രണ്ടാമത്തെ മകന് ധ്യാന്‍ എന്ന് പേരിട്ടത് ധ്യാന്‍ ചന്ദിനോടുള്ള ആരാധനയില്‍; ശ്രീനിവാസന്റെ സംസാരത്തിന്റെ മൂര്‍ച്ചയും നര്‍മ്മവും അപ്പാടെ പകര്‍ത്തിയ 'അച്ഛന്റെ മകന്‍'; 37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗവാര്‍ത്ത അറിഞ്ഞത് കോഴിക്കോട്ടെ ലൊക്കേഷനില്‍ വച്ച്; ഉള്ളുലഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍; ചേര്‍ത്തുപിടിച്ച് അമ്മ

Update: 2025-12-20 09:57 GMT

കൊച്ചി: മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ 37-ാം പിറന്നാള്‍ ദിനത്തിലായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണം. ജന്മദിനത്തില്‍ തേടിയെത്തിയ അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയില്‍ തകര്‍ന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ധ്യാന്‍ പതിനൊന്നരയോടെയാണ് കണ്ടനാട്ടെ വീട്ടിലെത്തിയത്. ധ്യാനെ കണ്ടതും വിഷമം നിയന്ത്രിക്കാനാകാതെ അമ്മ വിമലയും പൊട്ടിക്കരഞ്ഞു. ശേഷം ചേര്‍ത്തുപിടിച്ച് വിങ്ങിക്കരയുന്ന ധ്യാന്‍ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നൊമ്പരക്കാഴ്ചയായി.

ധ്യാന്‍ ഷൂട്ടിങിലായതിനാല്‍ ഡയാലിസിസിനായി ആശുപത്രിയിലേക്കു പോയത് ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഡ്രൈവറുമാണ്. പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ചെന്നൈയിലേക്കു തിരിക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് അച്ഛന്റെ വിയോഗ വാര്‍ത്ത വിനീത് അറിയുന്നത്. ഉടന്‍ തന്നെ യാത്ര റദ്ദ് ചെയ്ത് ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു.

രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അതുല്യനടന്റെ അന്ത്യം. വിവിധ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പ്രിയനടന്റെ മരണവാര്‍ത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ കൊച്ചിയിലേക്ക് എത്തുകയാണ്. നടന്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്തിനൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി. ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍.

മകന്റെ ജന്മദിനത്തില്‍ വേര്‍പാട്

ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തില്‍ തീരാനോവായി പിതാവ് ശ്രീനിവാസന്റെ അപ്രതീക്ഷിത വേര്‍പാട്. ചോദ്യം ചെയ്തും കലഹിച്ചും സ്‌നേഹിച്ചും പരുവപ്പെട്ട അപൂര്‍വമായ ഹൃദയബന്ധമായിരുന്നു ധ്യാനിന്റെയും ശ്രീനിവാസന്റെയും. ധ്യാനിനോടുള്ള സ്‌നേഹം പുറമേയ്ക്ക് പ്രകടിപ്പിക്കാന്‍ എന്നും പിശുക്ക് കാണിച്ച ശ്രീനിവാസന്‍ പക്ഷേ, അവസാന നാളുകളില്‍ ധ്യാനിനോട് കൂടുതല്‍ ചേര്‍ന്നു നിന്നു. പൊതു ഇടങ്ങളില്‍ സംസാരിക്കുമ്പോഴൊക്കെ ധ്യാനിനെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മം കലര്‍ന്ന ശ്രീനിവാസന്റെ വിമര്‍ശിച്ചിരുന്നു.

