'പ്രകോപിപ്പിക്കരുത്, തിരിച്ചടി താങ്ങില്ല; വാചകമടി നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാന് മുറിവേല്‍ക്കുന്ന കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും'; യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയെ വെല്ലുവിളിച്ച അസിം മുനീറിന് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
അസിം മുനീറിന് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: അനാവശ്യമായ വാചകമടി നിര്‍ത്തിയില്ലെങ്കില്‍ അടുത്തിടെ കിട്ടിയതുപോലെ മുറിവേല്‍ക്കുന്ന കനത്ത തിരിച്ചടി ഇനിയും നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം. പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ യു എസ് സന്ദര്‍ശനത്തിനിടെ നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ''സ്വന്തം ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്ന തരത്തിലുള്ള വിദ്വേഷപരമായ പ്രസ്താവനകള്‍ പാക് നേതൃത്വത്തില്‍ നിന്ന് തുടരെത്തുടരെ ഉണ്ടാകുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. സ്വന്തം പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള പാകിസ്ഥാന്റെ പ്രവര്‍ത്തനരീതിയാണിത് ' -വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
പാകിസ്ഥാന്റെ ഏത് അതി സാഹസത്തിനും കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കിയത്. പാകിസ്ഥാന്‍ കരസേന മേധാവി അസീം മുനീര്‍ മുഴക്കുന്ന വീരവാദങ്ങള്‍ സ്വന്തം തോല്‍വി മറയ്ക്കാനാണ്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതി ഇടപെടുന്നത് അംഗീകരിക്കില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പാകിസ്ഥാന്‍ നിര്‍ത്തുന്നത് വരെ കരാര്‍ റദ്ദാക്കിയ നടപടി തുടരും.
അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ തുടരുമെന്നും ഇന്ത്യ അമേരിക്ക സംയുക്ത സൈനീക അഭ്യാസം അലാസ്‌കയില്‍ ഈ മാസം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തുടര്‍ന്ന് വെടിനിര്‍ത്തലിനായി പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയും പരാമര്‍ശിച്ചായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
യുഎസ് സന്ദര്‍ശനവേളയിലാണ് ഇന്ത്യയെ വെല്ലുവിളിച്ച് അസിം മുനീര്‍ പ്രസ്താവനകള്‍ നടത്തിയത്. പാകിസ്ഥാന് ഭീഷണിയാകുന്ന വിധത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ലോകത്തിന്റെ പകുതിയോളം ഇല്ലാതാകുമെന്നുള്ള ഭീഷണിയും അസിം മുനീര്‍ ഉയര്‍ത്തിയിരുന്നു. ആണവയുദ്ധത്തിനുള്ള സാധ്യയുണ്ടെന്നും അസിം മുനീര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനകളെ നിരുത്തരവാദപരവും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
ഭീകരസംഘടനകള്‍ക്ക് പിന്തുണയേകുന്നതും സൈനികഭരണകൂടം നിലവിലുള്ളതുമായ പാകിസ്ഥാന്റെ കൈവശമുള്ള ആണവായുധശേഖരത്തെ കുറിച്ചുള്ള ആശങ്കയും ഇന്ത്യ പങ്കുവെച്ചിരുന്നു. ഇന്ത്യയുമായി സൗഹൃദബന്ധമുള്ള ഒരു രാജ്യത്തിരുന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന അസിം മുനീറിനെ ഇന്ത്യ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്തിനേയും ഏതുവിധേനയേയും നേരിടുമെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയത്. ഏപ്രില്‍ 22 നായിരുന്നു പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ വെടിവച്ച് കൊന്നത്. തൊട്ടടുത്ത ദിവസമാണ് ആദ്യ തിരിച്ചടിയെന്ന നിലയില്‍ കരാര്‍ റദ്ദാക്കി കൊണ്ട് ഇന്ത്യ ഉത്തരവിറക്കിയത്.