സമസ്തയില്‍ വെടിനിര്‍ത്തല്‍; സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി ലീഗ് വിരുദ്ധര്‍; ധാരണപ്പിശകാണെന്ന് സാദിഖലി തങ്ങള്‍ക്ക് ബോധ്യമായി; വ്യക്തിപരമായ തര്‍ക്കവും അകല്‍ച്ചയും പൂര്‍ണമായി ഇന്ന് തീര്‍ന്നുവെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്
സമസ്തയില്‍ വെടിനിര്‍ത്തല്‍; സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി ലീഗ് വിരുദ്ധര്‍
കോഴിക്കോട്: സമസ്തയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി സമസ്തയിലെ ലീഗ് വിരുദ്ധര്‍ പ്രശ്‌നങ്ങള്‍ക്ക് സമവായം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ സമയം നീണ്ട ചര്‍ച്ചയില്‍ സമവായമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ നിജസ്ഥിതി സാദിഖലി തങ്ങള്‍ക്ക് ബോധ്യമായെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
പ്രശ്‌നങ്ങള്‍ പാണക്കാട് വെച്ച് ഇന്ന് വിശദമായി ചര്‍ച്ച ചെയ്തു. ഒരു മണിക്കൂറിലേറെ ചര്‍ച്ച നീണ്ടു. കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ബോധ്യപ്പെടുകയും പലതും ധാരണപ്പിശകുകളാണെന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്തു -ഹമീദ് ഫൈസി പറഞ്ഞു.
തര്‍ക്കം തീര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, തീരുന്നതിന്റെ തുടക്കമാണിതെന്നും സാദിഖലി തങ്ങളുമായുണ്ടായിരുന്ന വ്യക്തിപരമായ തര്‍ക്കവും അകല്‍ച്ചയും പൂര്‍ണമായി ഇന്ന് തീര്‍ന്നു -എന്നായിരുന്നു ഹമീദ് ഫൈസിയുടെ മറുപടി. നേരത്തെ കേക്ക് വിവാദം അടക്കം സാദിഖലി തങ്ങള്‍ക്കെതിരെ ആയുധമാക്കിയത്.
ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ഒരു വാക്ക് പറയുമ്പോള്‍ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോയെന്ന് ചിന്തിക്കണം. അതല്ലാതെ ചാനലുകള്‍ ഏറ്റെടുക്കുമോയെന്ന് നോക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
'ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണം. അത് പൂര്‍വ്വികര്‍ കാണിച്ചുതന്നതാണ്. പരിഹാസങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ലതിനെന്ന് വിചാരിക്കണം. സുന്നത്ത് ജമാഅത്തിന്റെ വേദിയില്‍ കുത്തുവാക്കുകള്‍ ഉപയോഗിക്കരുത്. ദ്വയാര്‍ത്ഥങ്ങള്‍ പ്രയോഗിക്കരുത്. ആരെങ്കിലും ക്ഷണിച്ചാല്‍ പോകുക, തരുന്നത് ഭക്ഷിക്കുക. കുഴിമന്തി തന്നെ വേണം എന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ല', എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
നേരത്തെ ക്രിസ്മസ് ദിനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദര്‍ശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം.
മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍ എംഎല്‍എ, ഉമര്‍ പാണ്ടികശാല, പി ഇസ്മായില്‍, ടിപിഎം ജിഷാന്‍, എന്‍ സി അബൂബക്കര്‍ എന്നിവരും സാദിഖലി തങ്ങള്‍ക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന വിമര്‍ശനവുമായി അബ്ദുല്‍ ഹമീദ് ഫൈസി രംഗത്തെത്തി. ഇതാണ് ചര്‍ച്ചയായത്. ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം കേക്ക് മുറി വിവാദത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗവും രംഗത്തെത്തി. ഹമീദ് ഫൈസിയെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്‍കി.
പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സമസ്തയിലെ 25 നേതാക്കള്‍ ഒപ്പിട്ട കത്താണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.
മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ആദ്യം വിമര്‍ശനം ഉന്നയിച്ചത് ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗവും സാദിഖലി തങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ലെന്നും അപകടം ചെയ്യുമെന്നും എ.പി. സമസ്ത മുശാവറ അംഗം അബ്ദുള്‍ ജലീല്‍ സഖാഫി പറഞ്ഞു. മറ്റുസമുദായക്കാരുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.