അന്തരിച്ച മുൻ സ്പീക്കർ പി പി തങ്കച്ചന്റെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച; മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല; പെരുമ്പാവൂരിലെ വസിതിയിൽ അവസാനമായി നാളെയെത്തും; പ്രിയ നേതാവിന് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം

Update: 2025-09-11 15:06 GMT

തിരുവനന്തപുരം: അന്തരിച്ച പി പി തങ്കച്ചന്റെ മൃതദേഹം ഇന്ന് രാജഗിരി ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കുകയും നാളെ വെള്ളിയാഴ്ച രാവിലെ 11മണിക്ക് പെരുമ്പാവൂർ ആശ്രമം സ്കൂളിനു മുന്നിലെ വസതിയിൽ എത്തിക്കുകയും ചെയ്യും. അതുപോലെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്നും അറിയിച്ചു.

സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശവസംസ്കാര ശുശ്രൂഷ ആരംഭിക്കുകയും 2 30 ഓടുകൂടി പെരുമ്പാവൂരിൽ നിന്നും നെടുമ്പാശ്ശേരി അകപ്പറമ്പ് കുടുംബ വീടിന് സമീപം ഉള്ള മാർ ഷാബോർ അഫ്രേത്ത് യാക്കോബായ സുറിയാനി കത്രീഡലിൽ എത്തിക്കുകയും 3 30 ഓടുകൂടി ശവസംസ്കാര ചടങ്ങുകൾ പൂർത്തീകരിക്കുകയും ചെയ്യുമെന്നും അറിയിച്ചു.

അതേസമയം, തങ്കച്ചൻ പ്രാദേശിക തലത്തിൽ നിന്ന് ഉയർന്ന് സംസ്ഥാന നേതൃതലത്തിലെത്തിയ വ്യക്തിത്വമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മന്ത്രി, നിയമസഭാ സ്പീക്കർ, കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും സൗഹൃദപരമായി എല്ലാവരോടും പെരുമാറിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

1991-1995 കാലഘട്ടത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ നിയമസഭാ സ്പീക്കറായും, 1995-1996ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1996 മുതൽ 2001 വരെ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും സേവനമനുഷ്ഠിച്ചു.

Tags:    

Similar News