ആലപ്പുഴ ജിംഖാനയുടെ സംവിധായകനും ആലപ്പുഴയില്‍ എക്‌സൈസ് പിടിയിലായ തസ്ലീമയും തമ്മില്‍ അടുത്ത ബന്ധമോ? തല്ലുമാലക്കാരനെ കുടുക്കിയത് ഭീമന്റെ വഴിയേ ഉള്ള എക്‌സൈസിന്റെ രഹസ്യാന്വേഷണ മികവ്; ഭയന്ന് വിറച്ച് മട്ടാഞ്ചേരി മാഫിയ; സിനിമയിലെ 'ഒറ്റുകാരെ' ഭയന്ന് രാസലഹരിക്ക് അടിമയായവര്‍; 'ഓപ്പറേഷന്‍ ഗോശ്രീ' എല്ലാ അര്‍ത്ഥത്തിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് എക്‌സൈസിന്റെ രഹസ്യാന്വേഷണ മികവ്. സിനിമയ്ക്കുള്ളിലെ ചിലരെ തന്നെ വിവര ശേഖരണത്തിന് എക്‌സൈസ് ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നല്‍കിയ കൃത്യമായ വിവരമാണ് നിര്‍ണ്ണായകമായത്. ഈ അറസ്റ്റോട് കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാര്‍ എല്ലാം അങ്കലാപ്പിലാണ്. നേരത്തെ ഷൈന്‍ ടോം ചാക്കോയുടെ ഹോട്ടല്‍ റെയ്ഡിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും പോലീസിന് കിട്ടിയ രഹസ്യ വിവരമാണ്. സിനിമയ്ക്കുള്ളില്‍ തന്നെ 'ഒറ്റുകാര്‍' ഉണ്ടെന്ന് മട്ടാഞ്ചേരി മാഫിയ തിരിച്ചറിയുന്നു. ഇപ്പോള്‍ കഞ്ചാവും മയക്കുമരുന്നും കിട്ടുക പ്രയാസമാണെന്ന് ഷൈന്‍ ടോം ചോക്കോ പോലീസിനോട് പറഞ്ഞിരുന്നു. പോലീസിന്റേയും എക്‌സൈസിന്റേയും നീക്കങ്ങളാണ് കഞ്ചാവിനെ സെറ്റില്‍ നിന്നും അകറ്റുന്നത്. ഇതിനിടെയാണ് രണ്ടു സംവിധായകരെ എക്‌സൈസ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പൊക്കുന്നത്. മട്ടാഞ്ചേരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്നും സൂചനയുണ്ട്. അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങള്‍.
ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെ. ഇവരടക്കം മൂന്നു പേരാണ് എക്സൈസിന്റെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുള്ള മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. ഇവര്‍ പിടിയിലായ ഫ്ളാറ്റില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനായി സ്ഥിരം ആളുകള്‍ ഒത്തുകൂടാറുണ്ടെന്ന് വിവരം ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംവിധായകന്‍ തന്നെയായ സമീര്‍ താഹിറിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഈ ഫ്ളാറ്റ്. ഗോശ്രീ പാലത്തിന് സമീപമുള്ള പൂര്‍വ്വഗ്രാന്‍ഡ്ബേയിലുള്ള 506-ാം ഫ്ളാറ്റില്‍നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും നാലഞ്ചു വര്‍ഷമായി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്സൈസ് അറിയിച്ചു. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകും. 1.6 ഗ്രാം കഞ്ചാവ് ആണ് സംവിധായകരില്‍നിന്ന് പിടികൂടിയത്. അളവില്‍ കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. എങ്കിലും കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാര്‍ക്ക് ഈ റെയ്ഡും അറസ്റ്റും പാഠമാണ്.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന എന്ന സ്ത്രീയും ഭര്‍ത്താവും സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി വിതരണം ചെയ്തിരുന്നതായി നേരത്തെ എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ പിടിയിലായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയ്ക്കും ഇവരുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമല്ല. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. രണ്ടു പേരും സൂപ്പര്‍ ഹിറ്റുകളുടെ തമ്പുരാന്മാര്‍. സംഭവത്തില്‍ വിശദമായ തുടരന്വേഷണം നടത്തുമെന്ന് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെപി പ്രമോദ് അറിയിച്ചു. സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷിച്ച് അയാളെ കണ്ടെത്തുമെന്നും പ്രമോദ് പറഞ്ഞു.
വിതരണം ചെയ്തയാളെ കേന്ദ്രീകരിച്ച് അടക്കം വിശദമായ അന്വേഷണം നടത്തും. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധനയെന്നും സംവിധായകരടക്കം മൂന്നുപേരാണ് ഫ്‌ലാറ്റിലുണ്ടായിരുന്നതെന്നും കഞ്ചാവ് ഉപയോഗിക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്നും പ്രമോദ് പറഞ്ഞു. തുടര്‍ന്ന് നിയമപരമായി കഞ്ചാവ് പിടിച്ചെടുക്കുകയും കസ്റ്റഡിയിലെടുത്ത് എക്‌സൈസ് ഓഫീസിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷമാണ് ജാമ്യത്തില്‍ വിട്ടത്. ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 1.6 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ജാമ്യം നല്‍കാവുന്ന കേസായതിനാലാണ് വിട്ടയച്ചതെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെപി പ്രമോദ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. സിനിമക്കാരല്ല, ഏതുമേഖലയിലായാലും ലഹരി ഉപയോഗം തെറ്റാണ്. അതിനെതിരെ എക്‌സൈസ് എല്ലാമേഖലയിലും ശക്തമായ പരിശോധന തുടരും. ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവ് ഇവിടെ വ്യാപകമാകുന്നുണ്ട്. അത് നാടിന് വളരെ ദോഷം ചെയ്യുന്നതാണ്. വിദേശത്തുനിന്നടക്കമാണ് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. ഉറവിടം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ ഗോ ശ്രീയ്ക്ക് സമാനമായ ഓപ്പറേഷന്‍ എക്‌സൈസ് വരും ദിവസങ്ങളിലും തുടരും. മട്ടാഞ്ചേരി മാഫിയയിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് എക്‌സൈസിന്റെ തീരുമാനം.