സംസ്ഥാനം ട്രഷറി നിയന്ത്രണങ്ങളുടെ ശ്വാസംമുട്ടലില്‍ അമര്‍ന്നിട്ട് നാല് മാസം; സാധാരണക്കാരന് 10 ലക്ഷം പോലും കിട്ടാക്കനി; മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം 'അടിയന്തര ഇളവ്'! പുതിയ ലക്ഷ്വറി വാഹനം വാങ്ങാന്‍ 1.10 കോടി; ഉടന്‍ കൈമാറാന്‍ ധനവകുപ്പ് ഉത്തരവിറക്കി; തുക അനുവദിച്ചത് അധികഫണ്ടായി

മുഖ്യമന്ത്രിക്ക് പുതിയ ലക്ഷ്വറി വാഹനം വാങ്ങാന്‍ 1.10 കോടി

Update: 2025-12-01 15:39 GMT

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി ട്രഷറി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കോടികള്‍ പൊടിക്കുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ (ഒരു കോടി പത്തു ലക്ഷം) അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി.

10 ലക്ഷം രൂപയിലധികം വരുന്ന ബില്ലുകള്‍ പാസാക്കാന്‍ പോലും ധനവകുപ്പിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയുള്ള ട്രഷറി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, ഈ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി അധിക ഫണ്ടായി 1.10 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

ലക്ഷ്വറി കാര്‍ണിവല്‍ പോരാ..

മുഖ്യമന്ത്രി നിലവില്‍ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായി പുതിയ വാഹനം വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് കിയ കാര്‍ണിവല്‍ എന്ന ലക്ഷ്വറി എം.പി.വിയിലാണ്.

ഇതിനുമുമ്പ് 2022-ലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുത്തന്‍ വണ്ടികളെത്തിയത്. അന്ന് 33.30 ലക്ഷം രൂപ മുടക്കി കാര്‍ണിവലിന്റെ ഉയര്‍ന്ന വകഭേദമായ 'ലിമോസിന്‍ പ്ലസ്' വാങ്ങിയിരുന്നു.




നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ 62.46 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പരിഷ്‌കരിച്ചാണ് കിയ ലിമോസിന്‍ വാങ്ങിയത്. അന്ന് തന്നെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നിരുന്നു. 33.31 ലക്ഷം രൂപയാണ് കാര്‍ണിവലിന്റെ ചെലവ്.

സംസ്ഥാനം ട്രഷറി നിയന്ത്രണങ്ങളുടെ ശ്വാസംമുട്ടലില്‍ അമര്‍ന്നിട്ട് നാല് മാസമായി. കഴിഞ്ഞ ഓഗസ്റ്റ് 19 മുതല്‍ ഏര്‍പ്പെടുത്തിയ പ്രധാന നിബന്ധന 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ഒരു ബില്‍ പാസാക്കണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു. ഈ കര്‍ശന നിയന്ത്രണം ഇന്നും തുടരുമ്പോള്‍, മുഖ്യമന്ത്രിയുടെ ആഡംബര കാറിനുവേണ്ടി മാത്രം ധനവകുപ്പ് പൂട്ട് തുറന്നു കൊടുത്തിരിക്കുകയാണ്.

അത്യാവശ്യ പദ്ധതികള്‍ക്കും പൊതുജനാരോഗ്യ ആവശ്യങ്ങള്‍ക്കും പോലും പണം ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാധാരണ സര്‍ക്കാര്‍ സംവിധാനത്തില്‍, മുഖ്യമന്ത്രിക്ക് പുതിയ വാഹനം ലഭിക്കാന്‍ ഒരു നിമിഷം പോലും വൈകരുതെന്ന നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത്. ഈ തുക അധിക ഫണ്ടായിട്ടാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കം പാലിച്ച്, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ട്രഷറി നിയന്ത്രണങ്ങള്‍ തുടരുമ്പോഴും, മുഖ്യമന്ത്രിക്കുവേണ്ടിയുള്ള 'വിഐപി ഇളവുകള്‍' ചോദ്യം ചെയ്യപ്പെടുകയാണ്.

Tags:    

Similar News