വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയത്തില്‍ നിന്നും പിന്മാറി; മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രം; ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം ട്രാന്‍സ്ഫര്‍ ചെയ്തു; മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്; മേഘയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് സുകാന്തിന്റെ ഭീഷണിയെന്നും കുടുംബം
മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്
പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ മലപ്പുറം സ്വദേശിയായ ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ ഫോണില്‍ സംസാരിച്ചിരുന്നത് സുകാന്ത് സുരേഷിനോടായിരുന്നുവെന്ന് പിതാവ് മധുസൂദനന്‍ ആരോപിച്ചു. മകള്‍ക്ക് സുകേഷിന്റെ ഭീഷണി ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും മധുസൂദനന്‍ പറയുന്നു.
മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രമെന്നും പിതാവ് മധുസൂദനന്‍ ആരോപിക്കുന്നത്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
സുകേഷിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. സുകേഷും പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. കൂടുതല്‍ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു. മരണത്തില്‍ സാമ്പത്തിക ചൂഷണം നടന്നുവെന്ന് ആരോപിക്കുകയാണ് പിതാവ് മധുസൂദനന്‍.
മകളുടെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാര്‍ഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തതിനാല്‍ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്.
ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാള്‍ കുറച്ച് പണം നല്‍കുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ നിന്നും വ്യക്തമാകുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി സുകാന്തിനെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുള്ളത്.
ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. മകള്‍ക്ക് വാങ്ങി നല്‍കിയ കാര്‍ എറണാകുളം ടോള്‍ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാര്‍ മോഷണം പോയതാണെന്ന ധാരണയില്‍ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകള്‍ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനന്‍ വിശദമാക്കുന്നത്.
വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെയാണ് സുകാന്ത് പിന്‍മാറിയതെന്നും തനിക്ക് ഐഎഎസ് എടുക്കണമെന്നും പിതാവിന്റെ ചികില്‍സ സംബന്ധമായ കാര്യങ്ങളുണ്ടെന്നുമായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ മാര്‍ച്ച് 24നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. സുകാന്ത് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. അതിന്റെ മനോവിഷമത്തില്‍ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.
മരണദിവസം ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിന് സമീപത്തുകൂടി ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്ന മേഘ പെട്ടെന്നാണ് അതിവേഗത്തില്‍ ട്രാക്കിലേക്ക് ഓടിക്കയറിയത്. ഫോണ്‍വിളി നിര്‍ത്താതെ തന്നെ ട്രാക്കില്‍ തലവച്ചുകിടന്നു, ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമാകുകയും ചെയ്തു. ഐഡി കാര്‍ഡ് കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
രാജസ്ഥാനിലെ ജോധ്പുരില്‍ ട്രെയിനിങിനിടെയാണ് സുകാന്തിനെ മേഘ പരിചയപ്പെട്ടതെന്ന് കുടുംബം പറയുന്നു. സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നാലെ മേഘയുടെ അക്കൗണ്ടിലെത്തുന്ന മുഴുവന്‍ ശമ്പളവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടുവെന്നും മേഘയ്ക്ക് ആവശ്യം വരുമ്പോള്‍ അഞ്ഞൂറും ആയിരവുമായി സുകാന്ത് നല്‍കിയിരുന്നുവെന്നും ബാങ്ക് ഇടപാട് രേഖകള്‍ സഹിതം കുടുംബം ആരോപിക്കുന്നു. മകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലുമുള്ള പണം കൈവശം ഉണ്ടായിരുന്നില്ലെന്നും പിതാവ് പറയുന്നു.
മേഘയുടെ മരണത്തിന് ശേഷമാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതെന്നും മധുസൂദനന്‍ വെളിപ്പെടുത്തി. ഉച്ചയ്ക്ക് ഭക്ഷണം പോലും പണമില്ലാത്തതിനാല്‍ മേഘ കഴിച്ചിരുന്നില്ലെന്നും പിറന്നാളിന് ലഡ്ഡു ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്ന് പറഞ്ഞുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് കേക്ക് വാങ്ങിയാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും മരണശേഷം കൂട്ടുകാര്‍ അറിയിച്ചതായി കുടുംബം വ്യക്തമാക്കി.