'എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ'; പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവി

മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍

Update: 2025-04-22 15:23 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കര്‍ണാടക സ്വദേശിയും. ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവു ആണ് മരിച്ചത്. പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മഞ്ജുനാഥ് കൊല്ലപ്പെട്ടത്. അവധിക്കാലം ആഘോഷിക്കുന്നതിനായാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. ആക്രമണത്തിന്റെ ഭീകര നിമിഷങ്ങളില്‍ നിന്നും മുക്തയായിട്ടില്ല മഞ്ജുനാഥിന്റെ ഭാര്യ പല്ലവി. മകന്റെയും തന്റെയും കണ്‍മുന്നില്‍വച്ചാണ് മഞ്ജുനാഥിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പല്ലവിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നേരിട്ട നിമിഷങ്ങള്‍ ഭാര്യ പല്ലവി പറയുന്നത് ഇങ്ങനെ; 'ഞങ്ങള്‍ മൂന്ന് പേര്‍ - ഞാനും എന്റെ ഭര്‍ത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് ആക്രമം ഉണ്ടായത്. ആ സമയത്ത് ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. എന്റെ കണ്‍മുന്നില്‍ വെച്ച് അദ്ദേഹത്തിന് വെടിയേറ്റു. സംഭവസ്ഥലത്ത് തന്നെ മരിച്ചു,' പല്ലവി പറഞ്ഞു.

നാട്ടുകാരാണ് തങ്ങളെ സഹായിച്ചതെന്നും പല്ലവി പറയുന്നു. അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'മൂന്നോ നാലോ പേര്‍ ഞങ്ങളെ ആക്രമിച്ചു. ഞാന്‍ അവരോട് പറഞ്ഞു; എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നു. നിങ്ങള്‍ എന്നെയും കൊല്ലൂ, അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു, 'ഞാന്‍ നിങ്ങളെ കൊല്ലില്ല. പോയി മോദിയോട് ഇത് പറയൂ'. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്.' പല്ലവി പറഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം എത്രയും വേഗം ശിവമോഗയിലേക്ക് കൊണ്ടുവരണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിന്ന് ഉടന്‍ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. ഭീകരാക്രമണത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

കര്‍ണാടകയില്‍ നിന്നുള്ള അഭിജാവന്‍ റാവു എന്നയാള്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയില്‍ നിന്നുള്ള മൂന്ന് ജഡ്ജിമാര്‍ സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരില്‍ ഉള്ളത്. ടൂറിസ്റ്റുകള്‍ ആയി കര്‍ണാടകയില്‍ നിന്ന് 12 പേര്‍ ഉണ്ടായിരുന്നു. ഒരേ സംഘത്തില്‍ ഉള്ളവര്‍ അല്ല ഇവരെന്നാണ് റിപ്പോര്‍ട്ട്. കുടുംബമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹല്‍ഗാമില്‍ എത്തിയത്. നാല് ദിവസം മുന്‍പാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആണ് മഞ്ജുനാഥ റാവു.

മഞ്ജുനാഥ്, ഭാര്യപല്ലവി, മകന്‍ എന്നിവര്‍ നാലുദിവസം മുന്‍പാണ് കശ്മിരിലേക്ക് യാത്ര പോയത്. ഇന്ന് രാവിലെ പഹല്‍ഗാമിലെത്തിയ വിവരം ബന്ധുക്കുളെയും സുഹൃത്തുക്കളെയും വിളിച്ച് അറിയിച്ചിരുന്നു. ജമ്മുവിലുള്ള ഇയാളുടെ കുടുംബം സുരക്ഷിതരാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഉച്ചയോടെ കുടുംബം ട്രക്കിങ് നടത്തി താഴ് വരയില്‍ ഇരിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. മഞ്ജുനാഥിന്റെ തലയിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. തല്‍ക്ഷണം തന്നെ മഞ്ജുനാഥ് മരിച്ചു. പഹല്‍ഗാമില്‍ കര്‍ണാടകയില്‍ നിന്നുള്ള പന്ത്രണ്ട് പേരുള്ളതായാണ് സര്‍ക്കാരിന് വിവരം ലഭിച്ചത്. റിയല്‍ എസ്റ്റേറ്റ് വ്യവസായി ആണ് മരിച്ചത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ 20 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം നടത്തും.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഭീകരാക്രമണത്തെ അപലപിച്ചു, 'ഈ ഞെട്ടിക്കുന്ന സംഭവത്തില്‍ ഇരയായവരില്‍ കര്‍ണാടക സ്വദേശികളും ഉള്‍പ്പെടുന്നു. വിവരം അറിഞ്ഞ ഉടനെ, അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുമായും സംസാരിച്ചതായും'- സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.' അമിത് ഷാ അറിയിച്ചു.അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്.

Tags:    

Similar News