ഗംഗാസിംഗിനെ മാറ്റി അമിത് മല്ലിക്കിനെ വനംമേധാവിയാക്കാനുള്ള മന്ത്രിയുടെ ശുപാര്‍ശ തള്ളിയ മുഖ്യമന്ത്രി; അതുകൊണ്ട് തന്നെ പുതിയ പരാതി മന്ത്രി നല്‍കുക ചീഫ് സെക്രട്ടറിയ്ക്ക്; കേരള ചരിത്രത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കുന്ന മന്ത്രിയാകാന്‍ എകെ ശശീന്ദ്രന്‍; വനംവകുപ്പില്‍ മന്ത്രിക്ക് ഗ്രിപ്പില്ല!

Update: 2024-12-12 02:06 GMT

കോഴിക്കോട് : വനം വകുപ്പില്‍ വനംമന്ത്രി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലേ? വനംവകുപ്പിലെ സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള ഫയലുകള്‍ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം താമസിപ്പിക്കുന്നുവെന്നാണ് മന്ത്രി എകെ ശശീന്ദ്രന്റെ പരാതി. ഇതോടെ കേരളത്തിലെ ഭരണ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വനംവകുപ്പിലെ ഫയല്‍ നീക്കം ഇഴയുന്നതിനെതിരെ ചീഫ് സെക്രട്ടറിയെ സമീപിക്കാനൊരുങ്ങുകയാണ് മന്ത്രിയുടെ ഓഫിസ് എന്നാണ് റിപ്പോര്‍ട്ട്. പ്രോട്ടോകോള്‍ പ്രകാരം ചീഫ് സെക്രട്ടറിയ്ക്ക് മുകളിലാണ് മന്ത്രി. എന്നിട്ടും ചീഫ് സെക്രട്ടറിയോട് മന്ത്രി പരാതി പറയുന്നു. ഇത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായി മാറും. സാധാരണ മന്ത്രിമാരുടെ പരാതികള്‍ മുഖ്യമന്ത്രിയെയാണ് അറിയിക്കുക. എന്നാല്‍ ഇവിടെ എകെ ശശീന്ദ്രന്‍ ചെയ്യുന്നത് ചീഫ് സെക്രട്ടറിയില്‍ അഭയം തേടലാണ്.

വനസൗഹൃദ സദസ്സില്‍ കൈക്കൊണ്ട തീരുമാനങ്ങളും വകുപ്പിലെ പ്രമോഷന്‍ സംബന്ധിച്ചുമുള്ള ഫയലുകളും അനങ്ങാതായതോടെയാണു ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കാനുള്ള മന്ത്രി ഓഫീസിലെ നടപടി. വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് അംഗീകരിച്ച ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കുന്ന ഫയലുകളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ ഇടപെടലും ഫലം കണ്ടില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നാണ് എകെ ശശീന്ദ്രന്‍ പറയുന്നത്. ചീഫ് സെക്രട്ടറിയ്ക്ക് മുകളിലാണ് വനം മന്ത്രി. അതുകൊണ്ട് തന്നെ വനംമന്ത്രിയുടെ തീരുമാനം കേള്‍ക്കാത്തവര്‍ എങ്ങനെ ചീഫ് സെക്രട്ടറിയെ അനുസരിക്കുമെന്ന ന്യായമായ സംശയം ഉണ്ട്. അതിനിടെ അഴിമതിക്ക് കൂട്ടു നില്‍കാത്ത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് നീക്കമെന്നും ആരോപണമുണ്ട്.

