സ്വര്‍ഗ്ഗ വാതില്‍ തുറക്കുന്ന വൈകുണ്ഠ ഏകാദശി; ആ വാതില്‍ തുറക്കും മുമ്പ് എത്തിയാല്‍ പുണ്യ ലോകത്ത് എത്തുമെന്ന് വിശ്വസിച്ച ഗോപന്‍ സ്വാമി! വെള്ളിയാഴ്ച സമാധിക്ക് പിന്നില്‍ ഈ പ്രതീക്ഷ; അച്ചനെ മക്കള്‍ സമാധി ഇരുത്തിയ ആ കോണ്‍ക്രീറ്റ് അറ പൊളിക്കും; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കാരണം തെളിയും; ഭാര്യയും മക്കളും അഴിക്കുള്ളിലാകുമോ?

Update: 2025-01-13 03:39 GMT

നെയ്യാറ്റിന്‍കര: ഗോപന്‍ സ്വാമിയുടെ സമാധിയിരുത്തിയ സംഭവത്തില്‍ ദുരൂഹത മാറ്റാന്‍ സമാധിയിടം പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഗോപന്‍സ്വാമിയുടെ മരണത്തെത്തുടര്‍ന്ന് സിദ്ധന്‍ ഭവന്‍ പോലീസ് നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച വൈകുണ്ഠ ഏകാദശിയായിരുന്നു. അതിനു മുന്‍പ് സമാധിയിരുത്തിയാല്‍ പുണ്യം ലഭിക്കുമെന്ന വിശ്വാസം കൊണ്ടാകാം ഇത്തരത്തില്‍ സമാധിയിരുത്തിയതെന്നാണ് വിലയിരുത്തല്‍. വൈകുണ്ഠ ഏകാദശി ദിവസം സ്വര്‍ഗ്ഗ വാതില്‍ തുറക്കുമെന്നാണ് വിശ്വാസം.

ഗോപന്‍സ്വാമിയെ മക്കള്‍ സമാധിയിരുത്തി അടക്കിയ കോണ്‍ക്രീറ്റ് അറയാണ് പോലീസ് പൊളിക്കുന്നത്. ഇതു പൊളിക്കാനായി നേരത്തെ പോലീസ് കളക്ടറുടെ അനുമതി തേടിയിരുന്നു. തുടര്‍ന്ന് ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ സമാധി പൊളിക്കാന്‍ പോലീസിന് കളക്ടര്‍ നിര്‍ദേശം നല്‍കി. സമാധി പൊളിച്ച് അവിടെ ഗോപന്‍സ്വാമിയുടെ മൃതദേഹമുണ്ടോയെന്നു പരിശോധിക്കും. തുടര്‍ന്ന് മൃതദേഹം ഉണ്ടെങ്കില് പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും. മൃതദേഹം ഇല്ലെങ്കില്‍ അതു മറ്റൊരു ദുരൂഹതയാകും.

ഗോപന്‍സ്വാമിയെ ജീവനോടെയാണോ സമാധിയിരുത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. അത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞാല്‍ ഗോപന്‍സ്വാമിയുടെ ഭാര്യ സുലോചന, മക്കളായ സനന്ദന്‍, രാജസേനന്‍ എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടിവരും. മണിയന്‍ എന്ന ഗോപന്‍സ്വാമി(69) സമാധിയായതിനെത്തുടര്‍ന്ന് പദ്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി. മരണവിവരം അയല്‍വാസികളെപ്പോലും അറിയിക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്.

നാട്ടുകാരായ രണ്ടുപേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോപന്‍സ്വാമിയെ കാണാനില്ലെന്നു പറഞ്ഞാണ് ഇപ്പോള്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച സമാധി തുറന്ന് മൃതദേഹം പുറത്തെടുക്കുമ്പോള്‍ കൂടുതല്‍ ജീര്‍ണിച്ചില്ലെങ്കിലേ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്തൂ. അല്ലെങ്കില്‍ ഇതിനു സമീപത്തുവെച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തും.

ഗോപന്‍സ്വാമി വീടിനോടുചേര്‍ന്ന് കൈലാസനാഥ മഹാദേവക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്. ഇവിടത്തെ പൂജ ഗോപന്‍സ്വാമിയാണ് ചെയ്തിരുന്നത്. കുറച്ചു മാസങ്ങളായി ഗോപന്‍സ്വാമി ചികിത്സയെത്തുടര്‍ന്ന് കിടപ്പിലാണ്. ഗോപന്‍സ്വാമി വര്‍ഷങ്ങള്‍ക്കു മുന്‍പേ വീട്ടുവളപ്പില്‍ സമാധിയിടം നിര്‍മിച്ചിരുന്നു. ഇതിനകത്ത് പദ്മപീഠവും നിര്‍മിച്ചു. മരിച്ചാല്‍ തന്നെ പദ്മപീഠത്തിലിരുത്തി സമാധിയിരുത്തണമെന്ന് മക്കളോടു നേരത്തേ വ്യക്തമാക്കിയിരുന്നതായാണ് അവര്‍ പോലീസിനോടു മൊഴിനല്‍കിയത്. ഇതെല്ലാം ചില നാട്ടുകാരും സമ്മതിക്കുന്നു. എന്നാല്‍ മരിക്കും മുമ്പ് തന്നെ സമാധി ഇരുത്തിയെന്നാണ് നാട്ടുകാരുടെ സംശയം.

ഇന്ന് സ്ലാബ് മാറ്റി പരിശോധന നടത്താന്‍ കളക്ടര്‍ ഉത്തരവിട്ടാല്‍ നാളെ ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗോപന്‍ സ്വാമി മരിച്ച ശേഷം സമാധി സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചിട്ടതാണോ അതോ മരിക്കുന്നതിന് മുമ്പ് സ്ലാബിട്ട് മൂടിയതാണോയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തിരിച്ചറിഞ്ഞ ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടി. അതേസമയം ശവകുടീരം തുറക്കുന്നതിനെ എതിര്‍ത്ത് ചില ഹൈന്ദവ സംഘടനകളുടെ പ്രാദേശിക നേതൃത്വം രംഗത്തു വന്നിട്ടുണ്ട്.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

Tags:    

Similar News