രാഷ്ട്രപതിക്കിറങ്ങാന്‍ 20.70 ലക്ഷത്തിന്റെ ഹെലിപ്പാഡ്; കലക്ടര്‍ റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ പ്രമാടത്തെ താല്‍ക്കാലിക ഹെലിപ്പാഡ് പൊളിച്ചു നീക്കി: 20 ലക്ഷം സ്വാഹ! ഹെലിപ്പാഡ് പൊളിക്കല്‍ സ്റ്റേഡിയത്തില്‍ കായിക മല്‍സരങ്ങള്‍ നടത്തുന്നതിന് തടസ്സമെന്ന് ചൂണ്ടിക്കാട്ടി
രാഷ്ട്രപതിക്കിറങ്ങാന്‍ 20.70 ലക്ഷത്തിന്റെ ഹെലിപ്പാഡ്
പത്തനംതിട്ട: രാഷ്പ്രതി ദ്രൗപതി മുര്‍മുവിന് ശബരിമലയിലേക്ക് പോകുന്നതിന് വേണ്ടി ഹെലികോപ്റ്റര്‍ വന്നിറങ്ങാന്‍ നിര്‍മിച്ച കോന്നി പ്രമാടത്തെ താല്‍ക്കാലിക ഹെലിപ്പാഡ് പൊളിച്ചു നീക്കി. ഹെലിപ്പാഡ് നിര്‍മാണത്തിന് 20.70 ലക്ഷം ചെലവായെന്ന വിവരാവകാശ മറുപടി പുറത്തു വന്നതിന് പിന്നാലെ കലക്ടര്‍ ഇതു സംബന്ധിച്ച് പൊതുമരാമത്ത് റോഡ്സ് ഡിവിഷനോട് വിശദീകരണം തേടിയിരുന്നു.
എന്നാല്‍, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കായിക മല്‍സരങ്ങള്‍ നടത്തുന്നതിന് താല്‍ക്കാലിക ഹെലിപ്പാഡ് തടസമാണെന്ന് കാട്ടി പഞ്ചായത്ത് അധികൃതര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പൊളിക്കലെന്നാണ് പൊതുമരാമത്തിന്റെ വിശദീകരണം.
താല്‍ക്കാലിക ഹെലിപ്പാഡ് നിര്‍മാണത്തിന് 20.70 ലക്ഷം രൂപ ചെലവായെന്ന വാര്‍ത്ത മറുനാടനാണ് ആദ്യം പുറത്തു വിട്ടത്. മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചതോടെ ഇത് വലിയ വിവാദമായി. ഈ വിഷയം വിവരാവകാശ നിയമത്തിലൂടെ പുറത്തു കൊണ്ടു വന്ന സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ ഹെലിപ്പാഡ് നിര്‍മ്മിച്ചതിനു 20.7 ലക്ഷം രൂപ ചിലവായതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഹെലിപ്പാഡ് പൊളിച്ചത്.
ഇത്രയും രൂപയുടെ ചെലവിന് അനുസരിച്ചുള്ള പണി നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് റഷീദ് ആനപ്പാറ പറയുന്നു. നിര്‍മ്മാണങ്ങളില്‍ അഴിമതിയോ, പണപഹരണമോ, അനാവശ്യ ചെലവോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അപ്രകാരം നടന്നിട്ടുണ്ടെങ്കില്‍ തുക സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതിന് ആവശ്യമായ നടപടിയും നിയമനടപടിയും സ്വീകരിക്കണമെന്നും റഷീദ് ആനപ്പാറ പരാതിയിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് അറിഞ്ഞു ഇന്നലെ പൊളിച്ചു കളഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് റഷീദ് ആനപ്പാറ പറഞ്ഞു.
രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വേണ്ടി മൂന്നു ഹെലിപ്പാഡുകളും അപ്രോച്ച് റോഡുമാണ് നിര്‍മിച്ചത്. ഒക്ടോബര്‍ 22 നാണ് വ്യോമസേനാ ഹെലികോപ്ടറില്‍ രാഷ്ട്രപതി പ്രമാടത്ത് ഇറങ്ങിയത്. തലേന്ന് വരെ നിലയ്ക്കലില്‍ ഇറങ്ങാനാണ് തീരുമാനിച്ചിരുന്നത്. നിലയ്ക്കലില്‍ മൂടല്‍മഞ്ഞ് കാരണം കാലാവസ്ഥ മോശമായപ്പോള്‍ പെട്ടെന്നാണ് ലാന്‍ഡിങ് പ്രമാടത്തേക്ക് മാറ്റിയത്. ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് ഹെലിപ്പാഡ് നിര്‍മിച്ചത്. കോണ്‍ക്രീറ്റ് നന്നായി സെറ്റ് ആകാതിരുന്നതിനെ തുടര്‍ന്ന് ഹെലികോപ്ടറിന്റെ ലാന്‍ഡിങ് ടയറുകള്‍ താഴ്ന്നു പോയിരുന്നു. പിന്നീട് പോലീസും അഗ്നിക്ഷാസേനയും ചേര്‍ന്ന് തള്ളിയാണ് ഹെലികോപ്ടര്‍ നീക്കിയത്.
