കലാപത്തിനിടെ നേപ്പാളില്‍ നിന്നും ജയില്‍ ചാടിയത് ആയിരത്തില്‍ ഏറെ കൊടുംക്രിമിനലുകള്‍; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 60 പേര്‍ പിടിയില്‍; ഇന്ത്യയും-നേപ്പാളും തമ്മില്‍ പങ്കിടുന്ന 1751 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തിയില്‍ അതീവ ജാഗ്രത; ജയിലില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാരും
ലഖ്നൗ: നേപ്പാളിലെ കലാപത്തിനിടെ വിവിധ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ശ്രമിച്ചത് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍. ഇങ്ങനെ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 60 തടവുകാരെ സുരക്ഷാ സേന പിടികൂടി. 22 പേര്‍ ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സശസ്ത്ര സീമ ബല്‍ ജവാന്‍മാരാണ് ഇവരെ പിടികൂടിയത്. നേപ്പാളിലെ രണ്ട് ഡസനിലധികം ജയിലുകളില്‍ നിന്ന് നിരവധി തടവുകാര്‍ രക്ഷപ്പെട്ടതായാണ് വിവരം. ജയിലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് മൂന്ന് തടവുകാര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ നിരീക്ഷണം സൈന്യം ശക്തമാക്കി.
ബിഹാറിന് ചേര്‍ന്നുള്ള തെക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈര്‍ഗാനിയ ചെക്ക് പോയിന്റിന് സമീപം 13 തടവുകാരെ പിടികൂടി. മൂന്ന് പേരെ പശ്ചിമ ബംഗാളിലും പിടികൂടി. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലായി ഇവരുടെ സാന്നിധ്യം ആശങ്കയാണ്. വിവിധ സ്ഥലങ്ങളിലായി ഇതുവരെ 60 പേര്‍ പിടിയിലായതാണ് റിപ്പോര്‍ട്ട്. ജയിലുകളില്‍ ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും ഉണ്ടായതായും ആയിരക്കണക്കിന് തടവുകാര്‍ തീവയ്പ്പുകള്‍ക്കും കലാപങ്ങള്‍ക്കും ഇടയില്‍ പലായനം ചെയ്തതായും പ്രഥമിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗന്ധകി പ്രവിശ്യയിലെ കാസ്‌കി ജില്ലാ ജയിലില്‍ നിന്ന് മാത്രം 773 പേര്‍ രക്ഷപ്പെട്ടതായി ജയിലര്‍ രാജേന്ദ്ര ശര്‍മ്മ പറഞ്ഞു. രക്ഷപ്പെട്ടവരില്‍ 13 ഇന്ത്യന്‍ പൗരന്മാരും നാല് വിദേശികളും ഉള്‍പ്പെടുന്നു. ഈ ജയില്‍ ചാട്ടം ഇന്ത്യയ്ക്കും വലിയ ഭീഷണിയാണ്.
ബാങ്കെ ജുവനൈല്‍ റിഫോം സെന്റര്‍ (122), ബാങ്കെ ജില്ലാ ജയില്‍ (436), കാഠ്മണ്ഡു വാലിയിലെ സുന്ദരയിലെ സെന്‍ട്രല്‍ ജയില്‍ (3,300), ലളിത്പൂരിലെ നക്കു ജയില്‍ (1,400), ദില്ലിബസാര്‍ ജയില്‍ (1100) എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ തടവുകാര്‍ രക്ഷപെട്ടത്. മഹോത്താരിയിലെ ജലേശ്വര്‍ ജയില്‍ (575), സണ്‍സാരിയിലെ ജുംക ജയില്‍ (1,575), ചിത്വാന്‍ (700), കപില്‍വാസ്തു ജില്ലാ ജയില്‍ (459), കൈലാലി ജയില്‍ (612), കാഞ്ചന്‍പൂര്‍ (478), സിന്ധുലി ജയില്‍ (500) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.
ഇന്ത്യയും നേപ്പാളും 1751 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്നുണ്ട്. വേലികളോ മറ്റ് തടസ്സങ്ങളോ ഇല്ല. ഭൂട്ടാനുമായി സമാനമായ 699 കിലോമീറ്റര്‍ അതിര്‍ത്തിയുമുണ്ട്. തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഇവിടെ ഇതര നടപടിക്രമങ്ങളുടെ തടസമില്ലാതെ അതിര്‍ത്തി കടക്കാം. വിവിധ സേനകളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ നിരീക്ഷണം തുടരുകയാണ്. പിടിയിലായവരെ ലോക്കല്‍ പോലീസിന് കൈമാറി.
പിടിയിലായവരില്‍ മയക്കുമരുന്ന് കള്ളക്കടത്ത്, ബലാത്സംഗം, മോഷണം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരും ഉണ്ടെന്ന് സേന അറിയിച്ചു. എസ്എസ്ബി നേപ്പാളിലെ സായുധ പോലീസ് സേനയുമായി (എപിഎഫ്) സംയുക്ത പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.