'കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂര്‍ ക്ഷേത്രം'; ഗുരുവായൂര്‍ നടപ്പന്തലില്‍ വീഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി; കോടതി ഇടപെടല്‍ ജസ്‌ന സലിമിന്റെ കേക്കുമുറി വിഷയത്തില്‍

'കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂര്‍ ക്ഷേത്രം'

Update: 2024-09-18 05:37 GMT

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാള്‍ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവിറക്കിയത്.

പിറന്നാള്‍ കെയ്ക്ക് മുറിക്കാനുള്ള ഇടമല്ല ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലെന്നു കോടതി ഓര്‍മിപ്പിച്ചു. വിവാഹത്തിനും മത ചടങ്ങുകള്‍ക്കും മാത്രമേ വിഡിയോഗ്രാഫി അനുവദിക്കാന്‍ പാടുള്ളു. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങള്‍ക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തണം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വീഡിയോ, വ്ലോഗര്‍മാരുടെ വിഡിയോഗ്രാഫി എന്നിവ വിലക്കണമെന്നും ഉത്തരവിലുണ്ട്.

ദീപസ്തംഭത്തിനു അരികില്‍ നിന്നു അകത്തെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്താറുണ്ട്. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വിലക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഭക്തര്‍ക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ല. ഇത്തരം വിഷയങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വം ശക്തമായ നടപടികള്‍ എടുക്കണം. ആവശ്യമുണ്ടെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

ജെസ്ന പിറന്നാള്‍ ദിനത്തില്‍ നടപ്പന്തലില്‍ എത്തി കെയ്ക്ക് മുറിച്ചതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജെസ്ന ഗുരുവായൂരിലെത്തി ഭക്തരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പേരില്‍ രണ്ട് ഭക്തര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പാരമ്പര്യവും പവിത്രതയും നിലനിര്‍ത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Tags:    

Similar News