ഭരണഘടനയുടെ 167-ാം അനുച്ഛേദമനുസരിച്ചും സംസ്ഥാന സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടം 166 (3) അനുസരിച്ചും വിവരം ചോദിച്ചിട്ടും തന്നില്ല; മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍; പിണറായി-ആരിഫ് മുഹമ്മദ് ഖാന് പോര് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയത് പുതിയ സാങ്കേതിക പ്രശ്നമായി മാറിയിരുന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവ്യവസ്ഥയ്ക്കും ധാര്‍മികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവര്‍ണര്‍ നല്കിയ മറുപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാതിരുന്നത്. ഈ സാഹചര്യത്തിലാണ് ഗവര്‍ണ്ണറുടെ പുതിയ നീക്കം.
'ഭരണഘടനയുടെ 167-ാം അനുച്ഛേദമനുസരിച്ചും സംസ്ഥാന സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടം 166 (3) അനുസരിച്ചുമാണ് താന്‍ വിവരങ്ങള്‍ ആരാഞ്ഞത്. ഹവാല പണമിടപാടും സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നത് വെറും ഭരണപരമായ കാര്യമായി ഒതുക്കാനാവില്ല. രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ട ഭരണഘടനാപരമായ ബാധ്യത തനിക്കുണ്ട്. ചീഫ് സെക്രട്ടറിയോട് ഇത്തരം വിവരം തേടുന്നത് ഭരണഘടനാ വിരുദ്ധമോ ഭരണഘടനയുടെ ധാര്‍മികതയ്ക്ക് നിരക്കാത്തതോ അല്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരായ സമീപനവുമല്ല.-ഇതാണ് ഗവര്‍ണ്ണറുടെ നിലപാട്. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്.
ചട്ടപ്രകാരം ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ പോകേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍, മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്ന് കത്തില്‍ പറഞ്ഞിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചുവയ്ക്കാന്‍ ആകില്ലെന്നും രാഷ്ട്രപതിയെ അറിയിക്കാന്‍ വേണ്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു.
ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി 'ദി ഹിന്ദു' ദിനപത്രത്തിന് നല്കിയ അഭിമുഖത്തിന് പിന്നാലെയാണ് വിവാദങ്ങളുണ്ടായത്.
മലപ്പുറം പരാമര്‍ശത്തില്‍ ഈമാസം മൂന്നിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിലും വിശദാംശം തേടി മൂന്നാഴ്ചമുമ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രണ്ടിലും സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ വൈകാതെ മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. മലപ്പുറം വിഷയത്തില്‍ മറുപടി നല്‍കാത്തതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.