ജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമാണോ എന്ന് സംശയം; സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്
ബെര്‍ലിന്‍: ജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണോ എന്ന സംശയത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അധികൃതര്‍ അറിയിച്ചു. ജര്‍മനിയുടെ പടിഞ്ഞാറന്‍ നഗരമായ മാന്‍ഹെയ്മിലാണ് സംഭവം. ഈ സ്ഥലത്തെ പ്രധാന ഷോപ്പിങ് കേന്ദ്രമായ പ്ലാന്‍കെനില്‍ പാഞ്ഞുകയറുകയായിരുന്നു. കറുത്ത എസ് യുവിയാണ് കാര്‍.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്. ആളുകളോട് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ പേര്‍ ആക്രമണത്തിന്റെ ഭാഗമായിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് വ്യക്തമാക്കി. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ച് കയറ്റി അപകടം നടക്കുന്നത്.
മ്യൂണിക്കില്‍ ഫെബ്രുവരി 13നുണ്ടായ സമാന ആക്രമണത്തില്‍ 37കാരിയും രണ്ടുവയസ്സുള്ള അവരുടെ കുഞ്ഞും മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബവേറിയന്‍ സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ തൊഴിലാളികളുടെ റാലിക്കിടയിലേക്കാണ് അന്ന് കാര്‍ ഇടിച്ചുകയറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥിയെ അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷവും ജര്‍മനിയില്‍ ഇത്തരത്തിലൊരു അപകടം നടന്നിരുന്നു. കിഴക്കന്‍ ജര്‍മനിയിലെ മക്ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റി ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചിരുന്നു. 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആളുകളെ ഇടിച്ചിട്ട ശേഷവും 400 മീറ്റര്‍ ദൂരം ഇയാള്‍ വണ്ടിയോടിച്ചതായി റിപ്പോര്‍ട്ട്.
കാറോടിച്ച സൗദി അറേബ്യന്‍ സ്വദേശിയായ ഡോക്ടറെ പോലീസ് പിടികൂടിയിരുന്നു. 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ പ്രതി ബോണ്‍ബര്‍ഗില്‍ ഡോക്ടറായി ജോലി ചെയ്യ്ത് വരികയായിരുന്നു. ഈ സംഭവവും ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജര്‍മ്മനിയില്‍ സമാനമായ ആക്രമണം 2006ല്‍ നടന്നിരുന്നു. അന്ന് ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ഐഎസ് ഭീകരരാണ് കാര്‍ ഇടിച്ചുകയറ്റിയത്. 13 പേര്‍ അന്ന് ആക്രമത്തില്‍ കൊല്ലപ്പെട്ടത്.