കെ എസ് ഇ ബിക്ക് പുതിയ ചെയര്‍മാനും എംഡിയും; മിന്‍ഹജ് അലാം ബോര്‍ഡിന്റെ തലപ്പത്ത്; ഡോ. എ കൗശിഗന് പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗ വകുപ്പിന്റെ അധിക ചുമതല; കെ ജീവന്‍ ബാബു ലാന്‍ഡ് റവന്യു കമ്മീഷണര്‍; ശബരിമല അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചു; സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി
ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം:സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹജ് അലാം ഐഎഎസിനെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) ചെയര്‍മാനും എംഡിയുമായി നിയമിച്ചു. ഇതിന് പുറമെ 11 ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിക്കുകയും അധിക ചുമതലകള്‍ നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗന്‍ ഐഎഎസിന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക വിഭാഗ വകുപ്പിന്റെ അധിക ചുമതല നല്‍കി. ഈ വകുപ്പുകളുടെ അധിക ചുമതലയില്‍ നിന്ന് ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത്കുമാറിനെ ഒഴിവാക്കി.
കേരള വാട്ടര്‍ അതോറിറ്റി എംഡി കെ ജീവന്‍ ബാബുവിനെ ലാന്‍ഡ് റവന്യു കമ്മീഷണറായി നിയമിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിജേഷന്‍ പ്രൊജക്റ്റ് സംസ്ഥാന മാനേജരുടെയും പൂര്‍ണ അധിക ചുമതലയും ഉണ്ടായിരിക്കും.
ഹര്‍ഷില്‍ ആര്‍. മീണ ഐഎഎസിന് അനര്‍ട്ട് സിഇഒയുടെ അധിക ചുമതലയും, വിഷ്ണുരാജ് പി. ഐഎഎസിന് കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയും ലഭിച്ചു.
എന്‍ട്രന്‍സ് കമ്മീഷണര്‍ അരുണ്‍ എസ്. നായര്‍ ഐഎഎസിന് ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയും, നിയമനം ലഭിച്ചു. അഞ്ജന എം. ഐഎഎസിന് കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ, ജോണ്‍ വി. സാമുവല്‍ ഐഎഎസിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും, ആനി ജുലാ തോമസ് ഐഎഎസിന് കയര്‍ വികസന കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതലയും നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ശബരിമല അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്നീ രണ്ട് പുതിയ തസ്തികകളും ഈ ഉത്തരവിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.