വേദിയില്‍ വച്ച് അപമാനിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ അഭിമുഖത്തിലും അപമാനിച്ചു; ഭീകരമായ അധിക്ഷേപം നേരിട്ടത് കൊണ്ടാണ് പരാതി കൊടുത്തത്; ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും ഹണി റോസ്; തെറ്റായ ഉദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോച്ചെ; ബോബി ചെമ്മണ്ണൂരിന് എതിരെ ജാമ്യമില്ലാ കേസെടുത്തു; 20 യൂട്യൂബര്‍മാര്‍ക്ക് എതിരെയും പരാതി

ബോബി ചെമ്മണ്ണൂരിന് എതിരെ കേസെടുത്തു

Update: 2025-01-07 13:37 GMT

കൊച്ചി: നിരന്തരമായി മോശം പെരുമാറ്റം ഉണ്ടായത് കൊണ്ടാണ് വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരെ പരാതി നല്‍കിയതെന്ന് നടി ഹണി റോസ്. തനിക്കെതിരായ അശ്ലീല അധിക്ഷേപങ്ങള്‍ക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍, നേരിട്ടെത്തി പരാതി നല്‍കിയ ശേഷം ടെലിവിഷന്‍ ചാനലുകളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്.

പരാതി കൊടുക്കേണ്ട എന്ന് ഒരു ഘട്ടത്തിലും തോന്നിയില്ല. അതിന്റെ നിയമപരമായ സാന്നിധ്യങ്ങള്‍ എല്ലാം പരിശോധിച്ച് വരുകയായിരുന്നു. അതില്‍ ആദ്യ പ്രതികരണം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ അന്ന് എഴുതിയത്. ആദ്യം ആളുകളിലേക്ക് ഈ വിഷയം എത്തിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. അത് ഒരു മുന്നറിയിപ്പൊന്നും അല്ല, അല്ലാതെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയാല്‍ അത് അദ്ദേഹം കേള്‍ക്കുമോ?

എത്രയോ നാളുകളായി ഞാനും എന്റെ കുടുംബവും വലിയ ഹരാസ്‌മെന്റിലൂടെയാണ് കടന്നുപോകുന്നത്. അത് ശ്രദ്ധയില്‍പെടുത്തിയിട്ടും വീണ്ടും വീണ്ടും അത് തുടരുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഏറ്റവും മോശമായാണ് അപമാനിച്ചത്. അതൊന്നും കേട്ടുനില്‍ക്കേണ്ട കാര്യം എനിക്കോ, അല്ല ലോകത്ത് ഒരാള്‍ക്കും ഇല്ല.

ഇതിനെതിരെ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ നൂറുശതമാനം ചെയ്യും. അതിന്റെ നിയമപരമായ എല്ലാ വശങ്ങളും മനസിലാക്കി മുന്നോട്ട് പോകണം എന്നുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഈ നടപടികള്‍. താന്‍ ഏതെങ്കിലും ഉദ്ഘാടനത്തിന് എത്തുന്നത് പൂര്‍ണ്ണമായും മാനേജര്‍ വഴിയാണ്. അല്ലാതെ ഏതെങ്കിലും സ്ഥാപനത്തിന്റെ ഓണറുമായി എനിക്ക് നേരിട്ട് ബന്ധമില്ല. പലപ്പോഴും ഉദ്ഘാടന വേദിയിലാണ് ഓണറുമാരെ ഞാന്‍ കാണാറ്.

ഈ വ്യക്തിയോടും അത്തരത്തിലുള്ള ബന്ധമാണ് ഉള്ളത്. ഞാന്‍ സിനിമയില്‍ എത്തിയ കാലത്ത് ഇദ്ദേഹത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അന്ന് ഇയാള്‍ അവിടെ ഉള്ളത് പോലും ഓര്‍മ്മയില്ല. നാല് മാസം മുന്‍പ് ഇദ്ദേഹത്തിന്റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയി. എന്നാല്‍ അവിടെ എന്നെ വേദിയില്‍ വച്ച് മോശമായി അപമാനിച്ചു.

തിരിച്ചെത്തി മാനേജറോട് അടക്കം ഇത് വളരെ മോശമായി എന്ന് പറഞ്ഞു. അതിന് ശേഷം ഇതേ വ്യക്തിയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ വന്നെങ്കിലും ഞാന്‍ എടുത്തില്ല. ഇതിന്റെയെല്ലാം വൈരാഗ്യമാകാം മോശമായി ഇങ്ങനെ കാണിക്കുന്നത്. താന്‍ നേരിട്ട് എത്തി എസ് എച്ച് ഒയുടെ കൈയ്യിലാണ് പരാതി നല്‍കിയിരിക്കുന്നത് ഹണി റോസ് പറഞ്ഞു.

എന്റെ അതൃപ്തി അറിയിച്ചിട്ടും അദ്ദേഹമുള്‍പ്പെടുന്ന മറ്റ് പരിപാടികളില്‍നിന്ന് മാറിനിന്നിട്ടുപോലും വീണ്ടും മോശമായ പരാമര്‍ശങ്ങളും ദ്വയാര്‍ഥമുള്ള ആംഗ്യങ്ങളും എനിക്കെതിരേ അദ്ദേഹം നടത്തുകയായിരുന്നു. കടുത്ത ലൈംഗിക വൈകൃതമായിരുന്നു അതെല്ലാം. അതിന്റെ ബാക്കിയായി സമൂഹമാധ്യമങ്ങളില്‍ കമന്റ് ബോക്സിലും ഇന്‍ബോക്സിലുമെല്ലാം പല ആളുകളിലൂടെ ഇത് തുടര്‍ന്നു. സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്.

