'വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ അവന്‍ ചെയ്ത ജീവത്യഗമാണ് ഇന്നന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്; മകനെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു; ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്; മകന്‍ ഉള്‍പ്പെടെയുള്ള മരിച്ചവര്‍ക്കെല്ലാം നീതി ലഭ്യമാക്കണം'

Update: 2025-04-25 06:20 GMT

ശ്രീനഗര്‍: 'അവന്‍ അതിഥികളായ അന്യദേശക്കാരെ രക്ഷിക്കാന്‍ തന്റെ ജീവന്‍ ത്യജിച്ചു. മകനെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു,' തന്റെ മകന്റെ മരണവാര്‍ത്ത സ്വീകരിക്കുമ്പോള്‍ കണ്ണീരുമായി പറയുകയാണ് സയ്യിദ് ഹൈദര്‍ ഷാ.

പഹല്‍ഗാമിലെ ബൈസാരന്‍ താഴ്വരയില്‍ ഭീകരരുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ചാണ് 28കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ജീവത്യാഗം ചെയ്തത്. പ്രദേശത്തെ കുതിരസവാരിക്കാരനായി ജോലി ചെയ്തിരുന്ന ആദില്‍, ആക്രമണത്തിനിടെ ഭീകരനില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ചെടുത്ത് യാത്രക്കാരെ സംരക്ഷിക്കാന്‍ ധൈര്യത്തോടെ മുന്നോട്ട് ചെന്നു. അതിനിടെ വെടിയേറ്റ് മരിച്ചു.

'വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ അവന്‍ ചെയ്ത ജീവത്യഗമാണ് ഇന്നന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവന്റെ മരണം എനിക്കു ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഞാനും ജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവന്‍ കാണിച്ച ധൈര്യം ജീവിക്കാനുള്ള ശക്തി തന്നു.' മാതാപിതാക്കളും രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് ആദിലിന്റേത്. ആദിലിന്റെ വിയോഗം കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് ഇല്ലാതാക്കിയത്.

'സംഭവ ദിവസം രാവിലെയാണ് അവനെ അവസാനമായി കണ്ടത്. ഉച്ച കഴിഞ്ഞ 3 മണിയോടെ ബൈസാരനില്‍ വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെട്ടതായി വിവരം കിട്ടി. അപ്പോള്‍ ഞങ്ങള്‍ അവനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്യുച്ച് ഓഫ് ആയിരുന്നു. വൈകീട്ട് 4.30നു വീണ്ടും വിളിച്ചു. ഫോണ്‍ റിങ് ചെയ്‌തെങ്കിലും ആരും എടുത്തില്ല.' 'വൈകീട്ട് ആറ് മണിക്കു ശേഷമാണ് അവന്‍ മരിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത്. എന്റെ മറ്റൊരു മകനും കസിനും ആശുപത്രിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.'

'ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്. മകന്‍ ഉള്‍പ്പെടെയുള്ള മരിച്ചവര്‍ക്കെല്ലാം നീതി ലഭ്യമാക്കണം'- ആ പിതാവ് വ്യക്തമാക്കി. ആദില്‍ നല്ല മനുഷ്യനായിരുന്നുവെന്നു അദ്ദേഹത്തിന്റെ സഹോദരി അസ്മതും പ്രതികരിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്. കുടുംബത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞ അവസ്ഥയിലായെന്നും അസ്മത് പറഞ്ഞു. 

Tags:    

Similar News