അലര്‍ജിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയത് നടന്നുകൊണ്ട്; ഇഞ്ചക്ഷന്‍ നല്‍കിയതോടെ ശ്വാസംമുട്ടല്‍; ആശ്വാസത്തിന് മറ്റൊരു ഇഞ്ചക്ഷന്‍ കൂടി നല്‍കിയതോടെ ബോധം കെട്ടു; മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അസ്വാഭാവികത; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അസ്വാഭാവികത

Update: 2025-02-04 16:25 GMT

മലപ്പുറം: അലര്‍ജിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ നടന്നെത്തിയ റിഫ റഹ്‌മത്തിന് പെട്ടെന്ന് മരണം സംഭവിച്ചത് എങ്ങനെ? ഇഞ്ചക്ഷന്‍ നല്‍കിയതോടെയാണ് റിഫയ്ക്ക് ശ്വാസം മുട്ടല്‍ തുടങ്ങുകയും മരണം സംഭവിക്കുകയും ചെയ്തത്. സംഭവത്തില്‍ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

തുറക്കല്‍ ജുമാ മസ്ജിദ് റോഡില്‍ കോതാളത്തില്‍ മൊയ്തീന്‍-സൈനബ ദമ്പതികളുടെ മകളും യൂണിറ്റി വിമന്‍സ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ റിഫ റഹ്‌മത്ത് (20) ന്റെ അസ്വാഭാവിക മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണു കുടുംബം രംഗത്തുവന്നത്.

ഇക്കഴിഞ്ഞ 23നാണ് റിഫ റഹ്‌മത്ത് മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. അലര്‍ജിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ നടന്നെത്തിയ റിഫ റഹ്‌മത്തിന് ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മറ്റൊരു ഇഞ്ചക്ഷന്‍ കൂടി നല്‍കി. ഇതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലേക്ക് പോകുകയായിരുന്നു.

സ്ഥിതി മോശമാണെന്ന് കണ്ടതോടെ കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലിക്കാതെ മരണപ്പെടുകയുമായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കും വിധമുള്ള വസ്തു ശരീരത്തിലെത്തിയതായി മിംസ് ആശുപത്രി അധികൃതര്‍ പറയുന്നു. വീട്ടില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയിലെത്തിയ കുട്ടിക്ക് സംഭവിച്ച ദുരന്തത്തിന് കാരണം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച പിഴവാണെന്ന് കുടുംബം ആരോപിക്കുന്നു.

അതേ സമയം റിഫ റഹ്‌മത്തിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. അസുഖത്തിന് ചികിത്സ തേടിയെത്തുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്ന അറവ് ശാലയാവുകയാണ് ആശുപത്രിയെന്നും ചൊറിച്ചിലിന് ചികിത്സ തേടിയെത്തിയ റിഫക്ക് മലബാര്‍ ഹോസ്പിറ്റല്‍ നല്‍കിയ ചികിത്സ സംബന്ധിച്ച് ഇറക്കിയ കുറിപ്പ്, അത് നല്‍കിയ രീതി എന്നിവയിലും സമഗ്രാന്വേഷണം നടക്കണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡണ്ട് ലത്തീഫ് വല്ലാഞ്ചിറ പറഞ്ഞു.

യോഗ്യതയില്ലാതെ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ കുറിച്ചും ഡോക്ടര്‍മാര്‍ക്ക് നിശ്ചിത ടാര്‍ഗറ്റ് നല്‍കി രോഗികളെ മരുന്ന് കുത്തിവെച്ചും അഡ്മിറ്റ് ദിവസം വര്‍ദ്ധിപ്പിച്ചു ലാഭ കണ്ണോടെ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റിനെ കുറിച്ചും സാമഗ്രാന്വേഷണം നടത്തണം. റിഫക്ക് നല്‍കിയ ഇഞ്ചക്ഷന്‍ ടെസ്റ്റ് ടോസ് നല്‍കാതെയാണോ എന്നതും തുടര്‍ന്ന് നല്‍കിയ മരുന്നുകളും ഇഞ്ചക്ഷനുകളിലും കൃത്യമായി ഡോസ് പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷണ പരിധിയില്‍ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പ്രതിപാദിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുകക്ക് റിഫ സമരസമിതി കണ്‍വീനര്‍ പരേറ്റ സൈനുല്‍ ആബിദ് പരാതി നല്‍കി.

മണ്ഡലം സെക്രട്ടറി അസ്ലം മുള്ളമ്പാറ, ട്രഷറര്‍ ഒ കരീം, മുനിസിപ്പല്‍ പ്രസിഡണ്ട് എം പി അഷറഫ്, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് റഹ്‌മാന്‍, സെക്രട്ടറി കൊരമ്പയില്‍ മന്‍സൂര്‍, പുതുക്കൊള്ളി അലി അക്ബര്‍, എന്നിവര്‍ മര്‍ച്ചിന് നേതൃത്വം നല്‍കി. അതേ സമയം വിദ്യാര്‍ത്ഥിനിയുടെ അസ്വാഭാവിക മരണത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി ഷബീര്‍ തുറക്കലിലെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. വിഷയത്തില്‍ യുവജന കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരികയും ചികിത്സാ പിഴവ് സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും സംസ്ഥാന യുവജന കമ്മീഷന്‍ മുന്‍കൈയെടുക്കുമെന്നും അംഗം അറിയിച്ചു. രതീഷ് കീഴാറ്റൂര്‍, ജസീര്‍ കുരിക്കള്‍, ബാലകൃഷ്ണന്‍ പുത്തില്ലന്‍, മുഹമ്മദലി ശിഹാബ്, രോഷിത് കുന്നത്ത്, പി കെ സുജിഷ, സല്‍മാന്‍, ഡോ. നൗഷാദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Tags:    

Similar News