പല പ്ലാറ്റ്ഫോമിലും എന്റെ ശരീരത്തെ അധിക്ഷേപിച്ചും ദ്വയാര്‍ഥത്തോടെയും ആംഗ്യം കാണിച്ചുമെല്ലാം അദ്ദേഹം പ്രതികരിക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ സ്ഥാപനവമായി സഹകരിച്ചതുകൊണ്ടുമാത്രം ഭീകരമായ അധിക്ഷേപമാണ് ഞാന്‍ അനുഭവിച്ചത്. അതുകൊണ്ടാണ് പരാതി കൊടുത്തത്. ഇത് ഇവിടംകൊണ്ട് അവസാനിക്കില്ല. അങ്ങനെ നിര്‍ത്തിപ്പോവാന്‍ വേണ്ടിയല്ല ഇത് തുടങ്ങിയത്. ഇത്രയും വര്‍ഷമായി ഒരു വാക്ക് പോലും പറഞ്ഞ് വിവാദമുണ്ടാക്കിയിട്ടില്ല. പക്ഷെ, ഇത് ഇനി സഹിക്കാന്‍ എനിക്കോ എന്റെ കുടുംബത്തിനോ പറ്റില്ല. നേരത്തേയും ഇത്തരം അധിക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബോബി ചെമ്മണ്ണൂരുമൊത്തുള്ള പരിപാടിക്ക് പോയതോടെയാണ് ഇത്രയും രൂക്ഷമായി നേരിട്ട് അനുഭവിക്കുന്നത്.

ആദ്യമിട്ട പോസ്റ്റുകളില്‍ പേര് പരാമര്‍ശിക്കാതിരുന്നത് ബോധപൂര്‍വമാണ്. സമയമെടുത്ത്, നിയമവശങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷം പേരുപറയാനാണ് കാത്തിരുന്നത്. എനിക്കെതിരേ നടക്കുന്ന ആക്രമണവും അധിക്ഷേപവും എന്നെയെന്ന പോലെ കുടുംബത്തേയും ബാധിച്ചു. ഈ അടുത്തകാലത്തായി ഞാന്‍ ഉത്കണ്ഠയുടേയും ഡിപ്രഷന്റേയും ചികിത്സ തേടിയിട്ടുണ്ട്. എനിക്കുണ്ടായ ബുദ്ധിമുട്ടുകളെല്ലാം വന്നത് സമൂഹത്തിലെ ഇത്തരം ആളുകളില്‍ നിന്നാണ്. ഇനിയെങ്കിലും ഇതിനെതിരേ രംഗത്തുവന്നില്ലെങ്കില്‍ ജീവിച്ചിട്ട് കാര്യമില്ലെന്ന് തോന്നി. അതാണ് നിയമനടപടിയിലേക്കെത്തിയത്.

നിയമ നടപടികളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പേരോ ചിത്രമോ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് 'എന്റെ പേരും ചിത്രവും തന്നെ ഉപയോഗിക്കണം' എന്ന് ഹണി റോസ് മറുപടി നല്‍കി. 'എന്റെ പേര് ഉപയോഗിച്ചാണ് അവര്‍ അധിക്ഷേപം നടത്തിയത്, അതിനാല്‍ ഞാന്‍ നടത്തുന്ന നിയമപോരാട്ടത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് എന്റെ പേര് ഉപയോഗിക്കണം', ഹണി റോസ് ആവശ്യപ്പെട്ടു.


Full View

അതേസമയം, തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണൂര്‍. മാസങ്ങള്‍ക്ക് മുന്‍പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോള്‍ പരാതിയുമായി വരാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.


'' ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാന്‍ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കുന്തീദേവി എന്നു പറഞ്ഞാല്‍ അതില്‍ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതില്‍ ദ്വയാര്‍ഥമുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ചടങ്ങില്‍ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാന്‍ കാരണമെന്ന് അറിയില്ല. തെറ്റിദ്ധരിച്ചായിരിക്കും പരാതി. ''

'' തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ല. ഹണി റോസിന്റെ മാനേജര്‍ എന്റെ മാനേജരോട് സംസാരിച്ചിരുന്നു. ഇഷ്ടമില്ലെങ്കില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ താരം തമാശയായി എടുക്കുമെന്നാണ് കരുതിയത്. എന്റെ വാക്കുകളെ പലരും സമൂഹമാധ്യമത്തില്‍ മറ്റൊരു രീതിയില്‍ പ്രയോഗിച്ചതാകാം പരാതിക്ക് ഇടയാക്കിയത്. ഞാന്‍ പറയാത്ത വാക്ക് സമൂഹമാധ്യമത്തില്‍ ചിലര്‍ ഉപയോഗിച്ചു. അത് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കാം.''ബോബി ചെമ്മണൂര്‍ പറഞ്ഞു.

ഹണി റോസിന്റെ പരാതിയില്‍, സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്.

നടിയുടെ ചിത്രം മോശമായ രീതിയില്‍ തംബ്‌നെയില്‍ ആയി ഉപയോഗിച്ച 20 യുട്യൂബര്‍മാര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ബോച്ചെയ്ക്ക് എതിരെ പരാതി നല്‍കിയ വിവരം നടി തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണു പുറത്തുവിട്ടത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണു പരാതി നല്‍കാന്‍ തീരുമാനിച്ചത്. വൈകിട്ട് അഞ്ചരയോടെയാണു സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി കൈമാറിയത്.

Tags:    

Similar News