പ്രതിക്കൂട്ടില്‍ നിന്ന് പൊട്ടിക്കരഞ്ഞ ഗ്രീഷ്മയുടെ അവസാന അടവ്; ഷാരോണിന്റെ അച്ഛനേയും അമ്മയേയും ചേമ്പറില്‍ വിളിച്ച് സംസാരിച്ച ജഡ്ജിന്റെ അപൂര്‍വ്വ നീക്കം; കഷായത്തില്‍ കളനാശിനി കലക്കി കൊടുത്ത് കാമുകനെ കൊന്ന ക്രൂരതയ്ക്ക് വധശിക്ഷ; അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കൊലയെന്ന് വിലയിരുത്തി നെയ്യാറ്റിന്‍കര കോടതി; കാര്യ കാരണം നിരത്തി ഗ്രീഷ്മയ്ക്ക് തൂക്കു കയര്‍ നല്‍കി ജഡ്ജ് എഎം ബഷീര്‍

Update: 2025-01-20 06:02 GMT

തിരുവനന്തപുരം : പ്രണയംനടിച്ച് സുഹൃത്തിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രാവിലെ പത്തോടെ ഗ്രീഷ്മയെ കോടതിയിലെത്തിച്ചു. തെളിവിന്റെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടിരുന്നു. കോടതിയില്‍ ഗ്രീഷ്മ കരയുകയും ചെയ്തു. ഷാരോണ്‍ രാജിന്റെ അച്ഛനും അമ്മയും കോടതിയില്‍ എത്തിയിരുന്നു. ഇവരോട് ജഡ്ജി പ്രത്യേകം സംസാരിക്കുകയും ചെയ്തു. കോടതി മുറിയിലേക്ക് ജഡ്ജ് എഎം ബഷീര്‍ ഇരുവരേയും വിളിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു വിധി പ്രഖ്യാപനം. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ഗ്രീഷ്മയ്ക്കെതിരേ കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കളനാശിനി സംഘടിപ്പിച്ചുകൊടുത്തതും തെളിവു നശിപ്പിച്ചതുമാണ് അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്കെതിരായ കുറ്റം. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയ്ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായതുമില്ല. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയതെന്നും പറഞ്ഞു വച്ചു. പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. ചരിത്ര വിധി പ്രഖ്യാപനം ജഡ്ജി എംഎം ബഷീര്‍ പറയുന്നു.

പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. 11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെയാണ് കോടതി അംഗീകരിക്കുന്നത്.

പാറശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനില്‍ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി 'കഷായ ചലഞ്ച്' എന്ന വ്യാജേന കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്. ഷാരോണ്‍ കന്യാകുമാരി ജില്ലയിലെ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 2021ലാണ് ഷാരോണും ഗ്രീഷ്മയും സൗഹൃദത്തിലായത്. ഇരുവരും വീട്ടിലും പള്ളിയിലും താലികെട്ടി. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്മാറാന്‍ ഷാരോണ്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കൊലപാതകം.

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായും എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായത്. ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. 2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

Similar News