വ്യോമ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഇന്ത്യ; 2026 ആകുമ്പോഴേക്കും വ്യോമയാന യാത്രക്കാരുടെ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കും; അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകാനിരിക്കുന്നത് 50 വിമാനത്താവളങ്ങള്‍
2026 ആകുമ്പോഴേക്കും വ്യോമയാന യാത്രക്കാരുടെ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കും
ന്യൂഡല്‍ഹി: വ്യോമഗതാഗത രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങി ഇന്ത്യന്‍ വ്യോമയാന മേഖല. പോയവര്‍ഷ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ അടക്കം വന്‍ കുതിപ്പാണ് ഇന്ത്യയില്‍ അനുവഭപ്പെട്ടത്. ഈ വര്‍ഷവും ഈ കുതിപ്പു തുടരുമെന്നാണ് പ്രവചനങ്ങള്‍. ഈ കുതിപ്പു തുടര്‍ന്നാല്‍ വ്യോമയാന മേഖലയില്‍ ഇന്ത്യ ചൈനയെയും കടത്തിവെട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ പ്രവചനങ്ങള്‍ പ്രകാരം, 2026 ആകുമ്പോഴേക്കും ഇന്ത്യ വിമാന യാത്രക്കാരുടെ വളര്‍ച്ചാ നിരക്കില്‍ ചൈനയെ മറികടക്കും. ഇന്ത്യയില്‍ നിലവില്‍ 159 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 വിമാനത്താവള പദ്ധതികള്‍ കൂടി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ അടക്കം വലിയ വിമാനത്താവളങ്ങള്‍ ഒരുങ്ങുകയാണ്. ഇത് കൂടാതെ ആഭ്യന്തര വിമാനക്കമ്പനികള്‍ 1,700-ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്, ഇത് വരും കാലങ്ങളില്‍ വ്യോമയാന വിപണിയുടെ വളര്‍ച്ചക്ക് ഇടയാക്കുമെന്നാണ് കണക്കുകൂട്ടല്‍.
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ പ്രവചനം അനുസരിച്ച് ഈ വര്‍ഷം ചൈന തന്നയാകും വിമാനയാത്രായുടെ വളര്‍ച്ചാ നിരക്കില്‍ മുന്നിലുണ്ടാകുക. 12 ശതമാനം വളര്‍ച്ചാ നിരക്കാണ് ചൈന പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യ 10.1 ശതമാനത്തോടെ തൊട്ടുപിന്നിലുണ്ട് താനും. എന്നാല്‍. 2026 ഇന്ത്യയുടേതാകും എന്നാണ് പ്രവചനം. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 10.5 ശതമാനത്തില്‍ എത്തുമ്പോള്‍ ചൈനയുടേത് 8.9 ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രവചനം. തുടര്‍ന്ന് അടുത്ത വര്‍ഷങ്ങളിലും ഇന്ത്യ ഈ രംഗത്ത് മുന്നോട്ടു കുതിക്കുമെന്നാണ് പ്രവചനവം. 2027 ല്‍ ചൈനയുടേത് 7.2 ശതമാനത്തിലും ഇന്ത്യ 10.3 ശതമാനം വളര്‍ച്ചയും വ്യോമയാന രംഗത്ത് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറച്ചു കാലമായി തന്നെ ഇന്ത്യയുടെ വ്യോമയാന മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2023-2053 കാലയളവില്‍ ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. ഇത് ശരിവെക്കുന്ന വിധത്തിലാണ്.
ഇന്ത്യയിലെ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 5 ലക്ഷമെന്ന പുതിയ റെക്കോര്‍ഡിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഈ നേട്ടത്തിലേക്ക് എന്ത്യന്‍ വ്യോമയാന മേഖലയ എത്തിയത്. കോവിഡിനു ശേഷം 2022 ഏപ്രില്‍ 17നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കടന്നത്. 3,137 വിമാനങ്ങളാണ് ഞായറാഴ്ച സര്‍വീസ് നടത്തിയത്. ഇതനുസരിച്ച് ഒരു വിമാനത്തില്‍ ശരാശരി 158 യാത്രക്കാര്‍.
2024 ഒക്ടോബര്‍ മാസമാകെ 1.38 കോടി യാത്രക്കാരാണ് ആഭ്യന്തര സര്‍വീസുകള്‍ ഉപയോഗിച്ചത്. 2019 ഒക്ടോബറില്‍ ഇത് 1.22 കോടി മാത്രമായിരുന്നു. കോവിഡിനു മുന്‍പുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 12.8% വര്‍ധനയുണ്ട്.