എന്റെ പൊന്നേ.....; ഈ പൊന്നിന്റെ വില ഇത് എങ്ങോട്ടാ? ഇന്ന് ഒറ്റയടിക്ക് കൂടിയത് 1000 രൂപ; ഇതോടെ ഒരു പവന് നല്‍കേണ്ടത് 88,560 രൂപ; പവന് ഒരു ലക്ഷം നല്‍കേണ്ടി വരുമോ? വില ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്; വെള്ളിയിലും വില വര്‍ദ്ധന

Update: 2025-10-06 06:40 GMT

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണത്തിന്റെ വില വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. ആഭരണ വിപണിയില്‍ റെക്കോര്‍ഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം ഒറ്റയടിക്ക് കൂടിയിരിക്കുന്നത് 1000 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 88,560 രൂപയാണ് ആയിരിക്കുന്നത്. മലയാളികള്‍ക്ക് ഇനി സ്വര്‍ണം വാങ്ങണം എങ്കില്‍ ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും അടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ സ്വര്‍ണം എടുക്കണം എങ്കില്‍ 95,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 11,070 രൂപയായി വിലയായി. എക്കാലത്തെയും റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കാണ് ഈ മാസം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്. കഴിഞ്ഞ ചില ആഴ്ചകളായി സ്വര്‍ണവിലയില്‍ സ്ഥിരമായ വര്‍ദ്ധനവ് തുടരുകയാണ്. സ്വര്‍ണം മാത്രമല്ല വെള്ളിയുടെ വിലയും ഉയര്‍ന്ന നിലയിലാണ.് ഗ്രാമിന് 166 രൂപയും കിലോഗ്രാമിന് ഏകദേശം 1,66,000 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളാണ് ഈ വര്‍ദ്ധനവിന് പ്രധാന കാരണം. അമേരിക്കന്‍ സര്‍ക്കാരിന്റെ അടച്ചുപൂട്ടല്‍ ഭീഷണി ദൈര്‍ഘ്യമാകുകയും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള നിക്ഷേപം ആളുകള്‍ പിന്‍വലിക്കലും ഡോളറിന്റെ ശക്തി കുറയുകയും ചെയ്യതതോടെയാണ് സ്വര്‍ണത്തിന് വില വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഇന്ത്യ പ്രധാനമാണ്. അതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യന്‍ വിപണിയില്‍ വന്‍ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറിച്ചിലുകള്‍ എന്നിവയാണ് സ്വര്‍ണത്തിന്റെ വില ഇന്ത്യയില്‍ സ്വാധീനിക്കുന്നത്. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇനിയും വില ഉയരാം എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

യുഎസിലെ പണപ്പെരുപ്പ നിരക്ക്, പലിശ നയം, രാജ്യാന്തര സംഘര്‍ഷങ്ങള്‍, ക്രൂഡ് ഓയില്‍ വിലയിലുള്ള മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, വിവാഹകാലം, ഉത്സവസീസണ്‍ തുടങ്ങിയ ആഭ്യന്തര ആവശ്യങ്ങള്‍, വിലയിലുണ്ടാകുന്ന ഏത് മാറ്റത്തിനിടയിലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ കാണുന്നത് ഇതെല്ലാം സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമാണ്. വിലകൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് എന്നും കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നു.

Tags:    

Similar News