സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കാനാകില്ല; അത് സര്‍ക്കാര്‍ നയമല്ല, അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യം'; നിയമസഭയില്‍ മന്ത്രി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി

Update: 2026-02-04 10:02 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ സഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഒഴിവാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സര്‍ക്കാര്‍ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അഭിപ്രായപ്പെട്ടു.

'പ്രൈവറ്റ് ബസുകള്‍ ഓടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് ഓടാതിരിക്കുന്നത് ഒരു നയമായി പറയുന്നതുപോലെ തോന്നി. അങ്ങനെ വന്നാല്‍ അത് വലിയ പ്രയാസങ്ങളുണ്ടാക്കും. അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യമാണ്. സാധാരണഗതിയില്‍ ഇന്ന് കേരളത്തില്‍ ധാരാളം പ്രൈവറ്റ് ബസുകള്‍ ഓടുന്ന റൂട്ടിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നുണ്ട്. അവിടെനിന്നെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കുക എന്ന നയം നമ്മുടെ സര്‍ക്കാരിന് സ്വീകരിക്കാന്‍ പറ്റുന്നതല്ല. അത് ആ തരത്തിലേക്ക് പോയാല്‍ വിഷമമാകും എന്നതിനാലാണ് ഈ സമയത്ത് വ്യക്തമാക്കുന്നത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രൈവറ്റ് ബസുകളോട് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. മത്സര ഓട്ടത്തിന് ഇല്ല. സ്വകാര്യ ബസ് സര്‍വീസ് ഒരു ബിസിനസ് ആണ്. അവരെ ബുദ്ധിമുട്ടിക്കാന്‍ ഇല്ല. ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് ആ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ മാറ്റി. അത് വരുമാനം വര്‍ദ്ധിപ്പിച്ചു എന്നും മന്ത്രി പറഞ്ഞിരുന്നു. 'പ്രൈവറ്റ് ബസിന്റെ മുന്നിലോടുന്ന ഒരു സ്വഭാവമുണ്ട്. പ്രൈവറ്റ് ബസുകള്‍ മത്സരിച്ചോടും. അവരുടേത് പുതിയ വണ്ടികളായിരിക്കും. എന്നാല്‍ നമ്മുടെ ഡ്രൈവര്‍മാര്‍ ആരും മത്സരിച്ചോടാന്‍ തയ്യാറല്ല. മത്സരിച്ച് ഓടിയാല്‍ അപകടമുണ്ടാകും.

അതുകൊണ്ട് ഞാന്‍ മന്ത്രിയായി വന്നപ്പോള്‍ ഒരു തീരുമാനമെടുത്തു. പ്രൈവറ്റ് ബസുകളുടെ തലയ്ക്കല്‍ ഓടുന്നത് നിര്‍ത്താമെന്നത്. അവരുടേത് ബിസിനസ് ആണ്. അവര്‍ ടാക്സ് അടയ്ക്കുന്നവരാണ് അവരത് നടത്തട്ടെ. അനാവശ്യമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനങ്ങളാണ് കളക്ഷന്‍ വര്‍ദ്ധിക്കാന്‍ കാരണമായത്. ലോക്കല്‍ ബസുകളില്‍നിന്നു വരെ വലിയ കളക്ഷനാണ് ഉണ്ടാക്കാനായത്' എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതോടെ ബസുകള്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി നിലപാട് തിരുത്തി. കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ലെന്ന് മാത്രമാണ് നിലപാടെന്നും ഗണേഷ് കുമാര്‍ തിരുത്തല്‍ വരുത്തിക്കൊണ്ട് പറഞ്ഞു. 'പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്തെല്ലാം കെഎസ്ആര്‍ടിസി ബസ് ഓടുന്നുണ്ട്. ഞാന്‍ പറഞ്ഞത് തീരെ ബസുകളില്ലാത്ത ലോക്കല്‍ റൂട്ടുകളില്‍ ബസ് ഓടിച്ചപ്പോള്‍ കളക്ഷന്‍ കിട്ടി എന്നാണ്. പ്രൈവറ്റ് ബസുകളുമായി മത്സരത്തിനില്ല. എല്ലാ റൂട്ടുകളിലും മാറിക്കൊടുക്കും എന്നല്ല പറഞ്ഞതിന് അര്‍ത്ഥം. പ്രൈവറ്റ് ബസുകളുടെ കുത്തക തകര്‍ത്തുകൊണ്ടാണ് കെഎസ്ആര്‍ടിസ് മുന്നേറുന്നത്' എന്നായിരുന്നു ഗണേഷ് കുമാര്‍ മറുപടിയായി പറഞ്ഞത്.

Tags:    

Similar News