കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജം; പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റിന് കടലാസിന്റെ മൂല്യവുമില്ല; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ യൂണിവേഴ്‌സിറ്റി പട്ടികയില്‍ ഇടംപിടിച്ചത് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനവും; മറ്റൊന്ന് 'കിഷനാട്ടം' ജില്ലയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും!
കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജം
ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ യൂണിവേഴ്‌സിറ്റികളെ കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പട്ടികയില്‍ ഇടംപിടിച്ചവയില്‍ കേരളത്തില്‍ നിന്നും രണ്ടെണ്ണവും. കേ്ര്രന്ദ പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിന്‍ ആണ് ഇപ്പോള്‍ വ്യാജ സര്‍വകലാശാലയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ കേരളത്തില്‍ നിന്ന് ഒരു സര്‍വകലാശാല മാത്രമാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത് (St John's University, Kishanattam).
രാജ്യത്ത് ആകെ 21 വ്യാജ സര്‍വകലാശാലകളാണുള്ളത്. ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകള്‍ ഡല്‍ഹിയിലാണ്. രാജ്യ തലസ്ഥാനത്തെ എട്ട് വ്യാജ സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാനുള്ള നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാര്‍ത്ഥികളെ രക്ഷിക്കാനും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ ഇന്നലെ ലോക്സഭയില്‍ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. 2014നും 2024നും ഇടയില്‍ 12 വ്യാജ സര്‍വകലാശാലകള്‍ പൂട്ടിയതായും മന്ത്രി പറഞ്ഞു.
ഇത്തരം സര്‍വകലാശാലകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വ്യാജ സര്‍വകലാശാലകള്‍ നല്‍കിയ ബിരുദത്തിനും അംഗീകാരമില്ല. ഏതൊക്കെ സര്‍വകലാശാലകളാണ് ഇത്തരത്തില്‍ വ്യാജമെന്ന് യുജിസി ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ സൈറ്റില്‍ ലഭ്യമാകും. ഈ സര്‍വകലാശാലകളില്‍ നിന്ന് പാസായവരുടെ ബിരുദം ഇനി അംഗീകരിക്കുന്നതല്ല.
പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികള്‍ തട്ടിയ യൂണിവേഴ്‌സിറ്റി
കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സര്‍വകലാശാലകളുടെ പട്ടികയില്‍ ഒന്ന് കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനമാണ്. ഇന്റര്‍ നാഷ്ണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പു നടത്തിയത്. ഈ സ്ഥാപനത്തിനെതിരെ നേരത്തെ കുന്നമംഗലം പോലീസ് കേസ് എടുത്തിരുന്നു.
പ്രവാചക വൈദ്യ കോഴ്സിന്റെ പേരിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇന്റര്‍ നാഷ്ണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോപ്പത്തിക്ക് മെഡിസിന്‍ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സുപ്രിം കോടതിയുടെ വ്യാജ രേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഈ കോഴ്സില്‍ സര്‍വകലാശാല ആരംഭിക്കുമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
നേരത്തെ കോളജില്‍ പൊലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. സ്ഥാപന ഉടമ ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കിഷനാട്ടം' ജില്ലയിലെ സെയ്ന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി!
അതേസമയം മറ്റൊരു വ്യാജ സര്‍വകലാശാല കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കിഷനാട്ടം എന്ന സ്ഥലത്ത് ഒരു വ്യാജ സര്‍വ്വകലാശാലയാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് വ്യാജമായി പ്രവര്‍ത്തിക്കാനായി ഒരു കടലാസു സര്‍വ്വകലാശാല കണ്ടുപിടിച്ച വഴികളിലൊന്ന് വ്യാജമായി ഒരു സ്ഥലപ്പേര് സൃഷ്ടിക്കുക എന്നതാണ്. കേരളത്തില്‍ കിഷനാട്ടം എന്നൊരു ജില്ലയുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും, കേരളത്തില്‍ അങ്ങനെയൊരു ജില്ല സൃഷ്ടിച്ച് ചിലര്‍ അവിടെയൊരു വ്യാജ സര്‍വ്വകലാശാല പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. യുജിസിയുടെ വ്യാജന്മാരുടെ പട്ടികയില്‍ കാണുന്ന മിക്ക സര്‍വ്വകലാശാലകളുടെയും ആസ്ഥാനമായി അതത് ജില്ലയുടെ പേരോ ജില്ലാ ആസ്ഥാനം നില്‍ക്കുന്ന സ്ഥലത്തിന്റെ പേരോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുജിസി വര്‍ഷാവര്‍ഷം വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പ്രസിദ്ധപ്പെടുത്താറുണ്ട്. അതില്‍ 1994 മുതല്‍ ഇന്നുവരെ ഒരേയൊരു സ്ഥാപനത്തിന്റെ പേര് മാത്രമേ വന്നിട്ടുള്ളൂ. അതാണ് കിഷനാട്ടം സെയ്ന്റ് ജോണ്‍സ് സര്‍വ്വകലാശാല. 2001 മുതല്‍ ഈ സര്‍വ്വകലാശാലയുടെ പേര് യുജിസിയുടെ മുന്നറിയിപ്പുകളില്‍ വന്നിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ആര്‍ക്കും ഈ സര്‍വ്വകലാശാല എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരമില്ല. ഇക്കാര്യത്തില്‍ യുജിസിക്കും വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനും ഈ വ്യാജ സര്‍വ്വകലാശാലയെപ്പറ്റി വിവരമില്ല. ഇതുവരെയും ഈ വ്യാജനെ കണ്ടുപിടിക്കാന്‍ ഡിപ്പാര്‍ട്ടുമെന്റ് ശ്രമിച്ചിട്ടുമില്ല. ഇത്തരം കടലാസു സര്‍വ്വകലാശാലകളിലൂടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് ഇപ്പോള്‍ കുറഞ്ഞിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. യഥാര്‍ത്ഥ സര്‍വ്വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്ന ഏജന്റുമാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി വരുന്നുണ്ട്.