70000 കോടിയുടെ ഡീല്‍, ഇന്ത്യയില്‍ ബ്രിട്ടീഷ് ആഡംബരം പറന്നിറങ്ങും; നോക്കുന്നിടത്തെല്ലാം ജാഗ്വറും ലാന്‍ഡ് റോവറും നിറയും; ഇന്ത്യയിലെ സാധാരണക്കാരുടെ പണം പോലും ബ്രിട്ടനിലേക്ക് ഒഴുകും; ഇന്ത്യന്‍ തുണിയും ചെമ്മീനും മരുന്നുകളും യുകെയിലേക്കും; കൊടുത്തും വാങ്ങിയും പരസ്പരം കൈകോര്‍ക്കുമ്പോള്‍ ആയിരക്കണക്കിന് തൊഴില്‍ അവസരവും; ആനയും സിംഹവും ഒന്നിച്ചു നടന്നു തുടങ്ങുന്നത് അടുത്ത തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പേ

70000 കോടിയുടെ ഡീല്‍, ഇന്ത്യയില്‍ ബ്രിട്ടീഷ് ആഡംബരം പറന്നിറങ്ങും

Update: 2025-07-25 03:55 GMT

ലണ്ടന്‍: സാവധാനം നടക്കുന്ന ആനയായാണ് ഇന്ത്യന്‍ സമ്പദ് ലോകത്തെ പതിറ്റാണ്ടുകളായി സാമ്പത്തിക ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ ഭീമാകാര വലിപ്പവും വേഗത്തില്‍ എടുത്തു ചാടി തീരുമാനം എടുക്കാതെ സശ്രദ്ധം വിപണിയെ നിരീക്ഷിച്ചു ക്ഷമയോടെ മുന്നോട്ടു പോകുന്നത് കാട്ടിലെ കരിവീരനെ പോലെ ആണെന്നത് വെറും ഉപമയല്ല മറിച്ചു ഇന്ത്യന്‍ വിപണിയുടെ സ്വഭാവം കൂടിയാണ്. എന്നാല്‍ ലോകത്തെ വന്‍ശക്തി രാഷ്ട്രമായ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ഇത്തരത്തില്‍ ഏതെങ്കിലും ഒരു ഉപമ കൊണ്ട് സാധാരണ വിശേഷിപ്പിക്കാറില്ല.

എന്നാല്‍ കായിക ലോകത്തും മറ്റും സിംഹം എന്ന വിശേഷണമാണ് ബ്രിട്ടന് ഒപ്പം ഉള്ളത്. ഇത് കടം എടുത്താല്‍ ആനയും സിംഹവും ചേര്‍ന്നാല്‍ അവരെക്കാള്‍ കരുത്ത് ആര്‍ക്കുണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. അതായതു ശക്തരില്‍ ശക്തരായ രണ്ടു പേര്‍ ഒന്നിച്ചാല്‍ അവര്‍ക്കൊപ്പം എത്താന്‍ ആര്‍ക്കുമാകില്ല. ഇനി മുതല്‍ ഒന്നിച്ചു നടക്കാന്‍ തയ്യാറാകുന്ന ആനയെയും സിംഹത്തെയും ആരാകും പേടിക്കാതിരിക്കുക എന്ന ചോദ്യമാണ് ഇപ്പോള്‍ സാമ്പത്തിക ലോകത്തെ പ്രധാന ചോദ്യമായി മാറുന്നതും.

എങ്കിലും കുറുനരി രാഷ്ട്രങ്ങള്‍ ഈ കരുത്തന്മാരുടെ കൂട്ടുകെട്ടില്‍ അസ്വസ്ഥരാകാന്‍ സാധ്യത ഉണ്ടെങ്കിലും ഇന്നലെ ഒപ്പു വച്ച കരാറില്‍ നിന്നും പിന്നോക്കം പോകുക ഇനിയൊരു സാധ്യത ഇല്ലാത്ത കാര്യം കൂടിയാണ്. ഏകദേശം 70,000 കോടി രൂപയുടെ വാണിജ്യ കരാറിന്റെ നേട്ടമാണ് ഇന്ത്യയ്ക്കും ബ്രിട്ടനും ലഭിക്കാന്‍ ഒരുങ്ങുന്നത്. ഇരു രാജ്യങ്ങളിലും ആയിരക്കണക്കിന് തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടും എന്നത് മുന്നോട്ടുള്ള കുതിപ്പില്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടമായി മാറുകയും ചെയ്യും.

