വനിതാ ട്വന്റി 20 ലോകകപ്പ്: ഇന്ത്യക്ക് സെമി കടക്കണമെങ്കില്‍ പാകിസ്ഥാന്‍ കരുണ കാണിക്കണം; കിവീസിനെ പാക് പട തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യത

Update: 2024-10-14 06:34 GMT

ഷാര്‍ജ: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ വനിതകള്‍ തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതക്ക് മങ്ങലേറ്റിരിക്കുകയാണ്. ഒന്‍പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 151 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

വനിത ട്വന്റി 20 ലോകകപ്പില്‍ സെമിയിലെത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു മാര്‍ഗം മാത്രമാണുള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ വനിതകള്‍ ന്യൂസിലാന്‍ഡ് വനിതകളെ പരാജയപ്പെടുത്തണം. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്താണ്. മുന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റാണ് പാകിസ്ഥാന് ഉള്ളത്. കിവീസിനെ പാക പട പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്കും ന്യൂസിലാന്‍ഡിനും പാകിസ്താനും നാല് പോയിന്റുകള്‍ വീതമാകും. മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കൊപ്പം സെമിയില്‍ കടക്കാം.

പാകിസ്താന് സെമിയില്‍ കടക്കണമെങ്കില്‍ ന്യൂസിലാന്‍ഡിനെതിരെ വലിയ വിജയം ആവശ്യമാണ്. എന്നാല്‍ പാകിസ്താനെതിരെ ന്യൂസിലാന്‍ഡ് ആണ് വിജയിക്കുന്നതെങ്കില്‍ ആറ് പോയിന്റോടെ കിവീസ് സംഘം സെമിയില്‍ കടക്കും. എട്ട് പോയിന്റുള്ള ഓസ്‌ട്രേലിയന്‍ വനിതകള്‍ മാത്രമാണ് ഗ്രൂപ്പില്‍ നിന്നും സെമി ഉറപ്പിച്ചിരിക്കുന്ന ഏക ടീം. നാല് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കന്‍ വനിതകള്‍ നേരത്തെ തന്നെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

Tags:    

Similar News