ഐഎംഎഫ് വായ്പകള്‍ പാകിസ്ഥാന്‍ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കും; പാകിസ്ഥാനുള്ള വായ്പകള്‍ പുനഃപരിശോധിക്കണമെന്ന് ഐഎംഎഫ് യോഗത്തില്‍ ആവശ്യപ്പെടും; പാക്കിസ്ഥാനെ സാമ്പത്തികമായി ഞെരുക്കാന്‍ ഇന്ത്യന്‍ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രകോപനം തുടരുന്നതിനിടെ നിര്‍ണായക യോഗം ചേരാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐഎംഎഫ്). വാഷിംഗ്ടണിലാണ് യോഗം ചേരുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. യോഗത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും. പാക്കിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യ ഉയര്‍ത്തുന്ന ആവശ്യം.
പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഇന്ത്യ ഉയര്‍ത്തും. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. 'ഐഎംഎഫില്‍ ഇന്ത്യക്ക് ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ട്. വെള്ളിയാഴ്ച ഐഎംഎഫിന്റെ ബോര്‍ഡ് യോഗം ചേരും. ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജ്യത്തിന്റെ നിലപാട് മുന്നോട്ട് വെയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐഎംഎഫ് നല്‍കുന്ന വായ്പകള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സംഘടനകള്‍ കള്ളപ്പണം വെളുപ്പിക്കലിനും, ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കുമെന്ന ആശങ്ക യോഗത്തില്‍ ഇന്ത്യ പങ്കുവെക്കും. ഇതിനിടെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു. നേരത്തെ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ച പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവമെന്നാണ് പാക് വാദം. അതേസമയം, എക്‌സ് അക്കൗണ്ട് സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക കാര്യ മന്ത്രാലയം റോയിട്ടേഴ്‌സിനോട് പറഞ്ഞതായി ഇന്‍ഡ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ച പാകിസ്ഥാന്റെ എക്‌സ് പോസ്റ്റ് നേരത്തെ പുറത്തുവന്നിരുന്നു. ലോക രാജ്യങ്ങളോട് പാകിസ്ഥാന്‍ കൂടുതല്‍ വായ്പ ആവശ്യപ്പെട്ടുകൊണ്ടുള്ള എക്‌സ് പോസ്റ്റാണ് പുറത്തുവന്നത്. നിലവിലെ സാഹചര്യവും ഓഹരി വിപണിയുടെ തകര്‍ച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹായം അഭ്യര്‍ഥിക്കുന്നതെന്നും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ പറയുന്നു.