ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണ്; അതില്‍ 49 പവനാണ് നിലവിലുള്ളത്; നാല് കിലോ സ്വര്‍ണം പോയെന്ന് പറയുന്നത് വങ്കത്തരം; വ്യാജ ആരോപണമുന്നയിച്ച് രംഗത്തുവന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്നെ കുടുങ്ങുകയാണ് ഇപ്പോളെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണ്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണെന്നും അതില്‍ അര കിലോഗ്രാമില്‍ താഴെ മാത്രമാണ് സ്വര്‍ണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഒരു പവനെന്ന് പറയുന്നത് എട്ട് ഗ്രാമാണ്. ഒരു കിലോ എന്ന് പറയുന്നത് 125 പവനും. നിലവില്‍ 38 കിലോയുള്ള പാളിയില്‍ 397 ഗ്രാമാണ് സ്വര്‍ണമുള്ളത്. ഏതാണ്ട് 49 പവനാണ് നിലവിലുള്ളത്. ഇതിനൊപ്പം ആനുപാതികമായി അഞ്ച് പവന്‍ കൂടി കൂട്ടിയാലും 55 പവന് മുകളില്‍ വരില്ലെന്നും നാല് കിലോ സ്വര്‍ണം അടിച്ചുകൊണ്ട് പോയെന്ന് പറയുന്നത് വങ്കത്തരമാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
''വ്യാജ ആരോപണമുന്നയിച്ച് രംഗത്തുവന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്നെ കുടുങ്ങുകയാണിപ്പോള്‍. മാധ്യമ വാര്‍ത്തകളില്‍നിന്ന് ഒട്ടേറെ തട്ടിപ്പുകളുടെ ഭാഗമായിരുന്നു ഇയാളെന്നാണ് മനസിലാക്കുന്നത്. എല്ലാം അന്വേഷിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. ബോര്‍ഡിന് അതില്‍ ഒരു പങ്കുമില്ല. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അവരെയും സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. നാലുകിലോ സ്വര്‍ണം കാണാനില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. കോടതി പറഞ്ഞത് ചെമ്പുള്‍പ്പെടെ നാലുകിലോ കുറവുണ്ടെന്നാണ്.
അതേസമയം വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ വീഴ്ച പി.എസ്. പ്രശാന്ത് ശരിവെച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളി കൊടുത്തുവിടരുതായിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു. അയ്യപ്പ സംഗമത്തെ എതിര്‍ത്തവരാണ് വിവാദത്തിന് പിന്നില്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
എന്നാല്‍, ആരോപിച്ചയാള്‍തന്നെ പ്രതിയാകുന്ന സ്ഥിതിയാണ്. ശബരിമല എന്ന പവിത്രമായ ആരാധനാലയത്തെ സംശയനിഴലില്‍ നിര്‍ത്തി മുന്നോട്ടുപോകാന്‍ ആര്‍ക്കും സാധിക്കില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട, 1999 മുതല്‍ 2025 വരെയുള്ള എല്ലാ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെടും.
അതുതന്നെയാണ് ദേവസ്വം മന്ത്രിയുടെയും നിലപാട്. തങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല. ശബരിമലയിലെ സ്വര്‍ണം ഇടപാടുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ കൃത്യമാണ്. ക്ഷേത്രമുതല്‍ അറ്റകുറ്റപ്പണിക്ക് പുറത്ത് കൊണ്ടുപോകുന്നതില്‍ തെറ്റില്ല. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയുടേതാണ്. മാന്വല്‍ പ്രകാരം സ്വര്‍ണം അറ്റകുറ്റപ്പണിക്ക് സന്നിധാനത്തിന് പുറത്ത് കൊണ്ടുപോകാനാകില്ലെന്ന വാദം ശരിയല്ല. താന്‍ പ്രസിഡന്റായ ശേഷം അഞ്ച് തവണ കൊടിമരം പ്ലേറ്റിങ്ങിന് ചെന്നൈയില്‍ കൊണ്ടുപോയിട്ടുണ്ടെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി.