പാക്കിസ്ഥാന്‍ പത്തി മടക്കിയത് വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ കിറുകൃത്യം അടിയില്‍; വ്യോമാക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു; ജക്കോബാബാദിലും ഭോലാരിയിലും ഹാങ്ങറുകള്‍ തകര്‍ന്നപ്പോള്‍ റഹിം യാര്‍ ഖാനിലും സര്‍ഗോധയിലും റണ്‍വേയില്‍ വന്‍ ഗര്‍ത്തങ്ങള്‍; സമസ്താപരാധം പറഞ്ഞ് വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നില്‍

പാക്കിസ്ഥാന്‍ പത്തി മടക്കിയത് വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ കിറുകൃത്യം അടിയില്‍

Update: 2025-05-13 15:54 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ വിറപ്പിച്ച് കൊണ്ട് വ്യോമതാവളങ്ങള്‍ ആക്രമിക്കുകയും കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തതോടെയാണ് ആ രാജ്യം വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിച്ചത്. ആക്രമണത്തിന് മുമ്പും ശേഷവും ഉള്ള ഉപഗ്രഹ ചിത്രങ്ങള്‍ എന്‍ഡി ടിവി പുറത്തുവിട്ടു. സര്‍ഗോധ, നുര്‍ഖാന്‍( ചക്ലാല), ഭോലാരി, ജക്കോബാബാദ്, സുക്കൂര്‍, റഹിം യാര്‍ ഖാന്‍ എന്നീ വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇന്ത്യയുടെ കൃത്യതയാര്‍ന്ന വ്യോമാക്രമണങ്ങള്‍ ഈ വ്യോമതാവളങ്ങളെ താറുമാറാക്കിയത് ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. തിരഞ്ഞെടുത്ത സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി തിങ്കളാഴ്ച പറഞ്ഞിരുന്നു.

ജക്കോബാബാദ് വ്യോമതാവളം

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ജക്കോബാബാദ്. എഫ് 16 ഫാല്‍ക്കണ്‍ പോര്‍ വിമാനങ്ങള്‍ പറത്തുന്ന പാക്കിസ്ഥാന്റെ 39 ടാക്റ്റിക്കല്‍ വിങ്ങിന്റെ കേന്ദ്രമാണ് ജക്കോബാബാദ്. ഈ വ്യോമതാവളത്തിലെ ഹാങ്ങറാണ് ഇന്ത്യ ആക്രമിച്ചത്. വിമാനങ്ങളെ സംരക്ഷിക്കാനും അറ്റകുറ്റപ്പണിക്കും മറ്റുമായാണ് ഹാങ്ങര്‍ ഉപയോഗിക്കുന്നത്. ഏപ്രില്‍ 30 ലെ ചിത്രത്തില്‍ ഹാങ്ങറിന് കുഴപ്പമൊന്നുമില്ല. പക്ഷേ, മെയ് 11 ലെ ചിത്രത്തില്‍ ഹാങ്ങര്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ കാണാം.




ഭോലാരി വ്യോമതാവളം

സിന്ധിലാണ് ഭോലാരിയും. ഇവിടെ ഹാങ്ങറിന് നേരേയുള്ള ആക്രമണത്തില്‍ മേല്‍ക്കൂരയ്ക്ക് കടുത്ത തകരാര്‍ സംഭവിച്ചതായി കാണാം. 2017 ലാണ് ഈ വ്യോമതാവളം പ്രവര്‍ത്തനം തുടങ്ങിയത്. ഏപ്രില്‍ 27 ലെയും മെയ് 11ലെയും ചിത്രങ്ങളാണ് താരതമ്യം ചെയ്തത്.



സുക്കൂര്‍

സിന്ധിലെ സുക്കൂര്‍ പാക്കിസ്ഥാന്റെ തന്ത്രപ്രധാന വ്യോമതാവളമാണ്. രാജസ്ഥാനുമായുളള അന്താരാഷ്ട്ര അതിര്‍ത്തിക്ക് പടിഞ്ഞാറാണ് സുക്കൂര്‍.