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പിസിസിഎഫ്) സ്ഥാനത്ത് 6 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരാള്‍ മാത്രമായതോടെയാണു നിര്‍ണായക തീരുമാനങ്ങള്‍ പലതും ഫയലില്‍ കുരുങ്ങിയത് എന്ന് മന്ത്രിയുടെ ഓഫീസ് പറയുന്നു. തീരുമാനങ്ങളിലെ അഴിമതി മണമാണ് പല ഫയലുകളും മുമ്പോട്ട് പോകാത്തതിന് കാരണമെന്ന വാദവുമുണ്ട്. പിസിസിഎഫ് സ്ഥാനത്തുള്ള വനംമേധാവി അതീവ ഗൗരവമുള്ള കാര്യങ്ങളില്‍ പോലും മെല്ലെപ്പോക്കാണെന്ന ആക്ഷേപവും വനംമന്ത്രിയുടെ ഓഫിസ് ഉന്നയിക്കുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതും ചീഫ് സെക്രട്ടറിയുടെ ചുമതലയാണ്. അതുകൊണ്ടാണേ്രത ചീഫ് സെക്രട്ടറിയെ സമീപിക്കുന്നത്. കേരളത്തില്‍ ഒരുമന്ത്രിയും ഇതുവരെ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയ ചരിത്രമില്ല.

11 ഡിഎഫ്ഒമാര്‍ക്ക് ഐഎഫ്എസ് ലഭിച്ചെങ്കിലും അവരുടെ നിയമന ഉത്തരവ് ഇറങ്ങാന്‍ 3 മാസത്തോളം വൈകിയിരുന്നു. ഈ നിയമനങ്ങളെ തുടര്‍ന്ന് റേഞ്ച് ഓഫിസര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കേണ്ടതാണ്. എന്നാല്‍ അതിനായുള്ള പ്രമോഷന്‍ കമ്മിറ്റി (ഡിപിസി) ചേരുന്നത് വനം മേധാവിയുടെ അസൗകര്യത്തെ തുടര്‍ന്നു 6 തവണ മാറ്റി വച്ചു. അടുത്ത 16ന് ഡിപിസി ചേരാനിരിക്കുകയാണെങ്കിലും അന്നും വനം മേധാവി പരിശീലനത്തിനായി കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കിലേക്കു പോകുകയാണ്. സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിക്കാന്‍ വനംവകുപ്പിന്റെ വില നിര്‍ണയാധികാരം എടുത്തു കളയുന്ന ഉത്തരവ് ഇറക്കുന്നതു സംബന്ധിച്ചാണ് വനംവകുപ്പും മന്ത്രിയുടെ ഓഫിസും തെറ്റിയത്. വകുപ്പില്‍ നിന്ന് ഉത്തരവിന്റെ കരട് അയയ്ക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഒടുവില്‍ മന്ത്രിയുടെ ഓഫിസില്‍ തന്നെ കരട് തയാറാക്കി അയയ്ക്കുകയായിരുന്നു. വലിയ അഴിമതിയിലേക്ക് എത്തിക്കുന്ന തീരുമാനം ആണിതെന്ന വാദം ശക്തമാണ്.

നേരത്തെ വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നടപടി ഫലം കണ്ടിരുന്നില്ല. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് അന്ന് ആ കത്തില്‍ പറഞ്ഞിരുന്നു. ഗംഗാസിങ്ങിന്റെ വീഴ്ചകള്‍ എണ്ണിപ്പറയുകയും ചെയ്തു. വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാന്‍ പോലും നിര്‍ദേശം നല്‍കാന്‍ വൈകുന്നു, പുതിയ പദ്ധതികള്‍ നല്‍കി കേന്ദ്ര ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫിസിലേക്ക് നല്‍കുന്നു എന്നിവയാണ് പ്രധാനമായും പറയുന്നത്. പലവട്ടം വീഴ്ചകളില്‍ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ജൂലൈ മാസത്തിലായിരുന്നു ഈ നീക്കം. ഇത് ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയെ മന്ത്രി സമീപിക്കുന്നതെന്നും സൂചനയുണ്ട്.

വകുപ്പ് മേധാവിയെ മാറ്റിയാല്‍ പകരം നിയമിക്കാന്‍ ആളില്ലാത്തതിനാല്‍ തീരുമാനമെടുക്കാവാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിന്റെ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാര്‍ശ. കാലാവധിനീട്ടി നല്‍കുന്നതിനോട് മുഖ്യമന്ത്രി താല്‍പര്യം കാണിച്ചിരുന്നില്ല.

Tags:    

Similar News