ഹോക്കിയില്‍ ഇന്ദ്രജാലം തീര്‍ത്ത ധ്യാന്‍ ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാന്‍ എന്ന് പേരിട്ടതെന്ന് ഒരിക്കല്‍ ഒരു ചടങ്ങില്‍ വച്ച് ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്പോര്‍ട്സ് വാര്‍ത്തകള്‍ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയില്‍ ഒളിമ്പിക്സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. ആ കാലത്ത് ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട ഹോക്കി കളിക്കാരനാണ് വിനീത് കുമാര്‍. എനിക്ക് ആദ്യമൊരു മകന്‍ ഉണ്ടായപ്പോള്‍ ആ വിനീത് കുമാറിന്റെ കുമാര്‍ വെട്ടിയിട്ടാണ് പേരിട്ടത്. ധ്യാന്‍ ചന്ദ് എന്ന ആള്‍ ഇന്ത്യയിലെ ഹോക്കി മാന്ത്രികന്‍ എന്നാണു അറിയപ്പെട്ടിരുന്നത്. ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാന്‍ എന്ന പേര് എന്റെ രണ്ടാമത്തെ മകന് ഇട്ടത്. ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാന്‍ പോകുന്നതെന്ന് അറിയില്ല' ശ്രീനിവാസന്റെ വാക്കുകള്‍ അന്ന് കാണികളില്‍ ചിരി പടര്‍ത്തിയിരുന്നു.

അതേ ചടങ്ങില്‍ ധ്യാനും സന്നിഹിതനായിരുന്നു. അച്ഛന്റെ നര്‍മം കലര്‍ത്തിയുള്ള 'ആക്രമണ'ത്തിന് മറുപടിയായി ധ്യാനിന്റെ വിശദീകരണം ഉടനെത്തി. 'മലയാള സിനിമയില്‍ ഞാനിപ്പോള്‍ ഒരു മാന്ത്രികനാ'! അച്ഛന്റെയും മകന്റെയും രസകരമായ വാക്‌പോര് കാണികളില്‍ ചിരി നിറച്ചു. വിനീത് ശ്രീനിവാസന്‍ പൊതു ഇടങ്ങളില്‍ സൗമ്യതയോടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ അച്ഛന്‍ ശ്രീനിവാസന്റെ സംസാരത്തിന്റെ മൂര്‍ച്ചയും നര്‍മവും അപ്പാടെ പകര്‍ത്തി ധ്യാന്‍ 'അച്ഛന്റെ മകന്‍ തന്നെ' എന്ന പേര് സമ്പാദിച്ചു. എന്നാല്‍ ധ്യാനിനോട് ഏറ്റവും കൂടുതല്‍ വഴക്കിട്ടതും വിമര്‍ശിച്ചതും ശ്രീനിവാസന്‍ ആയിരുന്നു.

'വര്‍ഷങ്ങള്‍ക്കു ശേഷം'... ധ്യാന്‍ പറഞ്ഞത്

ഇടക്കാലത്ത് മദ്യപാനത്തിലും ലഹരിയിലും മുങ്ങി നടന്നിരുന്ന കാലത്ത് അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ കാര്യം ഒരിക്കല്‍ ധ്യാന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. വൈകാരികമായ ആ വെളിപ്പെടുത്തല്‍ ധ്യാനിന്റെയും ശ്രീനിവാസന്റെയും ആത്മബന്ധത്തെ മലയാളികള്‍ക്ക് മുന്‍പില്‍ അനാവൃതമാക്കി. ധ്യാനിന്റെ വാക്കുകള്‍ 'ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാന്‍ ഭയങ്കര ആല്‍ക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്... വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോള്‍ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയിലെ നിവിന്‍ പോളിയുടെ കഥാപാത്രം പോലെ തന്നെ. മദ്യപിച്ചിട്ടാണെങ്കിലും വീട്ടില്‍ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തില്‍ യൂസ്ലെസ് ആയിരുന്നു ഞാന്‍. സിനിമയില്‍ നിവിന്‍ നയന്‍താരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ''വീട്ടില്‍ അച്ഛന്‍ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചെലവാക്കേണ്ടേ, ഞാന്‍ എന്നും വീട്ടില്‍ താങ്ങും തണലുമായി ഉണ്ടാകും.'' ഇത് ഞാന്‍ എന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ട്.

