'ഐഎഫ്എഫ്‌കെ പ്രതിസന്ധിക്ക് പിന്നില്‍ ചലച്ചിത്ര അക്കാദമിയുടെ വീഴ്ച; രാഷ്ട്രീയമല്ല, നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം; പ്രതിഷേധങ്ങള്‍ ഇത് മറയ്ക്കാന്‍'; ആരോപണവുമായി മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍; 12 ചിത്രങ്ങള്‍ക്ക് കൂടി മേളയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതോടെ താല്‍ക്കാലിക ആശ്വാസം

'ഐഎഫ്എഫ്‌കെ പ്രതിസന്ധിക്ക് പിന്നില്‍ ചലച്ചിത്ര അക്കാദമിയുടെ വീഴ്ച; രാഷ്ട്രീയമല്ല

Update: 2025-12-17 06:50 GMT

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ പ്രതിസന്ധിക്ക് കാരണം നടപടിക്രമങ്ങളില്‍ ചലച്ചിത്ര അക്കാദമി വരുത്തിയ വീഴ്ചയെന്ന് മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ വിമര്‍ശനം. സിനിമകളുടെ പട്ടിക കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് സമയത്തിന് കൈമാറിയില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീപിക സുശീലന്‍ ആരോപിക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത് എന്നാണ് ആരോപണം. നവംബര്‍ ആദ്യവാരം സമര്‍പ്പിക്കേണ്ട പട്ടിക നല്‍കിയത് ഡിസംബറില്‍ ആണെന്നും, വീഴ്ച മറയ്ക്കാനാണ് നിലവിലെ പ്രതിഷേധങ്ങള്‍ എന്നും 2022 ലെ ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ദീപീക സുശീലന്റെ വിമര്‍ശനം.

സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത് ഏറെ വൈകിയാണെന്ന വിമര്‍ശനമാണ് ദീപിക സുശീലന്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടികയും രേഖകളും നവംബര്‍ ആദ്യമെങ്കിലും സമര്‍പ്പിക്കണമെന്ന് ദീപിക സുശീലന്‍ പറയുന്നു. ചലച്ചിത്ര അക്കാദമി പട്ടിക സമര്‍പ്പിച്ചത് ഡിസംബര്‍ മാസമാണ്. സെന്‍സര്‍ ഇളവ് പ്രക്രിയ തല്‍ക്ഷണം നടക്കുന്നതല്ലെന്നും സംഘാടകര്‍ ഉചിതമായ നടപടിക്രമങ്ങള്‍ എടുത്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നടപടിക്രമങ്ങളില്‍ ചലച്ചിത്ര അക്കാദമി വരുത്തിയ വീഴ്ചയെ, രാഷ്ട്രീയപരമായ ലക്ഷ്യങ്ങളായി ചിത്രീകരിക്കപ്പെടുന്നെന്ന് ദീപിക സുശീലന്‍ ആരോപിക്കുന്നു. രാഷ്ട്രീയമല്ല, നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. വൈകി സമര്‍പ്പിച്ചത് കാരണം പ്രദര്‍ശനാനുമതി നല്‍കാനില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വീഴ്ച മറയ്ക്കാനാണ് നിലവിലെ പ്രതിഷേധങ്ങള്‍. പിആര്‍ സ്റ്റണ്ടുകള്‍ക്കായി സിനിമാ പ്രേമികളെ മുതലെടുത്ത് പ്രതിഷേധം നടത്തുന്നത് ചലച്ചിത്ര മേളയുടെ മഹത്വം ഇല്ലാതാക്കും. തെറ്റായ കൈകാര്യം ചെയ്യലുകള്‍ വരാനിരിക്കാന്‍ ഉള്ള മേളകളെ ബാധിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ദീപിക അഭിപ്രായപ്പെട്ടു.

അതിനിടെ ഐഎഫ്എഫ്കെയില്‍ 19 സിനിമകളില്‍ 12 ചിത്രങ്ങള്‍ക്ക് കൂടി പ്രദര്‍ശന അനുമതി ലഭിച്ചു. അഞ്ച് സിനിമകള്‍ക്ക് അനുമതിയില്ല. ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് കേന്ദ്രം പറയുന്നത്. രണ്ടെണ്ണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കാണും. അനുമതിയില്ലാതെ കാണിച്ചാല്‍ ഉത്തരവാദി സംസ്ഥാനം. പലസ്തീന്‍ 36, വാജിബ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ അടക്കമുള്ള ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്.

വിദേശകാര്യമന്ത്രാലയം സിനിമകള്‍ കണ്ട് അന്തിമ തീരുമാനമെടുക്കുകയാണെന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സില്‍ ഇന്ന് തീരുമാനമാകുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പല സിനിമകളും രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിക്ക് അയച്ചിരിക്കുന്നത്. വിദേശ സിനിമകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ചലച്ചിത്രമേളകള്‍ക്കായി സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സര്‍ട്ടിഫിക്കേഷന്റെ കാര്യത്തില്‍ പ്രത്യേക ഇളവു നല്‍കാറുണ്ട്. പല ഘട്ടങ്ങളിലും സിനിമകള്‍, രാഷ്ട്രീയ-ഉഭയകക്ഷി ബന്ധത്തില്‍ ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണു അനുമതിക്കുവേണ്ടി വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനത്തിനുവിടുന്നത്.

രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നല്‍കാത്ത ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും. പലസ്തീന്‍ പാക്കേജിലെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ' ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.30നും പലസ്തീന്‍ ബാലന്റെ കഥ പറയുന്ന ഇസ്രയേലി ചിത്രം 'ദി സീ' ശ്രീ തിയറ്ററില്‍ വൈകിട്ട് 6.15നും പ്രദര്‍ശിപ്പിക്കും. മേളയുടെ ആറാം ദിനത്തില്‍ 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളില്‍ 72 ചിത്രങ്ങളാണ് എത്തുന്നത്. ഗാരിന്‍ നുഗ്രോഹോ സംവിധാനം ചെയ്ത, 1930കളിലെ ബാലി പശ്ചാത്തലമാക്കിയ സംസാരയുടെ ആദ്യ പ്രദര്‍ശനവും ഇന്നാണ്. പ്രശസ്ത വിയറ്റ്‌നാം ചലച്ചിത്രകാരനും ജൂറി അംഗവുമായ 'ബൂയി താക് ചുയെന്‍' പങ്കെടുക്കുന്ന സംഭാഷണം ഉച്ചയ്ക്ക് 2.30ന് നിള തിയേറ്ററില്‍ നടക്കും.

Tags:    

Similar News