ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വഴിമുട്ടി; 65 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം പേരിന് മാത്രം; കമ്മിറ്റി മുമ്പാകെ തുറന്നു പറഞ്ഞവര്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല; സുപ്രീംകോടതിയുടെ നിലപാടുകാത്ത് അന്വേഷണസംഘം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വഴിമുട്ടി
തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പുറത്തുള്ള അന്വേഷണം. എന്നാല്‍, ഈ സംഭവത്തില്‍ അന്വേഷണം ഇപ്പോള്‍ പേരിന് മാത്രമാണ് നടക്കുന്നത്. ഹേമ കമ്മിറ്റി മുമ്പാകെ തുറന്നു പറഞ്ഞവര്‍ ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കാത്ത അവസ്ഥയുണ്ട്. ഇതാണ് അന്വേഷണം മുന്നോട്ടുപോകുന്നതിന് തടസമായി നില്‍ക്കുന്നത്.
കേസെടുക്കുന്നതിനെതിരേ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജികള്‍ വന്നതോടെയാണ് അന്വേഷണം തണുത്തത്. ആദ്യഘട്ട പരാതികളിലെടുത്ത ഏതാനും കേസുകളില്‍മാത്രമാണ് കുറ്റപത്രം തയ്യാറാക്കുന്ന നടപടി തുടങ്ങിയത്. ഭൂരിഭാഗം പരാതിയിലും തെളിവുശേഖരണംമാത്രമാണ് നടക്കുന്നത്. കേസെടുക്കലിനെതിരേയുള്ള ഹര്‍ജികള്‍ 19-ന് ഹൈക്കോടതിയും സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. ഇതോടെ കോടതി എന്തു തീരുമാനിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ മാധ്യമങ്ങള്‍വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും ഉയര്‍ന്ന പരാതികളെത്തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസുകളില്‍മാത്രമാണ് ചിലരെ അറസ്റ്റുചെയ്തത്. ഇവര്‍ക്കെല്ലാം കോടതികളില്‍നിന്ന് ജാമ്യം ലഭിച്ചു. കൂടാതെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മൊഴിയെടുത്ത് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ചിലതില്‍ പരാതിക്കാര്‍ പിന്‍വാങ്ങുന്ന സാഹചര്യവുമുണ്ടായി. പരാതി പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കുമെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്.
പരാതിക്കാരുടെ സഹകരണം ഇല്ലായ്മയാണ് പ്രധാന വെല്ലുവിളി. എന്നാല്‍, രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടക്കുന്ന കേസുകളില്‍ അത് പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൊത്തം 65 കേസാണ് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ചെയ്തത്. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഈ കേസുകളില്‍ തെളിവ് കണ്ടെത്താനാണ് ശ്രമിക്കുന്നത്.
എന്നാല്‍, കമ്മിറ്റിമുന്‍പാകെ മൊഴിനല്‍കിയവരില്‍ പലരും പോലീസ് സംഘത്തിന് മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് ചില നടിമാര്‍തന്നെ പറഞ്ഞതോടെ കേസിന് ആധാരമായ സംഭവങ്ങളില്‍ തെളിവുലഭിക്കാത്ത അവസ്ഥയുണ്ട്. ഇത്തരം കേസുകളുമായി എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് അന്വേഷണസംഘം.
ഹേമ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പൊലീസില്‍പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിദ്ദിഖ്, മുകേഷ്, ജയസൂര്യ തുടങ്ങിയവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ജാമ്യം കിട്ടിയതിനാല്‍ കേസിന്റെ ഗൗരവം നഷ്ടപ്പെട്ട നിലയിലാണ്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് ഉചിതമായ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ഹൈക്കോടതിയില്‍ വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ഡിവിഷന്‍ബെഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും ഗുരുതരമാണെന്നും പ്രത്യേക പരാതിയില്ലാതെ കേസെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് അന്വേഷണത്തെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതിയിലെത്തിയത്. പരാതിക്കാരെ സഹപ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന ആരോപണവുമുണ്ട്.സംഘടനയുടെ ഭീഷണി സംബന്ധിച്ച് മൂന്ന് ചമയകലാകാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയാണെന്ന ഹര്‍ജിയുമായി നടി മാലാ പാര്‍വതിയും മറ്റൊരു ചമയകലാകാരിയും സുപ്രീംകോടതിയിലെത്തി. കമ്മിറ്റി മുമ്പാകെ പലതും പറഞ്ഞത് കേട്ടുകേള്‍വി അടിസ്ഥാനമാക്കിയാണെന്നാണ് മാലാ പാര്‍വതിയുടെ വാദം. താത്പര്യമില്ലാത്തവരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിരുന്നു.
മൊഴിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു നടിയും പരമോന്നത കോടതിയിലെത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിലപാട് അറിയാനായി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് തുടര്‍വാദം 19ലേക്ക് മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയും ഇതേ ദിവസം തന്നെയാണ് വിഷയം വീണ്ടും പരിഗണിക്കുന്നത്.ഹേമ റിപ്പോര്‍ട്ടിലെ പുറത്തുവരാത്ത ഭാഗം കൈമാറുന്നത് തടയാന്‍ വിവരാവകാശ കമ്മിഷനില്‍ അവസാന നിമിഷം ഹര്‍ജിയെത്തിയതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.