മൂന്ന് ദിവസം കൊണ്ട് അമ്പത് കോടി നേടുമെന്ന പ്രതീക്ഷയില്‍ രജപുത്ര; ഇന്ത്യയില്‍ നിന്ന് മാത്രം രണ്ടര ദിവസം കൊണ്ട് 16.7 കോടി നേടിയെന്ന് ഏജന്‍സികള്‍; മൂന്നാം ദിനം കഴിയുമ്പോള്‍ ആ വിലയിരുത്തലുകളില്‍ തന്നെ നേട്ടം 25കോടിക്ക് മുകളില്‍ പോകും; മലയാള സിനിമയിലെ എമ്പുരാനായി 'തുടരും'! നൂറ് കോടി നേട്ടം ഉറപ്പായി

Update: 2025-04-27 08:42 GMT

തിരുവനന്തപുരം: അഞ്ചു ദിവസം കൊണ്ട് എമ്പുരാന്‍ നേടിയത് 24 കോടിയാണെന്നാണ് ഔദ്യോഗിക കണക്ക്. മലയാളത്തിലെ ഏറ്റവും പണവാരി ചിത്രമാണ് എമ്പുരാന്‍ എന്ന് നിര്‍മ്മതാക്കളും അവകാശപ്പെടുന്നു. എന്നാല്‍ എമ്പുരാന്റെ അവകാശ വാദങ്ങളൊന്നുമില്ലാതെ എത്തിയ തുടരും അത്ഭുതമാവുകയാണ്. രണ്ടര ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ 16.7കോടി കടന്നു. അതായത് നൂറു കോടി ക്ലബ്ബിലേക്ക് തുടരും ഓടിയെത്തുമെന്ന് സാരം. വിവിധ ഏജന്‍സികളുടെ കണക്കില്‍ ഇന്ത്യയിലെ മാത്രം കളക്ഷനാണ് 16.7 കോടി. വിദേശ കളക്ഷനൊന്നും പുറത്തു വന്നിട്ടില്ല. എമ്പുരാന് ചെലവായത് 170 കോടിയെങ്കില്‍ അത്രയൊന്നും മുടക്കമുതല്‍ ഇല്ലാത്ത തുടരും എന്ന മോഹന്‍ലാല്‍ സിനിമ നിര്‍മ്മതാക്കള്‍ക്ക് ലാഭം ഉറപ്പാക്കുകയാണ്. ഒടിടിയും സാറ്റലൈറ്റ് റൈറ്റും എല്ലാം ചേരുമ്പോള്‍ പ്രൊഡ്യൂസര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ചിരിക്കാനുള്ള വക തുടരും നല്‍കും. മോഹന്‍ലാലിന്റെ അഭിനയ മികവും തരുണ്‍ മൂര്‍ത്തിയുടെ സംവിധായക മികവുമെല്ലാം ചര്‍ച്ചയാക്കിയാണ് തുടരും തിയേറ്ററുകളില്‍ ആവേശമാകുന്നത്.

സാക്‌നിക് വെബ് സൈറ്റിന്റെ കണക്ക് പ്രകാരം ആദ്യ ദിവസം 5.25 കോടിയാണ് തുടരും കളക്ട് ചെയ്തത്. രണ്ടാം ദിനം അത് 8.96 കോടിയായി. മൂന്നാം ദിനം 12 മണിവരെ 2.49 കോടിയും കളക്ട് ചെയ്തു. മൂന്നാം ദിനം ഞായറാഴ്ച ആയതു കൊണ്ട് തന്നെ വലിയ കളക്ഷന്‍ കണക്കുകള്‍ മൂന്നാം ദിനത്തിന്റേതായി പുറത്തു വരാന്‍ സാധ്യതയുണ്ട്. പത്ത് കോടിയോട് അടുത്ത് കളക്ഷന്‍ എത്തുമെന്നാണ് വിലയിരുത്തല്‍. അതായത് ഞായറാഴ്ച ഉച്ചവരെ 16.7 കോടി എന്ന കണക്ക് രാത്രിയാകുമ്പോള്‍ 25 കോടി എത്താന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ 25 കോടി കളക്ട് ചെയ്യുന്ന മലയാള ചിത്രമായി തുടരും മാറും. എമ്പുരാന്റെ നിര്‍മ്മതാക്കള്‍ ഇതിന് മുകളില്‍ ഇന്ത്യാ കളക്ഷന്‍ മൂന്ന് ദിവസം കൊണ്ട് നേടിയെന്ന് അവകാശപ്പെടുന്നുണ്ട്. തുടരും ചിത്രത്തിന്റെ ആകെ കച്ചവടം നൂറ് കോടിക്ക് മുകളിലേക്ക് പോകുമെന്ന് ഉറപ്പാണ്. ഒടിടിക്കാരും സാറ്റലൈറ്റ് കാരും വന്‍ തുക ഈ തരുണ്‍ മൂര്‍ത്തി ചിത്രത്തിന് നല്‍കുമെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. തള്ളില്ലാതെ എത്തിയ കൊച്ചു മോഹന്‍ലാല്‍ ചിത്രമാണ് തുടരും. നേരത്തെ നേര് എന്ന മോഹന്‍ലാലിന്റെ കോര്‍ട്ട് മൂവിയും ഇത്തരത്തില്‍ തിയേറ്ററുകളില്‍ ആവേശമുണ്ടാക്കിയിരുന്നു.

