ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള അപേക്ഷ നിരസിച്ചതിൽ തഹസിൽദാറുമായി തർക്കം; സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പരാതി; 'ഉദ്യോഗസ്ഥർ യജമാനരല്ല, ജനങ്ങളുടെ സേവകർ'; മനുഷ്യത്വമില്ലെങ്കിൽ സർക്കാർ പരാജയപ്പെടും'; ഹൈക്കോടതിയുടേത് നിര്‍ണായക ഉത്തരവ്
കൊച്ചി: കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ ജനാധിപത്യത്തിലെ യജമാനരല്ല ജനങ്ങളുടെ സേവകരാണെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥർക്ക് മനുഷ്യത്വപരമായ സമീപനം ഇല്ലെങ്കിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പരാജയപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. തഹസിൽദാർ ഓഫീസിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ കൊല്ലം സ്വദേശിയെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെതാണ് നിരീക്ഷണം.
ഭരണപരമായ തീരുമാനങ്ങൾ കേവലം കടലാസിൽ ഒതുങ്ങുന്നവയല്ലെന്നും അത് മനുഷ്യരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെയാണ് മറക്കുന്നത്. നിയമപ്രകാരം മാത്രം തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥർക്കും പെരുമാറ്റത്തിൽ മനുഷ്യത്വം കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. ഓഫീസുകളിലെത്തുന്നവർ പ്രകോപനപരമായി പെരുമാറിയാൽ പോലും ഉദ്യോഗസ്ഥർ ക്ഷമ കൈവിടരുതെന്നും കോടതി നിർദ്ദേശിച്ചു.
കൊല്ലം പട്ടത്താനം സ്വദേശി മണിലാൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 2020-ൽ മണിലാലിന്റെ ഭാര്യാപിതാവിന്റെ ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള അപേക്ഷ സാങ്കേതിക കാരണങ്ങളാൽ തഹസിൽദാർ നിരസിച്ചിരുന്നു. തുടർന്ന് മണിലാലും തഹസില്‍ദാറുമായി തര്‍ക്കത്തിലാകുകയും ഏറ്റുമുട്ടുകയുമായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പരാതി ഉയരുകയും ചെയ്തു.
ഈ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണിലാല്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ക്ലാർക്കിന്റെ കൈയിൽനിന്ന് ഫയൽ പിടിച്ചുവാങ്ങി മേശപ്പുറത്തിടുകയും കസേര നിലത്തടിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. അസഭ്യം പറയൽ, ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം നൽകിയത്. വിചാരണക്കോടതി മറ്റ് രണ്ട് വകുപ്പുകൾ ഒഴിവാക്കിയെങ്കിലും ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടാൻ നിർദ്ദേശിച്ചു. ഇതിനെതിരെയാണ് മണിലാൽ ഹൈക്കോടതിയെ സമീപിച്ചത്. ബാങ്ക് മാനേജരായ ഹർജിക്കാരൻ ഇത്തരം പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.