ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍; തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി; ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? അണിയറയില്‍ അഗ്‌നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍
അണിയറയില്‍ അഗ്‌നി-6 മിസൈലോ?
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഗ്‌നി-5 മിസൈല്‍ പരീക്ഷണവും തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനവും ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നുവെങ്കില്‍ അതിലും വലുത് അണിയറയില്‍ ഒരുങ്ങുന്നുവെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്നത്. തന്ത്രപ്രധാനമായൊരു മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 5,000 കിലോമീറ്റര്‍ പരിധിയുള്ള അഗ്‌നി 5 എന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാനെ മാത്രമല്ല, ചൈനയെയും ഇന്ത്യയുടെ തന്ത്രപരമായ പരിധിയില്‍ കൊണ്ടുവരുന്നതായിരുന്നു. എന്നാല്‍ അണിയറയില്‍ അഗ്നി - 6 പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്നാണ് സൂചന. നിലവില്‍ ചൈന മാത്രമല്ല, അമേരിക്കയും കരുതലോടെ നിരീക്ഷിക്കുകയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം ( Notice to Airmen -NOTAM) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15-നും 17-നും ഇടയില്‍ ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്ന മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്ററോളം ആകാമെന്നാണ് വിവരം. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും ഈ മിസൈല്‍ പരീക്ഷണത്തെ ശ്രദ്ധിക്കാന്‍ കാരണം നോട്ടാം മുന്നറിയിപ്പ് മൂന്നുതവണ പരിഷ്‌കരിച്ചുവെന്നതാണ്. ഒക്ടോബര്‍ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പില്‍ അപകടമേഖലയായി നിശ്ചയിച്ചിരുന്നത് 1480 കിലോ മീറ്റര്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതില്‍ ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു. പിന്നാലെ ഇതുവീണ്ടും പുതുക്കി ദൂരപരിധി 3550 കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു. ഈ നീക്കമാണ് യുഎസിനെയും ചൈനയെയും മിസൈല്‍ പരീക്ഷണത്തെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്.
ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തുന്നത് നിരീക്ഷിക്കാന്‍ യുഎസിന്റെയും ചൈനയുടെയും നിരീക്ഷണ കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ട്. ചൈനീസ് നിരീക്ഷണ കപ്പലായ യുവാന്‍ വാങ് -5 എന്ന കപ്പല്‍ മലേഷ്യയിലെ ക്ലാങ് തുറമുഖത്തുനിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിന് പുറമെ യു.എസിന്റെ നിരീക്ഷണ കപ്പലായ ഓഷ്യന്‍ ടൈറ്റന്‍ എന്ന കപ്പല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിനോടടുത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇന്ത്യ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ചൈന നിരീക്ഷണം നടത്താറുണ്ട്. ഒരേസമയം ചൈനയ്ക്കും യു.എസിനും താത്പര്യമുള്ള ഒരു മിസൈല്‍ പരീക്ഷണം നടക്കാന്‍ പോകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മറ്റ് രാജ്യങ്ങളിലെ പ്രതിരോധ വൃത്തങ്ങളുടെ ശ്രദ്ധയും ആകര്‍ഷിച്ചിട്ടുണ്ട്.
ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആകാമെന്നാണ് പ്രതിരോധ വിദഗ്ധര്‍ കരുതുന്നത്. എന്നാല്‍, എന്ത് മിസൈലാണ് പരീക്ഷിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞിട്ടില്ല. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള വെളിപ്പെടുത്തിയതില്‍ ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്നത് അഗ്‌നി-5 ആണ്. 5000 കിലോമീറ്ററാണ് ഇതിന്റെ പ്രഹരപരിധിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും അതിലുമധികം പ്രഹരപരിധിയുണ്ടെന്നാണ് ചൈനയും പാകിസ്ഥാനും ആരോപിക്കുന്നത്. നോട്ടാം മുന്നറിയിപ്പ് പ്രകാരം ഇന്ത്യ അഗ്‌നി-5 മിസൈലിന്റെ പ്രഹരപരിധി കൂടിയ പരിഷ്‌കരിച്ച പതിപ്പോ അല്ലെങ്കില്‍ അഗ്‌നി-6 എന്ന പുതിയ മിസൈലിന്റെ പരീക്ഷണമോ ആകാമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. അഗ്‌നി-6 മിസൈല്‍ വികസനഘട്ടത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്.
ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്ലി ടാര്‍ഗറ്റബില്‍ റീ എന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്‍.വി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈലാകും അഗ്‌നി-6 എന്നാണ് കരുതുന്നത്. ഏഷ്യ വന്‍കരയ്ക്കുമപ്പുറമുള്ള പ്രദേശങ്ങള്‍ പ്രഹരപരിധിയില്‍ നിര്‍ത്തുന്ന തന്ത്രപ്രധാനമായ മിസൈലാകും അഗ്‌നി-6 എന്നാണ് കരുതുന്നത്. നിലവില്‍ അഗ്‌നി മിസൈല്‍ പരമ്പരയില്‍ ഇന്ത്യ നടത്തിയ അവസാന രണ്ട് പരീക്ഷണങ്ങളും വിജയകരമായിരുന്നു. സെപ്റ്റംബര്‍ 25-ന് ഭാരംകുറഞ്ഞ 2000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അഗ്‌നി പ്രൈം എന്ന മിസൈല്‍ പരീക്ഷിച്ചിരുന്നു. നിലവില്‍ ഉപയോഗത്തിലുള്ള അഗ്‌നി-1 മിസൈലിന് പകരക്കാരനായാണ് ഇതെത്തുക.
ചൈനയുടെ ഇന്ത്യന്‍ മഹാസമുദ്ര മേഖയിലെ താത്പര്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യ പ്രത്യാക്രമണ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പ്രഹരപരിധി കൂടിയ മിസൈലുകളുടെ പരീക്ഷണം ഇന്ത്യ നടത്തുന്നുണ്ട്. ഇന്ത്യ ഇത്തവണ ഒരു ദീര്‍ഘദൂര, മള്‍ട്ടി വാര്‍ഹെഡ് മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി നടത്തുന്നതെങ്കില്‍ അതിനര്‍ഥം, ഒരു തന്ത്രപ്രധാനമായ മറ്റൊരു ആയുധത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്നതാണ് എന്നാണ് പ്രതിരോധവൃത്തങ്ങള്‍ പറയുന്നത്.
ഈ പരീക്ഷണങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്തുറ്റ മുന്നേറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അഗ്‌നി-5 ന്റെ വിജയകരമായ പരീക്ഷണവും തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ പ്രതിരോധ കവചത്തിന്റെ മുന്നേറ്റവും ശത്രുരാജ്യങ്ങള്‍ക്ക് ഒരുപോലെ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ 'സുദര്‍ശന ചക്ര' എന്ന ഈ സ്വയം പ്രതിരോധ സംവിധാനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാകും. പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ (IADWS) പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയിരുന്നു. 2035 ഓടെ മിഷന്‍ സുദര്‍ശന്‍ ചക്ര എന്ന പേരില്‍ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രാജ്യവ്യാപകമായി ഒരു സുരക്ഷാ കവചം വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിത്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍ (QRSAM), അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം (VSHORADS) മിസൈലുകള്‍, ഉയര്‍ന്ന ഊര്‍ജ്ജ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (DEW) എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ബഹുതല വ്യോമ പ്രതിരോധ സംവിധാനമാണ് ഒരുങ്ങുന്നത്.