കമ്യൂണിസ്റ്റ് വിയറ്റ്നാമില്‍ നിന്ന് പതിമൂന്നാം വയസില്‍ മത്സ്യ ബോട്ടില്‍ കയറി ദിവസങ്ങള്‍ നീണ്ട യാതനക്കൊടുവില്‍ അമേരിക്കയില്‍ അഭയാര്‍ത്ഥി ആയ ആള്‍ ഇന്ന് കത്തോലിക്കാ ബിഷപ്; കുടിയേറ്റക്കാരെ പൊക്കിക്കൊണ്ട് പോകുമ്പോള്‍ കോടതിയില്‍ നേരിട്ടെത്തുന്ന സാന്‍ഡിയോഗെ ബിഷപ് മൈക്കിള്‍ ഫമിന്റെ കഥ

കമ്യൂണിസ്റ്റ് വിയറ്റ്നാമില്‍ നിന്ന് പതിമൂന്നാം വയസില്‍ മത്സ്യ ബോട്ടില്‍ കയറി ദിവസങ്ങള്‍ നീണ്ട യാതനക്കൊടുവില്‍ അമേരിക്കയില്‍ അഭയാര്‍ത്ഥി ആയ ആള്‍ ഇന്ന് കത്തോലിക്കാ ബിഷപ്

Update: 2025-12-29 05:11 GMT

ന്യൂയോര്‍ക്ക്: ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 13 വയസ്സുള്ള ഒരു കുട്ടി കമ്മ്യൂണിസ്റ്റ് വിയറ്റ്നാമില്‍ നിന്ന് നൂറിലധികം ആളുകളോടൊപ്പം ഒരു ചെറിയ മത്സ്യബന്ധന ബോട്ടില്‍ കയറി യാത്ര തിരിച്ചു. സ്വന്തം രാജ്യത്തെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷ നേടുന്നതിനായിട്ടായിരുന്നു അവന്‍ യാത്ര തിരിച്ചത്. ശക്തമായ കൊടുങ്കാറ്റുകള്‍, കൂറ്റന്‍ തിരമാലകള്‍, ഒരു കടല്‍ക്കൊള്ള കപ്പലിനെപ്പോലും മറികടന്ന് ബോട്ട് മൂന്ന് പകലും നാല് രാത്രിയും പസഫിക് സമുദ്രത്തിലൂടെ ഒഴുകിനടന്നു.

യാത്രയിലുടനീളം, കൗമാരക്കാരന് ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു മലേഷ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം പ്രാപിച്ച സംഘത്തിന് ഒടുവില്‍ അമേരിക്കയില്‍ അഭയം ലഭിച്ചു. ആ പതിമൂന്നുകാരന്‍ ഇന്ന് അമേരിക്കയില്‍ കത്തോലിക്കാ സഭയിലെ ബിഷപ്പാണ്. സാന്‍ഡിയോഗെ ബിഷപ് മൈക്കിള്‍ ഫമിന്റെ ജീവിതകഥ അമ്പരപ്പിക്കുന്നതാണ്. 58കാരനായ ബിഷപ്പ് മൈക്കല്‍ ഫാം ഇപ്പോള്‍ കത്തോലിക്കാ സഭയുടെ അമേരിക്കയിലെ 200-ല്‍ താഴെയുള്ള രൂപതാ ബിഷപ്പുമാരില്‍ ഒരാളാണ്.

ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ നിയമിച്ച ആദ്യത്തെ അമേരിക്കന്‍ ബിഷപ്പായിരുന്നു ഫാം. ഒരു അമേരിക്കന്‍് രൂപതയുടെ തലവനായ ആദ്യത്തെ വിയറ്റ്നാമീസ് അമേരിക്കക്കാരനും. തന്റെ ജീവിതത്തിലെ ഭീകരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടിയേറ്റക്കാരെ പിടികൂടി കൊണ്ട് പോകുമ്പോള്‍ അവരെ അനുഗമിച്ച് കൊണ്ട് ബിഷപ്പ് ഫംമും കോടതിയില്‍ നേരിട്ട് എത്താറുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് മൂന്ന് മാസത്തിനുള്ളില്‍ 170 പേരോളമാണ്

പിടികൂടപ്പെട്ടിരുന്നത്. ഇവര്‍ക്കെല്ലാം ആശ്വാസം പകരുന്നതിനായിട്ടാണ് അദ്ദേഹം കോടതിയില്‍ എത്തുന്നത്. കോടതിയില്‍ തങ്ങളുടെ സാന്നിധ്യം കുടിയേറ്റക്കാര്‍ക്ക് വൈകാരികവും ആത്മീയവുമായ ആശ്വാസമായി പ്രവര്‍ത്തിക്കുമെന്നാണ് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നത്.

പതിറ്റാണ്ടുകളായി ക്രിമിനല്‍ പശ്ചാത്തലമില്ലാതെ താമസിക്കുന്ന ആളുകള്‍ അമേരിക്കയില്‍ ഉണ്ടെന്നും അവരെ നാട് കടത്തുന്നത് ശരിയായ നടപടി അല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജൂണില്‍ തന്റെ ആദ്യ കോടതി സന്ദര്‍ശനത്തിനായി തയ്യാറെടുക്കുന്നതിനിടെ, ഫാമിന് സഭയിലെ ഉന്നതരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം കുടിയേറ്റക്കാരെ ഒരു കുര്‍ബാനയുടെ അവസാനം അനുഗ്രഹിക്കുകയും പിന്നീട് അവരെ യാത്രയാക്കുകയും ചെയ്യുന്നതാണ് സുരക്ഷിതമെന്നാണ്. എന്നാല്‍ ബിഷപ്പ് ഫാം അതിനോട് ശക്തമായി വിയോജിച്ചു. അദ്ദേഹം കുര്‍ബാനക്ക് ശേഷം ഒരു സംഘം ബിഷപ്പുമാരുമായി കോടതിയിലേക്ക് പോകുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം ഇതേ രീതി പിന്തുടരുകയാണ്. ഇതിനായി 17 വിശ്വാസ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഏകദേശം 500 സന്നദ്ധപ്രവര്‍ത്തകരെ ഇതിനായി പരിശീലിപ്പിക്കുകയും ചെയ്തു. ഇതൊരു പൊതുനന്മയാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കോടതിയില്‍ എത്തിക്കുന്ന വ്യക്തികള്‍ വല്ലാതെ ഭയപ്പെട്ടാണ് കാണപ്പെട്ടതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ അരികില്‍ കന്യാസ്ത്രീകളും പുരോഹിതന്മാരും നില്‍ക്കുമ്പോള്‍, നല്ല കാഴ്ചയല്ല എന്നാണ് മൈക്കിള്‍ ഫം പറയുന്നത്.

നേരത്തേ ഉദ്യോഗസ്ഥന്‍മാര്‍ കോടതിമുറികള്‍ക്ക് പുറത്തുള്ള ഇടനാഴികളില്‍ കാത്തുനില്‍ക്കുകയും, കേസുകള്‍ തള്ളിക്കളഞ്ഞാല്‍ ആളുകള്‍ പുറത്തിറങ്ങിയാലുടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. കൂടാതെ സഭയിലെ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവങ്ങള്‍ സഭ മറച്ചു വെച്ചതിന് എതിരെയും ബിഷപ്്പ ഫം രംഗത്ത് എത്തിയിരുന്നു. കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും അദ്ദേഹം മുന്‍കൈയെടുത്തിരുന്നു.

Tags:    

Similar News