ദക്ഷിണ വ്യോമ കമാന്‍ഡിനാണ് ഇവിടുത്തെ ചുമതല. മെയ് 10 ലെ ചിത്രത്തില്‍, വ്യോമതാവളത്തിന് സാരമായ തകരാറുണ്ട്.




നുര്‍ഖാന്‍ വ്യോമതാവളം

റാവല്‍പിണ്ടിക്കും, ഇസ്ലാമബാദിനും മധ്യേയാണ് നുര്‍ഖാന്‍. റാവല്‍പിണ്ടി പാക് സൈന്യത്തിന്റെ ആസ്ഥാനമാണ്. ഇസ്ലാമബാദ് രാജ്യത്തെ അധികാര കേന്ദ്രവും. നേരത്തെ ഈ വ്യോമതാവളം ചക്ലാല എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാദ്യമാണ് നുര്‍ഖാന്‍ താവളം ആക്രമിക്കപ്പെടുന്നത്. 1971 ലെ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 20 സ്‌ക്വാഡ്രന്‍ ഈ വ്യോമ താവളത്തെ ഹോക്കര്‍ ഹണ്ടറുകള്‍ ഉപയോഗിച്ച് ആക്രമിച്ചു.




ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുകിടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം.

റഹിം യാര്‍ ഖാന്‍

പഞ്ചാബ് പ്രവിശ്യയിലാണ് ഈ വ്യോമതാവളം. ഇന്ത്യ ആക്രമിച്ച 9 ഭീകരകേന്ദ്രങ്ങളില്‍ ഒന്നായ ബഹവല്‍പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക് മാറിയാണ് റഹിം യാര്‍ ഖാന്‍ വ്യോമതാവളം. ഇന്ത്യന്‍ ആക്രമണത്തിന് ശേഷം റണ്‍വേയില്‍ വലിയ ഒരു ഗര്‍ത്തം രൂപപ്പെട്ടു.




മുഷാഫ് വ്യോമതാവളം

പാക്കിസ്ഥാന്റെ ഏറ്റവും ആധുനികമായ വ്യോമതാവളമായാണ് സര്‍ഗോധയിലെ മുഷാഫ് വ്യോമതാവളം അറിയപ്പെടുന്നത്. എഫ്16 യുദ്ധ വിമാനങ്ങളുടെ 9, 29 സ്‌ക്വാഡ്രണുകള്‍, ഫ്രഞ്ച് നിര്‍മിത അലൗവേറ്റ് ഉള്‍പ്പെടുന്ന ഹെലികോപ്ടര്‍ യൂണിറ്റ്, ഫ്രഞ്ച് ഫാല്‍ക്കണ്‍ 20 മോഡിഫൈഡ് ബിസിനസ് ജെറ്റ് ഉള്‍പ്പെടുന്ന പാക്ക് വ്യോമസേനയുടെ ഏക ഇലക്ട്രോണിക് യുദ്ധസന്നാഹ യൂണിറ്റ് എന്നിവ അടക്കമുള്ള 38 ടാക്ടിക്കല്‍ വിങ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എഫ്16, ജെഎഫ് 17, മിറാഷ്, എഫ്7 യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളും സര്‍ഗോധയിലാണുള്ളത്.

ലാഹോറിന് പടിഞ്ഞാട്ടും പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 200 മീറ്ററും ദുരം. 1965 ലെയും 1971 ലെയും യുദ്ധങ്ങളിലും ഈ വ്യോമ താവളം ഇന്ത്യ ആക്രമിച്ചിരുന്നു. ഇവിടെയും ഏകദേശം 8 മീറ്റര്‍ വലിപ്പത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു.




മുഷാഫ് വ്യോമതാവളത്തിലെ റണ്‍വേ രണ്ടിടത്ത് തകരാറിലായി. മെയ് 10 ലേതാണ് ദൃശ്യം. ബ്രഹ്‌മോസോ, ഹാമറുകളോ, സ്‌കാള്‍പുകളോ ആണ് ഇന്ത്യ ഉപയോഗിച്ചിരുന്നതെങ്കില്‍ ഈ വ്യോമതാവളങ്ങള്‍ തവിടുപൊടി ആയേനെ എന്നും അഭിപ്രായം ഉയരുന്നുണ്ട്.

Tags:    

Similar News