പ്രേംകുമാര്‍ വന്ന വഴി മറക്കരുത്, സീരിയല്‍ മേഖലയ്ക്കായി പ്രേംകുമാര്‍ എന്തു ചെയ്തു? ഉപജീവന മാര്‍ഗത്തിന് മുകളില്‍ എന്‍ഡോസള്‍ഫാന്‍ വിതറുന്നു; പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ ആത്മ; എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഗണേഷ്‌കുമാറും
പ്രേംകുമാര്‍ വന്ന വഴി മറക്കരുത്,
തിരുവനന്തപുരം: സീരിയലുകള്‍ക്കെതിരെയുള്ള എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാറും സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും. പരാമര്‍ശം പിന്‍വലിക്കണം എന്ന് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
സീരിയല്‍ മേഖലയ്ക്കായി പ്രേകുമാര്‍ എന്ത് ചെയ്തുവെന്നും കുറ്റപ്പെടുത്തി കൊണ്ടാണ് ആത്മ തുറന്ന കത്തെഴുതിയത്. 'സീരിയല്‍ രംഗത്ത് കുറവുകളുണ്ടെങ്കില്‍ അതില്‍ മാതൃകാപരമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാര്‍ ഇപ്പോള്‍ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ വെറും കയ്യടിക്ക് വേണ്ടി മാത്രം മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയര്‍ത്തിയ താങ്കളുടെ നിലപാടിനെ അപലപിക്കുന്നുവെന്ന്' ആത്മ പറഞ്ഞു.
ഒരിക്കല്‍ സീരിയലുകള്‍ പ്രേംകുമാറിന്റെ ജീവതോപാധി ആയിരുന്നുവെന്ന് ഓര്‍മ്മിച്ച് കൊണ്ടാണ് ആത്മയുടെ കത്ത്. എന്തെങ്കിലും കുറവ് സീരിയല്‍ രംഗത്ത് ഉണ്ടെങ്കില്‍ തന്നെ അതിന് മാതൃകാപരമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാര്‍ ഇരിക്കുന്നത്. ക്രിയാത്മകമായി പ്രതികരിക്കാതെ വെറും കയ്യടിയ്ക്ക് വേണ്ടി ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്ന താങ്ങളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു. തങ്ങളുടെ അന്നംമുടക്കുന്ന പ്രവണത കണ്ടാല്‍ നിശബ്ദരായി ഇരിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചിട്ടല്ല. കുടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഏറ്റവും കുറഞ്ഞ ചിലവില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു വിനോദ ഉപാധിയാണ് സീരിയല്‍. അതുപോല നിരവധി പേരുടെ ജീവനോപാധി കൂടിയാണ്. താങ്ങളുടെ പരാമര്‍ശം ഈ ഉപജീവന മാര്‍ഗത്തിന് മുകളില്‍ എന്‍ഡോസള്‍ഫാന്‍ വിതറുന്നത് ആണെന്നും ആത്മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് പ്രേകുമാര്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ അഭിപ്രായ പ്രകടനം. ഇതിനെതിരെ പല അഭിനേതാക്കളും രംഗത്തെത്തിയിരുന്നു. നടി സീമ ജി നായര്‍, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ പ്രേകുമാറിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
സിനിമയും സീരിയലും വെബ്‌സീരീസുകളുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും അത് പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവര്‍ക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍ സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍, ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല.
അതിന് ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഒരു ദിവസം ഷൂട്ട് ചെയ്യുന്നത് ആ ദിവസം തന്നെ സംപ്രേഷണം ചെയ്യുന്നുവെന്നാണ് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നതെന്നും അതിനിടെ സെന്‍സറിങ്ങിന് സമയമില്ല. കുടുംബ സദസ്സുകളിലേക്കാണ് ടെലിവിഷന്‍ സീരിയലുകള്‍ എത്തുന്നത്. ഇത് കണ്ട് വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാണ് കരുതുക. അത്തരത്തിലൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് താന്‍ പങ്കുവെക്കുന്നതെന്നും കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.