ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടെന്ന് ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; യുറേനിയം വീണ്ടെടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നും ഇസ്രായേല്‍ ഭീഷണി; അമേരിക്കയുടെ തുരങ്കവേധ ബോംബറുകള്‍ ആണവ കേന്ദ്രങ്ങള്‍ക്ക് എത്രകണ്ട് നാശം വിതച്ചു എന്നതില്‍ സംശയം
ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടെന്ന് ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി;
ടെല്‍ അവീവ്: ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്ന് കരുതുന്നതായി ഇസ്രായേല്‍. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്ക ഇസ്ഫഹാന്‍, ഫോര്‍ദോ, നതാന്‍സ് ആണവനിലയങ്ങള്‍ തകര്‍ത്തുവെന്നും ഇറാന് ഇനി ആണവ പരിപാടി പുനരാരംഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ബി 2 തുരങ്കവേധ ബോംബറുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിലയങ്ങളുടെ കവാടങ്ങള്‍ മാത്രമാണ് തകര്‍ക്കപ്പെട്ടതെന്നും മലകള്‍ക്ക് താഴെ ഒരു കിലോമീറ്ററിലധികം ആഴത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഇറാന്റെ അനൗദ്യോഗിക വിലയിരുത്തല്‍. ഇതാണ് ഇപ്പോള്‍ ഇസ്രായേലും സ്ഥിരീകരിക്കുന്നത്.
അമേരിക്ക ആക്രമണം നടത്തിയെങ്കിലും ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നത്. വാഷിങ്ടണില്‍ യുഎസ് മാധ്യമപ്രവര്‍ത്തകരോട് ഒരു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥനാണ് പ്രതികരണം നടത്തിയത്. എന്നാല്‍ യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയാല്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
അമേരിക്ക ആക്രമിച്ച മൂന്ന് ആണവകേന്ദ്രങ്ങളില്‍ ഇസ്ഫഹാനിലാണ് ഏറ്റവും കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ ഇറാന് അത് വീണ്ടെടുക്കുക എന്നത് എളുപ്പമല്ല. ഇസ്രയേലിന്റെ നിരീക്ഷണമുണ്ടെന്നും കുഴിച്ചിട്ട യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍ പുതിയ ആക്രമണം നടത്താന്‍ മടിക്കില്ലെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് ഇറാന്‍ രഹസ്യമായി ആയുധനിര്‍മാണം നടത്തുന്നതായാണ് വിവരം ലഭിച്ചത്. ഇത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമേരിക്കയുടെ പങ്കാളിത്തമുണ്ടായാലും ഇല്ലെങ്കിലും ആക്രമണത്തിന് തങ്ങള്‍ ഒരുങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആണവായുധം നിര്‍മിക്കുന്നില്ലെന്നാണ് ഇറാന്‍ പറയുന്നത്.
എന്നാല്‍ അമേരിക്കയുടെ ആക്രമണം മുന്നില്‍ക്കണ്ട ഇറാന്‍, അവരുടെ ആണവകേന്ദ്രങ്ങളില്‍നിന്നും 400 കിലോഗ്രാം യുറേനിയം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി നേരത്തേ ഇസ്രയേല്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മാറ്റപ്പെട്ടിരിക്കുന്ന 400 കിലോഗ്രാം യുറേനിയത്തില്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ചതാണെന്നും 90 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ആണവായുധത്തിനായി ഉപയോഗിക്കുന്നതെന്നുമാണ് ഇസ്രയേല്‍ സൈനികവൃത്തങ്ങള്‍ മുമ്പ് പ്രതികരിച്ചത്.