സിന്ധു നദീ ജല കരാര്‍ പെട്ടിയില്‍ തന്നെ ഇരിക്കും; പാക്കിസ്ഥാന്‍ ഭീകരതയ്ക്കുള്ള പിന്തുണയും പ്രോത്സാഹനവും തുടരുന്ന കാലത്തോളം ജല-വാണിജ്യ-സാമ്പത്തിക ഉപരോധങ്ങള്‍ തുടരും; വെടിനിര്‍ത്തലിന് ധാരണയായത് സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ മാത്രം; പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടി; ഇന്ത്യ പാക്കിസ്ഥാനെ കളി പഠിപ്പിക്കുമ്പോള്‍
സിന്ധു നദീ ജല കരാര്‍ പെട്ടിയില്‍ തന്നെ ഇരിക്കും
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും അയല്‍രാജ്യത്തിന് എതിരെ നേരത്തെ സ്വീകരിച്ച നയതന്ത്ര നടപടികളില്‍ ഒരുമാറ്റവുമില്ല. നേരത്തെ മരവിപ്പിച്ച സിന്ധു-നദീജല കരാര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഭാഗമായിട്ടില്ല. കരാര്‍ തല്‍ക്കാലം പുന: സ്ഥാപിക്കില്ല. ഭീകരവാദം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. പാക്കിസ്ഥാന് എതിരെയുള്ള ജല-വാണിജ്യ-സാമ്പത്തിക ഉപരോധങ്ങള്‍ തുടരും.
വെടിനിര്‍ത്തലിനുള്ള സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് പാക്കിസ്ഥാനാണ്. ഡിജിഎംഒ തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. പ്രത്യേകിച്ച് ഉപാധികളൊന്നുമില്ലാതെയാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്. സൈനിക നടപടി നിര്‍ത്തി വയ്ക്കാന്‍ മാത്രമാണ് ധാരണയായത്.
അതേസമയം, വെടിനിര്‍ത്തല്‍ ധാരണ തങ്ങള്‍ പിന്തുടരുമെങ്കിലും പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനത്തിന് മുതിര്‍ന്നാല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സേനാ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കി. പാക് പ്രകോപനം ഉണ്ടായാല്‍ നേരിടാന്‍ പൂര്‍ണസജ്ജവും നിതാന്ത ജാഗ്രതയിലുമായിരിക്കും. രാജ്യത്തെ ആക്രമണത്തില്‍ നിന്ന് ചെറുക്കാന്‍ എന്തെല്ലാം ഓപ്പറേഷന്‍സ് വേണ്ടി വരുമോ, അതിനെല്ലാം പൂര്‍ണമായി സന്നദ്ധമാണെന്നും കമ്മഡോര്‍ രഘു ആര്‍ നായര്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ നീക്കങ്ങള്‍ അളന്നുമുറിച്ചുള്ളതും, വളരെ ഉത്തരവാദിത്തത്തോടെയും ഉള്ളതായിരുന്നു എന്ന് കമ്മഡോര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പലതരത്തിലുളള കുപ്രചാരണങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് പാക്കിസ്ഥാന്റെ കരയിലെയും ആകാശത്തെയും സൈനിക സംവിധാനങ്ങള്‍ക്ക് ഇന്ത്യ കനത്ത പ്രഹരമേല്‍പ്പിച്ചു. പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചത്. അതിര്‍ത്തിയിലെ എല്ലാ വിമാനത്താവളങ്ങളും സുരക്ഷിതമാണ്.
നാല് പാക് വ്യോമസേനാതാവളങ്ങള്‍ക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്റെ എയര്‍ ഡിഫന്‍സ്, റഡാര്‍ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി. അവരുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഏറ്റത് വലിയ തിരിച്ചടിയെന്നും ഇനിയും ഏത് സാഹചര്യത്തിനും സജ്ജമെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
അതേസമയം, ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കാന്‍ ഉറച്ചാണ് മോദി സര്‍ക്കാര്‍ വെടിനിര്‍ത്തലിലേക്ക് നീങ്ങിയത്. പ്രകോപനം ഉണ്ടായാല്‍ യുദ്ധമായി കണക്കാക്കി ആയിരിക്കും പ്രതികരണം. പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയത്. ഭീകരവാദത്തിന് എതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കുകയും ചെയ്തു.