ഞാന്‍ വിവാഹം കഴിച്ചതു തന്നെ വീട്ടുകാര്‍ക്ക് വലിയ കാര്യമായിരുന്നു. ഇതിലും അപ്പുറത്തെ കളി കളിച്ചിട്ടുണ്ട്. ഞാന്‍ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛന്‍ വീട്ടില്‍ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. ഒരു സിനിമാറ്റിക് ജീവിതമായിരുന്നു എന്റേത്. 2013 നു ശേഷം മദ്യപാനം കുറച്ചിരുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത്. വീട്ടില്‍നിന്നു പുറത്തായെന്ന് അറിയുന്നതു തന്നെ ബോധം വന്ന ശേഷമാണ്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി െതറ്റിപ്പിരിയുന്നത്. പല സ്‌കൂളുകളില്‍നിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്‌നങ്ങള്‍. 2018 ല്‍ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തില്‍ നിര്‍ത്തിയതായിരുന്നു അത്. മദ്യവും സിന്തറ്റിക് ലഹരിയും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്‌നങ്ങള്‍ വരുന്നത്. 2019 തൊട്ട് 21 വരെ ഞാന്‍ അത് ഉപയോഗിച്ചു. എല്ലാ ദിവസവും ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവര്‍ക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീ ഹാബ് ആണ് ഈ സിനിമകള്‍. ഒരു ദിവസംപോലും സിനിമ ചെയ്യാതിരിക്കുന്നില്ല. ആ റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് ഞാന്‍.'

സിനിമയുടെ റീഹാബില്‍ ധ്യാന്‍ പുതിയൊരു മനുഷ്യനായി. എന്നും അച്ഛനൊപ്പമുണ്ടാകും എന്ന വാക്ക് അവസാന നിമിഷം വരെ ധ്യാന്‍ പാലിച്ചു. അപ്പോഴും വര്‍ത്തമാനത്തില്‍ ഇരുവരും വാക്‌പോര് തുടര്‍ന്നുവെങ്കിലും ഉള്ളിന്റെയുള്ളില്‍ ആഴത്തില്‍ വേരോടിയ ആത്മബന്ധം മിഴിവോടെ നിന്നു. അടുപ്പമുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന അപൂര്‍വബന്ധമായിരുന്നു അത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ധ്യാനും കൃഷിയില്‍ താല്‍പര്യം കാണിച്ചത് ഈയടുത്ത കാലത്താണ്. കണ്ടനാട് പുന്നച്ചാലിലെ വീടിന് അടുത്തുള്ള പാടശേഖരത്തില്‍ ധ്യാന്‍ കൃഷിയിറക്കി. അച്ഛന്റെ താല്‍പര്യ പ്രകാരമാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് അന്ന് ധ്യാന്‍ പറയുകയും ചെയ്തിരുന്നു. 'കര്‍ഷകന്‍ ആയി വരികയയാണ് ഞാന്‍. വര്‍ഷങ്ങളായി അച്ഛന്‍ ചെയ്തുവരുന്ന കാര്യം അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം ഞാന്‍ ഏറ്റെടുക്കുകയാണ്,' എന്നായിരുന്നു ധ്യാനിന്റെ വാക്കുകള്‍. അച്ഛന്‍ ശ്രീനിവാസന്റെ പ്രതികരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍, 'അച്ഛന്‍ ഒന്നും പറഞ്ഞില്ല, സാധാരണ പരാജയമാണല്ലോ... ഇതിലെങ്കിലും വിജയിച്ച് വരണം' എന്നാണ് ധ്യാന്‍ തമാശരൂപേണ പറഞ്ഞത്.

ശ്രീനിവാസനെയും മോഹന്‍ലാലിനെയും ഒരുമിച്ച് തന്റെ സിനിമയില്‍ അഭിനയിപ്പിക്കണം എന്നൊരു മോഹവും ധ്യാനിന് ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോംബോയില്‍ എടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, ശ്രീനിവാസന്റെ അനാരോഗ്യം മൂലം പ്രണവ് മോഹന്‍ലാലും ധ്യാനും ആ വേഷങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു സിനിമയെക്കുറിച്ച് ഈയടുത്ത് ഒരു പൊതുവേദിയിലും ധ്യാന്‍ സംസാരിച്ചിരുന്നു. 'എന്നെങ്കിലുമൊരിക്കല്‍ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയില്‍ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാണ്' അന്ന് ധ്യാന്‍ പറഞ്ഞു. പക്ഷേ, ആ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിന് മുന്‍പ് ഭൂമിയിലെ അരങ്ങില്‍ നിന്ന് ശ്രീനിവാസന്‍ യാത്ര പറഞ്ഞു.

Tags:    

Similar News