ഹണിട്രാപ്പില്‍ കുടുങ്ങിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പേഴ്സണല്‍ അസിസ്റ്റന്റും; മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം; സെക്രട്ടറിയേറ്റിലെ 'സുന്ദരി' വിവാദം സ്ഥിരീകരിച്ച് ഇന്റലിജന്‍സിന്റെ വിശദ അന്വേഷണം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍

Update: 2025-03-09 07:26 GMT

തിരുവനന്തപുരം: വകുപ്പിലെ ജീവനക്കാരിയുമായി അശ്ലീലസംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഓഫീസ് കുരുക്കിലായെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സെപ്ഷ്യല്‍ ബ്രാഞ്ച് അന്വേഷണം. സംഭാഷണം റെക്കോഡ് ചെയ്ത യുവതി മന്ത്രി ഓഫീസിലെ ചില ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യിച്ചതായും ആരോപണമുയര്‍ന്നിരുന്നു. മന്ത്രി ഓഫീസില്‍ ഇത് വലിയ പൊട്ടിത്തെറിയായി മാറി. മന്ത്രി ഓഫീസില്‍ നിന്നും ഒരാള്‍ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം വസ്തുതയാണെന്ന വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ എടുക്കും.

ഇത് സംബന്ധിച്ച് മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതിവേഗം വിശദ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറിയത്. ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കെതിരേയാണ് പരാമര്‍ശം. ഇതേത്തുടര്‍ന്ന് മന്ത്രി ഓഫീസില്‍ ഇനിയും തുടരാനാവില്ലെന്നു കാണിച്ച് സംഭവങ്ങളുമായി ബന്ധമില്ലാത്ത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജി നല്‍കിയെങ്കിലും അംഗീകരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മറുനാടനും വിഷയം സമഗ്രമായി ചര്‍ച്ചയാക്കി.

കോഴിക്കോട് സ്വദേശിയായ പേഴ്സണല്‍ അസിസ്റ്റന്റെ മന്ത്രിയുടെ അതിവിശ്വസ്തനാണ്. ഈ വിവാദം പിണറായി സര്‍ക്കാരിന് തന്നെ തലവേദനയായി മാറും. ഏറെ നാളായി പ്രസ്തുത വകുപ്പില്‍ പലതും നടക്കുന്നു. ഒന്നിനും ഏകോപനവുമില്ല. ഇതിനിടെയാണ് പുതിയ ഹണിട്രാപ്പ് വിവാദം. ഫോണ്‍ റിക്കോര്‍ഡിംഗും മറ്റും നടന്നത് ഓഗസ്റ്റിലാണ്. ജോലിസ്ഥലത്ത് പല പരാതികള്‍ ഉയര്‍ന്നതുകാരണം യുവതിയെ സ്ഥലംമാറ്റിയിരുന്നു. സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ മന്ത്രിയെയും മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെയും സമീപിച്ചു. മുമ്പും ഈ ഉദ്യോഗസ്ഥ പലരേയും കുടുക്കിയെന്ന ആരോപണമുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥയാണ് താല്‍പ്പര്യമുള്ളിടത്ത് സ്ഥലം മാറ്റത്തിന് നീക്കം തുടങ്ങിയത്. പരാതികളുടെ ഗൗരവം കണക്കിലെടുത്ത് ഇവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കുന്നതിനെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തു.

പരാതി അന്വേഷിക്കാനും വകുപ്പ് നടപടിയെടുത്തു. ഇതോടെ, ഉദ്യോഗസ്ഥര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തത് കൈവശമുണ്ടെന്നും അവകാശപ്പെട്ട് യുവതി രംഗത്തെത്തി. ഇതോടെ കഥ മാറി മറിഞ്ഞു. യുവതി ജോലിചെയ്ത സ്ഥലത്തെ മേലധികാരിയായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ തിരിച്ചെടുത്ത് താന്‍ നിര്‍ദേശിക്കുന്നയിടത്ത് നിയമിക്കണമെന്നും തനിക്കെതിരേ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. പിന്നീട് ഇതെല്ലാം സംഭവിച്ചുവെന്നതാണ് വസ്തുത. ആ ലോബി ആ വകുപ്പിനെ വിഴുങ്ങി.

മാനസികമായി പീഡിപ്പിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരേ നല്‍കിയ പരാതി. ഇതൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ വകവെച്ചില്ല. ഇതോടെ തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിവേണമെന്നാവശ്യപ്പെട്ട് യുവതി ഭീഷണി കടുപ്പിച്ചു. യുവതിയുടെ സമ്മര്‍ദത്തിനുവഴങ്ങി ആവശ്യപ്പെട്ടതെല്ലാം പല ഘട്ടങ്ങളിലായി മന്ത്രിയുടെ ഓഫീസ് ചെയ്തുകൊടുത്തു. യുവതിയെയും അവര്‍ നിര്‍ദേശിച്ചപ്രകാരം മേലധികാരിയെയും ആവശ്യപ്പെട്ട സ്ഥലത്തേക്കുതന്നെ മാറ്റിനിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം വയനാട്ടിലേക്കും സ്ഥലംമാറ്റി. അതിവിചിത്രമായി ഈ സംഭവമെല്ലാം. ഈ ഉദ്യോഗസ്ഥനെതിരേ നല്‍കിയ പരാതിയില്‍ വനിതാ കമ്മിഷന്‍ യുവതിക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തന്നെ വനിതാ കമ്മിഷന്‍ കേട്ടില്ലെന്നുകാട്ടി ഉദ്യോഗസ്ഥന്‍ അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. ഈ തീരുമാനം യുവതി അംഗീകരിച്ചില്ല.

അവര്‍ വീണ്ടും സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിതമായി. ബുധനാഴ്ച ഇതിന് ഉത്തരവുമിറങ്ങി. ഇതോടെ 'ഹണിട്രാപ്പ്' ചര്‍ച്ച പുതിയ തലത്തിലുമെത്തി. ഇതിന്റെ നിജസ്ഥിതിയാണ് പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ചതും വിശദ റിപ്പോര്‍ട്ട് നല്‍കിയതും.

Tags:    

Similar News