'യുഎസ് താരിഫിന്റെ സമ്മര്‍ദ്ദത്തില്‍ മോദി പുടിനെ വിളിച്ചു; യുക്രെയിന്‍ യുദ്ധതന്ത്രങ്ങള്‍ എന്തെന്ന് ആരാഞ്ഞു': സിഎന്‍എന്നിനോട് വലിയ വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ നാറ്റോ സെക്രട്ടറി ജനറല്‍; അങ്ങനെ ഒരു ഫോണ്‍ സംഭാഷണമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ; ഇത്തരം അശ്രദ്ധവും ഊഹാപോഹം നിറഞ്ഞതുമായ പ്രസ്താവനകള്‍ അരുതെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം
'യുഎസ് താരിഫിന്റെ സമ്മര്‍ദ്ദത്തില്‍ മോദി പുടിനെ വിളിച്ചു; യുക്രെയിന്‍ യുദ്ധതന്ത്രങ്ങള്‍ എന്തെന്ന് ആരാഞ്ഞു'
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന വ്യാജേനയുള്ള നാറ്റോ സെക്രട്ടറി ജനറലിന്റെ വെളിപ്പെടുത്തല്‍ വിവാദമായി. ഇക്കാര്യം ശക്തമായി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിറക്കി.
അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയ സമ്മര്‍ദ്ദത്തില്‍ യുക്രെയിന്‍ യുദ്ധ തന്ത്രം വിശദീകരിക്കാന്‍ മോദി പുട്ടിനോട് ഫോണിലൂടെ ആവശ്യപ്പെട്ടുവെന്ന നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുടെ പ്രസ്താവനയാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. വസ്തുതാവിരുദ്ധവും പൂര്‍ണമായി അടിസ്ഥാനരഹിതവുമാണ് റൂട്ടെയുടെ പ്രസ്താവനയെന്ന് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. അത്തരം ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രത പാലിക്കാനും മന്ത്രാലയം നാറ്റോ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.
യുഎന്‍ പൊതുസഭ സമ്മേളനത്തിനിടെ സിഎന്‍ എന്നിനോട് ആയിരുന്നു റുട്ടെയുടെ പരാമര്‍ശം. 'യുഎസ് തീരുവകള്‍ റഷ്യയെ ബാധിച്ചിട്ടുണ്ട്. കാരണം പ്രധാനമന്ത്രി മോദി പുട്ടിനെ ഫോണില്‍ വിളിച്ച് യുക്രെയ്ന്‍ യുദ്ധത്തിലെ തന്ത്രങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. 'ഞാന്‍ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ നിങ്ങളുടെ നീക്കങ്ങള്‍ എന്താണെന്ന് വിശദീകരിക്കണം. കാരണം യുഎസ് ഇപ്പോള്‍ ഞങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയിരിക്കുകയാണ്' എന്ന് മോദി പുട്ടിനോട് പറഞ്ഞതായി ഞാന്‍ കേട്ടു,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25% അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഈ പണം യുക്രെയ്ന്‍ യുദ്ധത്തിനായി റഷ്യ ഉപയോഗിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍, നാറ്റോ സെക്രട്ടറി ജനറലിന്റെ പരാമര്‍ശം പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മില്‍ ഇതുപോലെയൊരു സംഭാഷണം ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. നാറ്റോ പോലുള്ള ഒരു സുപ്രധാന സംഘടനയുടെ തലപ്പത്തുള്ളവര്‍ പൊതു പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതി ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഊര്‍ജ്ജ വില ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ്യ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ തുടര്‍ന്നും സ്വീകരിക്കും,' മന്ത്രാലയം വ്യക്തമാക്കി.