അര്‍ബുദ രോഗികള്‍ക്ക് ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര; നിയമസഭയില്‍ നിര്‍ണായക പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍; യാത്രാ സൗകര്യം ഒരുക്കുക സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും; തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

അര്‍ബുദ രോഗികള്‍ക്ക് ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര

Update: 2025-10-09 05:04 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങവേ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. അര്‍ബുദ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചു. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള ബസുകളിലാണ് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്കും സൗജന്യ യാത്ര അനുവദിക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷത്തു നിന്ന് കേട്ടത് ഷെയിം വിളികളാണെന്നും പ്രതിപക്ഷ നേതാവ് ഇത് പരിശോധിക്കണമെന്നും കെ.കെ ഷൈലജ പറഞ്ഞു. സഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം നാലാം ദിനവും തുടരുകയാണ്. ഇതിനെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തിലേക്ക് എത്തിയതുമുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ മറച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധ ബാനര്‍ പിടിച്ചുവാങ്ങാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാരോട് സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള തുടര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ ദേഹനിന്ദ പരാമര്‍ശം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സഭയില്‍ ഉന്നയിച്ചു. എന്നാല്‍, മുഖ്യമന്ത്രി ആരുടെയും പേരെടുത്തുപറഞ്ഞില്ലെന്ന് പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് പ്രതിരോധിച്ചു. പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു.

Tags:    

Similar News