അതിനിടെ ആഗോളതലത്തില്‍ രണ്ടാം ദിനം 24 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത് എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരും പറയുന്നു. ഇതോടെ ചിത്രം നേടിയ കലക്ഷന്‍ 40 കോടിയായി. ആദ്യദിവസം മികച്ച ഓപ്പണിങ് കലക്ഷന്‍ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി 'തുടരും' മാറി. ബുക്ക്‌മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളില്‍ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. ഇപ്പോഴും ഇതേ ട്രെന്‍ഡ് തുടരുകയാണ്. ഈ കണക്ക് മുഖവിലയ്ക്ക് എടുത്താല്‍ രണ്ടു ദിനം കൊണ്ട് അമ്പത് കോടി ക്ലബ്ബിലേക്ക് തുടരും എത്തും. വരും ദിവസങ്ങളില്‍ സിനിമയുടെ കലക്ഷന്‍ കുത്തനെ ഉയരാനാണ് സാധ്യത. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ അര്‍ദ്ധരാത്രി പ്രത്യേക ഷോ പല തിയറ്ററുകളിലും കളിക്കേണ്ടി വന്നു. ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. 'എമ്പുരാനില്‍' സ്‌റ്റൈലിഷ് മാസ് അവതാരമായ മോഹന്‍ലാലിനെയാണ് ആഘോഷിച്ചതെങ്കില്‍ ഈ സിനിമയില്‍ വിന്റേജ് മോഹന്‍ലാലിനെ കാണാം. മോഹന്‍ലാല്‍ എന്ന പെര്‍ഫോമറെ ഒരുപാട് നാളുകള്‍ക്കുശേഷം കാണാനായി എന്നാണ് തുടരും സിനിമയുടെ പ്രത്യേകത.

ഫീല്‍ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോള്‍ ത്രില്ലര്‍ മൂഡിലേക്കു മാറുന്നു. 2 മണിക്കൂര്‍ 46 മിനിറ്റാണ് സിനിമയുടെ റണ്‍ ടൈം. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

'തുടരും' സിനിമയ്ക്ക് ലഭിക്കുന്ന ഹൃദയസ്പര്‍ശിയായ പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ രംഗത്തു വന്നിരുന്നു. പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിക്കുകയും വിനീതനാക്കുകയും ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു. ഈ സിനിമയെ ഹൃദയം തുറന്നു സ്വീകരിച്ചതിനു അതിന്റെ ആത്മാവ് കണ്ടതിനും നന്ദി. സത്യസന്ധതയോടെ എടുത്ത ചിത്രം പ്രേക്ഷകരെങ്കില്‍ പ്രതീക്ഷിച്ച പ്രതിധ്വനി ഉണ്ടാക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ഇതാണ് ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലമെന്നും മോഹന്‍ലാല്‍ കുറിച്ചു.

''തുടരും എന്ന സിനിമയോടുള്ള നിങ്ങളുടെ സ്‌നേഹവും ഹൃദയസ്പര്‍ശിയായ പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും കണ്ട് മറുപടി പറയാന്‍ വാക്കുകള്‍ നഷ്ടമാവുകയാണ്, ഈ അഭിനന്ദന സന്ദേശങ്ങള്‍ എന്നെ കൂടുതല്‍ വിനീതനാക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന്, ഇത്രയും സ്‌നേഹത്തോടെ അതിനെ സ്വീകരിച്ചതിന് നന്ദി. ഈ നന്ദിവാക്കുകള്‍ എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും എനിക്കൊപ്പം നടന്ന്, അവരുടെ സ്‌നേഹവും കഠിനാധ്വാനവും ആത്മാവും അര്‍പ്പിച്ച് എന്നോടൊപ്പം ഈ യാത്രയില്‍ സഞ്ചരിച്ച ഓരോ വ്യക്തികളുടേതുമാണ്.

രഞ്ജിത്ത് എം, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ്, പകരം വയ്ക്കാനില്ലാത്ത ഞങ്ങളുടെ ടീം, നിങ്ങളുടെ കലാപരമായ കഴിവും അഭിനിവേശവുമാണ് തുടരും എന്ന ഈ സിനിമയെ അതിന്റെ ലക്ഷ്യത്തിലെത്തിച്ചത്. ഈ സിനിമ ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാറ്റിനുമുപരി സത്യസന്ധമായാണ് നിര്‍മിച്ചത്. ഇത്രയും ആഴത്തില്‍ അത് പ്രതിധ്വനിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ പ്രതിഫലം. ഇതൊരു അനുഗ്രഹമാണ്. എല്ലാവര്ക്കും ഹൃദയപൂര്‍വ്വം നന്ദി. എന്നെന്നും സ്‌നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍'.-ഇതായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.

Similar News