഞ്ച് ബാലിസ്റ്റിക് മിസൈല്‍ കൂടിയാണ് ഫത്ത 1. 16,000 മുതല്‍ 18,500 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാന്‍ ഫത്തയ്ക്ക് കഴിയും. ശബ്ദത്തേക്കാള്‍ മൂന്നിരട്ടിയാണ് വേഗത.

ചലിക്കാന്‍ കഴിയുന്ന നോസിലുകള്‍ ഉള്ളതിനാല്‍ ഏത് ദിശയില്‍ സഞ്ചരിക്കാനും ഫത്തയ്ക്ക് കഴിയും. ഇങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കും അകത്തേക്കും പോകാന്‍ കഴിയുമെന്നതിനാല്‍ തന്നെ നിലവിലുള്ള എല്ലാ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് പറക്കാന്‍ ഫത്ത-1-ന് കഴിയും. അത്യാധുനിക റോക്കറ്റ് എഞ്ചിനുകള്‍, ഉയര്‍ന്ന താപനിലയെ പ്രതിരോധിക്കാനുള്ള ശേഷി, സങ്കീര്‍ണമായ ഗൈഡന്‍സ് സംവിധാനം എന്നിവയാണ് ഫത്തയുടെ എടുത്തുപറയേണ്ട പ്രത്യേകതകള്‍. കഴിഞ്ഞ നവംബറില്‍ ഫത്ത-1-ന്റെ പരിഷ്‌കരിച്ച പതിപ്പായ ഫത്ത-2 ഇറാന്‍ അവതരിപ്പിച്ചിരുന്നു. ഫത്ത-2-ന്റെ ആദ്യഘട്ട സംവിധാനങ്ങള്‍ ഫത്ത ഒന്നിന് സമാനമാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പോര്‍മുനയുടെ ഘടനയില്‍ ഉള്‍പ്പെടെ കാതലായ മാറ്റമുണ്ട്. ഹൈപ്പര്‍ സോണിക് ക്രൂയിസ് ഗ്ലൈഡ് വെഹിക്കിള്‍ എന്ന പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഫത്ത-2. 12 മീറ്റര്‍ നീളമുള്ള ഫത്ത-2 മിസൈലിന്റെ ഭാരം 4,100 കിലോഗ്രാമാണ്. 1400 കിലോമീറ്ററാണ് ഇതിന്റെദൂരപരിധി.

മറ്റ് രണ്ട് മിസൈലുകളാണ് ഗദ്ദറും, ഇമാദും. 2005-ലാണ് ഗദ്ദര്‍ മിസൈലുകള്‍ ഇറാന്‍ അവതരിപ്പിച്ചത്, 2003 വരെ ഇറാന്‍ ഉപയോഗിച്ചിരുന്ന ഷഹബ്-3 എന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗദ്ദര്‍. ഒന്നാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ഖര ഇന്ധനവുമാണ് ഗദ്ദറിന് കരുത്തേകുക. ഗദ്ദര്‍-എസ് (1350 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-എച്ച് (1650 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-എഫ് (1950 കിലോമീറ്റര്‍ ദൂരപരിധി) എന്നിങ്ങനെ മൂന്ന് തരം ഗദ്ദര്‍ മിസൈലുകളാണ് ഇറാന്‍ വികസിപ്പിച്ചത്. 1.25 മീറ്റര്‍ വ്യാസമുള്ള ഗദ്ദര്‍ മിസൈലുകളുടെ നീളം 15.86 മീറ്ററിനും 16.58 മീറ്ററിനും ഇടയിലാണ്.

ഗദ്ദര്‍ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇമാദ് ബാലിസ്റ്റിക് മിസൈല്‍. ഉയര്‍ന്ന കൃത്യത, മികച്ച ഗൈഡന്‍സ് സംവിധാനം എന്നിവയാണ് ഇമാദിന്റെ പ്രധാന പ്രത്യേകതകള്‍. 2015 മുതലാണ് ഇറാന്‍ ഇമാദ് മിസൈലുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇറാന്റെ ആദ്യ പ്രിസിഷന്‍ ഗൈഡഡ് മിസൈലാണ് ഇത്. ദ്രവ ഇന്ധനം കരുത്തേകുന്ന ഇമാദിന്റെ നീളം 15.5 മീറ്ററാണ്. 1750 കിലോഗ്രാം ഭാരമുള്ള ഈ മിസൈലിന് 1700 കിലോമീറ്റര്‍ വരെസഞ്ചരിക്കും.

Tags:    

Similar News