ഈ ചുള്ളന്‍ ആളൊരു കള്ളനാ..! രണ്ട് കോടിയുടെ സ്വര്‍ണം മോഷ്ടിച്ച റോഷന്‍ ഇന്‍സ്റ്റാഗ്രാമിലെ മിന്നും താരം! ഫോളോ ചെയ്യുന്നത് അരലക്ഷത്തോളം പേര്‍; കിടു റീല്‍സുകളിലൂടെ യുവതികളുടെ മനം കവര്‍ന്നവന്‍

ഈ ചൂള്ളന്‍ ആളൊരു കള്ളനാ..!

Update: 2024-09-30 05:11 GMT

തൃശൂര്‍: തൃശൂരില്‍ രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് റോഷന്‍ വര്‍ഗീസ് ഇന്‍സ്റ്റാഗ്രാം താരം. ഇയാള്‍ ഇന്‍സ്റ്റാ റീലുകള്‍ ചെയ്ത് സ്വന്തമാക്കിയത് അരലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ്. ഇയാള്‍ മോഷ്ടാവാണെന്ന് ഇയാളെ ഇന്‍സ്റ്റായില്‍ ഫോളോ ചെയ്യുന്ന ആര്‍ക്കും അറിയില്ല. സ്ഥിരമായി റീലുകള്‍ ചെയ്ത് ഒട്ടേറെ ആരാധകരെയാണ് റോഷന്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 22 കേസുകളില്‍ പ്രതിയാണ് റോഷന്‍. പ്ലസ്ടു വരെയാണ് റോഷന്റെ വിദ്യാഭ്യാസം. പ്രധാന പണി സ്വര്‍ണ തട്ടിയെടുക്കലും. വിവിധ ദേശീയപാതകളില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കും. പിടിയിലായി റിമാന്‍ഡിലാകും. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും സ്വര്‍ണം തട്ടും. ദേശീയപാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് റോഷന്‍. പ്രതി റോഷന്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും സമാനരീതിയിലുള്ള കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേര്‍ത്തല സ്റ്റേഷനുകളില്‍ 22 കേസുകള്‍ നിലവിലുണ്ട്.

കവര്‍ച്ച നടന്ന സമയത്ത് അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് നിര്‍ണായകമായത്. റോഷന്റെ സംഘത്തില്‍പ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ ഷിജോ വര്‍ഗീസ് (23), തൃശൂര്‍ എസ്എന്‍ പുരം പള്ളിനട ഊളക്കല്‍ സിദ്ദീഖ് (26), നെല്ലായി കൊളത്തൂര്‍ തൈവളപ്പില്‍ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പില്‍ നിഖില്‍ നാഥ് (36) എന്നിവരെയും സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാന്‍ഡ് ചെയ്തു. ഇനി നാലുപേര്‍ പിടിയിലാകാനുണ്ട്. കോയമ്പത്തൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വര്‍ണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കില്‍ വച്ചാണു ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഏറെ ദൂരം യുവാക്കളുടെ കാറിനെ 3 കാറുകളില്‍ പിന്തുടര്‍ന്ന ഇവര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ലു തകര്‍ത്തു ഡോര്‍ തുറന്നു. കത്തി കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവര്‍ കൈവശപ്പെടുത്തി. പ്രതികളില്‍ സിദ്ദീഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കു കുതിരാനില്‍ നിന്നു പോലീസ് പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു സംഘത്തലവന്‍ റോഷനെക്കുറിച്ചു വിവരം ലഭിക്കുന്നത്. പ്രതികള്‍ വാഹനത്തില്‍ ഉപയോഗിച്ചിരുന്നതു വ്യാജ നമ്പര്‍പ്ലേറ്റ് ആയതിനാല്‍ അന്വേഷണം ദുഷ്‌കരമായി. രണ്ടുകാറുകള്‍ പൊലീസ് കണ്ടെടുത്തു. ഷിജോയ്‌ക്കെതിരെ 9 കേസുകളും സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്. പ്രതികള്‍ യുവാക്കളില്‍ നിന്നു തട്ടിയെടുത്ത കാര്‍ നടത്തറയില്‍ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു. കോയമ്പത്തൂരില്‍നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് സംഘത്തെ അറിയിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Tags:    

Similar News