സെക്രട്ടേറിയറ്റിന് മുന്‍പില്‍ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് സ്ഥാപിച്ച സംഭവം; രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; സംഘടന ചെയ്തത് ഗുരുതരമായ തെറ്റ്, ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി; എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സര്‍വീസ് സംഘടന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംഘടന ചെയ്തത് ഗുരുതരമായ തെറ്റാണെന്നും സംഘടനാ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഇവര്‍ക്കെതിരേ എന്ത് നടപടിയാണ് എടുത്തതെന്ന് സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നടിപടിയെടുത്തതിന്റെ വിശദാംശം പൊലീസ് മേധാവിയേയും അറിയിക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം. സംഘനയുടെ നടപടി കോടതിയലക്ഷ്യമെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു. നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടനയാണ് കോടതിയലക്ഷ്യ പ്രവര്‍ത്തനം ചെയ്തത്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസ്സോസിയേഷനാണ് ഫ്‌ലക്‌സ് ബോര്‍ഡ് വെച്ചത്. ഫ്‌ലെക്‌സ് വെച്ചത് പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം ഉണ്ടാക്കുന്ന രീതിയിലാണ്. കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അമിക്യസ്‌ക്യുറി പറഞ്ഞു.
പൊതുനിരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതിയുത്തരവ് കാറ്റില്‍പ്പറത്തി കൊണ്ടാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയുടെ കൂറ്റന്‍ ഫ്‌ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപമാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ടോട് കൂടിയ ബോര്‍ഡ് നടപ്പാതയില്‍ സ്ഥാപിച്ചത്. സി.പി.എം. അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ഫ്‌ലക്സ് ബോര്‍ഡ് മാറ്റാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി എടുത്തു മാറ്റുകയായിരുന്നു.
എന്നാല്‍ ഭാരവാഹികള്‍ ബോര്‍ഡ് മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി ബോര്‍ഡ് മാറ്റി. അതേസമയം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന സംഘടനയുടെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടതായിരുന്നു ബോര്‍ഡ്. മുഖ്യമന്ത്രിക്ക് പുറമേ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എ.യുടെ ചിത്രവും ബോര്‍ഡിലുണ്ടായിരുന്നു.
നിരത്തുവക്കുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത് കഴിഞ്ഞ മാസമാണ്. ഇതിന്റെയടിസ്ഥാനത്തില്‍, അനുമതിയില്ലാതെ സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും കഴിഞ്ഞ 18 ന് മുന്‍പു നീക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അടുത്തിടെയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.