'വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, എം.എല്‍.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം; മനുഷ്യന്‍ മാത്രമാകുന്ന സുന്ദരലോകത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം'; കെ.യു. ജനീഷ്‌കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍
'വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം
കോഴിക്കോട്: ഫോറസ്റ്റ് സ്‌റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തിയ സിപിഎം എംഎല്‍എ കെ യു ജനീഷ്‌കുമാറിനെ പരിഹസിച്ച് കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനീഷ് കുമാര്‍ മുന്‍കൈ എടുത്ത് വനം വകുപ്പ് പിരിച്ചുവിടണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അസോസിയേഷന്‍ പരിഹസിച്ചു കൊണ്ട് വ്യക്തമാക്കി.
ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കണം. കടുവകളെ വെടിവെച്ച് കൊല്ലണം. പുലികള്‍ മുതല്‍ പുഴുക്കള്‍ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. എം.എല്‍.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യന്‍ മാത്രമാകുന്ന സുന്ദരലോകത്ത് എം.എല്‍.എ, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണമെന്നും എഫ്.ബി പോസ്റ്റില്‍ പരിഹസിക്കുന്നു. പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ ഫേസ്ബുക്കില്‍ നിന്ന് അസോസിയേഷന്‍ നീക്കിയിട്ടുണ്ട്.
'പ്രിയപ്പെട്ട എം.എല്‍.എ, അങ്ങ് മുന്‍കൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനം വകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കണം. കടുവകളെ മുഴുവന്‍ വെടിവെച്ച് കൊല്ലണം. പുലികള്‍ മുതല്‍ പുഴുക്കള്‍ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം.
മനുഷ്യന്‍ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം, കത്തിച്ച് കളയണം... ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞ സംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് ഏമാന് നല്ല നമസ്‌കാരം. മുഖ്യമന്ത്രി ഈ വിഷത്തില്‍ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍'
അതേസമയം, വനം വകുപ്പിന്റെ പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തി കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച സംഭവത്തില്‍ കെ.യു ജനീഷ് കുമാറിനെതിരെ കൂടല്‍ പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 132 പ്രകാരം കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, 351(2) പ്രകാരം ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനം വകുപ്പ് നടുവത്തുമൂഴി റേഞ്ച് ഓഫിസര്‍, പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍, ജീവനക്കാര്‍, എന്നിവര്‍ എം.എല്‍.എക്കെതിരെ മൊഴി നല്‍കി. ഇതിനിടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസിലും മൊഴി രേഖപ്പെടുത്തി.
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശി രാജുവിനെ എം.എല്‍.എ കഴിഞ്ഞദിവസം പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി മോചിപ്പിച്ചിരുന്നു. കോന്നി ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തറെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. അതേസമയം ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് നാട്ടിലെ സാധാരണക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചതിനെതിരെയാണ് താന്‍ ഇടപെട്ടതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
കൈതച്ചക്ക കൃഷി പാട്ടത്തിന് എടുത്തവര്‍ സോളാര്‍ വേലിയിലൂടെ വലിയ തോതില്‍ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേല്‍ക്കാന്‍ കാരണമെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. വിവരം പുറത്തറിഞ്ഞതോടെ ഡി.എഫ്.ഒ ആയുഷ് കുമാര്‍ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കുളത്തുമണ്ണിലെ വനമേഖലയോട് ചേര്‍ന്ന മണ്ണില്‍ ബൈജുവിന്റെ സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്. അന്ന് ബൈജുവിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.