ഇന്ത്യയും ബ്രിട്ടനും മികവ് കാട്ടുന്ന മേഖലയില്‍ നിന്നുള്ള മെച്ചം കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമായി മാറും എന്നത് സാമ്പത്തിക നേട്ടത്തേക്കാള്‍ ഭൗതികമായ അനുഭവമായി മാറും എന്നതാണ് പ്രധാനം. ഈ മാറ്റം സാധ്യമാക്കാന്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം വേണ്ടിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് ബ്രിട്ടനും ഇന്ത്യയും അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നേരിടും മുന്‍പേ വ്യാപാര കരാറിന്റെ ഗുണം കണ്ടുതുടങ്ങും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചനകള്‍.

ബ്രിട്ടന്റെ ആഢംബര കാറുകളും സ്‌കോച്ച് വിസ്‌കിയും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോലും സുപരിചിത കാഴ്ചയാകും, ബ്രിട്ടനിലേക്ക് തുണികളും മറ്റും വിലക്കുറവില്‍ എത്തും

ബ്രിട്ടന്റെ ഐതിഹാസിക ചിഹ്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഒന്നര പതിറ്റാണ്ട് മുന്‍പ് തന്നെ ഇന്ത്യന്‍ കുത്തകയായ ടാറ്റ സ്വന്തമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലും എത്തിയെങ്കിലും ഇപ്പോള്‍ കാറുകളുടെ ഇറക്കുമതി നികുതി കുത്തനെ ഇടിയുമ്പോള്‍ ബ്രിട്ടനില്‍ നിന്നും ജാഗ്വറും ലാന്‍ഡ് റോവറും റേഞ്ച് റോവറും മാത്രമല്ല ബ്രിട്ടന്റെ സ്വന്തം മിനി കൂപ്പറും ഓസ്റ്റിന്‍ മാര്‍ട്ടിനും റോള്‍സ് റോയ്‌സും ബെന്റ്‌ലിയും ഒക്കെ ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും കാണാന്‍ പ്രയാസം ഉണ്ടാകില്ല. ഇന്ത്യയില്‍ സമ്പന്നര്‍ ഗ്രാമങ്ങളിലും ഉണ്ടെന്നതും വിദേശ നിര്‍മിത കാറുകളുടെ വില കുത്തനെ ഇടിയുമ്പോള്‍ അവ വാങ്ങാന്‍ ശേഷിയുള്ളവരുടെ എണ്ണം കുത്തനെ ഉയരും എന്നതുമാകും ഇനി ഇന്ത്യ കാണാന്‍ പോകുന്ന പ്രധാന മാറ്റം.

സാങ്കേതിക മികവില്‍ ബ്രിട്ടന്റെ മുന്‍നിര ഉത്പന്നങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഇന്ത്യന്‍ വിപണി തേടിയെത്തും. ഇലക്ട്രിക് വാഹന വിപണിയിലും ഡ്രൈവര്‍ ആവശ്യമില്ലാത്ത നിയന്ത്രിത മോഡല്‍ വാഹനങ്ങളും ഒക്കെ ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തും. മദ്യപാനത്തില്‍ ലോകത്തെ വലിയ വിപണിയായി മാറികൊണ്ടിരിക്കുന്ന ഇന്ത്യയിലേക്ക് ബ്രിട്ടനിലെ സ്‌കോച്ച് വിസ്‌കി എത്തുമ്പോള്‍ അതിന്റെ വില ഇനി മുതല്‍ മദ്യപാനികളെ ഞെട്ടിക്കില്ല എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ജീവിതത്തില്‍ ആദ്യമായി സ്‌കോച്ച് വിസ്‌കി പണം നല്‍കി വാങ്ങി കഴിക്കാന്‍ ജനലക്ഷങ്ങള്‍ കാത്തിരിക്കുമ്പോള്‍ അത് ബ്രിട്ടീഷ് സ്‌കോച്ച് വ്യവസായത്തിന് നല്‍കുന്ന ഉണര്‍വ് പ്രവചനാതീതം ആയിരിക്കും. സാധാരണക്കാരായ ഇന്ത്യക്കാരുടെ പോലും പണം ബ്രിട്ടനിലേക്ക് ഒഴികിയാലും അതില്‍ അതിശയോക്തി സങ്കല്‍പ്പിക്കേണ്ട കാര്യമില്ല.

ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഇന്ത്യയിലെ മിഡില്‍ ക്ലാസ് ജനങ്ങളുടെ ജീവിതത്തില്‍ അതിന്റെ മാറ്റം സംഭവിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തിരികെ ബ്രിട്ടനില്‍ സാധാരണക്കാര്‍ക്കാകും കൂടുതല്‍ നേട്ടം ഉണ്ടാകുക. ഇപ്പോള്‍ ബംഗ്ലാദേശിന്റെ തുണിത്തരങ്ങള്‍ നികുതി കുറവില്‍ ബ്രിട്ടനില്‍ എത്തുന്നതിനു സമാനമായി ഇന്ത്യയില്‍ നിന്നും മികവുള്ള കോട്ടണ്‍ തുണിത്തരങ്ങള്‍ ബ്രിട്ടീഷുകാരെ തേടിയെത്തും. ബ്രക്‌സിറ്റിനെ തുടര്‍ന്ന് കടുത്ത മല്‍സ്യ ക്ഷാമം നേരിടുന്ന ബ്രിട്ടീഷ് വിപണിയില്‍ ഇന്ത്യന്‍ ചെമ്മീനും മറ്റും കൂടുതലായി എത്തുമ്പോള്‍ അതിന്റെ ഗുണം ഇന്ത്യയിലെ മത്സ്യ കര്‍ഷകര്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ലഭിക്കാതിരിക്കില്ല.

ഇന്ത്യയില്‍ നിന്നും ആഭരണ വ്യവസായത്തില്‍ നിക്ഷേപം നടത്തിയവര്‍ക്കും വലിയ വില നല്‍കി വാങ്ങാന്‍ ശേഷിയുള്ള ബ്രിട്ടീഷുകാരെ ഉപയോക്താക്കളായി ലഭിക്കും എന്നതും ഇന്ത്യന്‍ പക്ഷത്ത നേട്ടമായി മാറും. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ഇന്ത്യ സ്വന്തമാക്കിയ നേട്ടം ബ്രിട്ടനും ഇനിയുള്ള കാലം ആശ്രയമായി മാറും. ഇന്ത്യയില്‍ കുറഞ്ഞ കൂലിയില്‍ മനുഷ്യശേഷി ലഭിക്കുമ്പോള്‍ അതിന്റെ ഗുണം വിലക്കുറവായി ബ്രിട്ടനിലും പ്രതിഫലിക്കും എന്നാണ് പ്രതീക്ഷ. ചരക്കു ഗതാഗതത്തിന്റെ കൂലി മാത്രം ഈടാക്കുമ്പോള്‍ വിദേശ നിര്‍മിത വസ്തുക്കള്‍ ഇരു രാജ്യത്തിലും പ്രാപ്യമായ വിലയില്‍ തന്നെ ജനങ്ങളെ തേടിയെത്തും എന്നാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്ന പ്രതീക്ഷകള്‍.

ആവേശഭരിതനായി കീര്‍ സ്റ്റാര്‍മര്‍, അഭിവൃദ്ധി പങ്കിടാനുള്ള സമയമെന്നു മോദി, ഇന്ത്യയെന്ന പറുദീസയിലേക്ക് ബ്രിട്ടീഷ് ഉത്പന്നങ്ങള്‍

ബ്രിട്ടന്റെ വാതിലുകള്‍ ബിസിനസ് ആകര്‍ഷിക്കാന്‍ തുറന്നിട്ടിരിക്കുകയാണ് എന്ന പരസ്യ പ്രഖ്യാപനം കൂടിയാണ് ഈ ഡീല്‍ എന്നാണ് ഒപ്പിട്ട ശേഷം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മാര്‍ പ്രതികരിച്ചത്. ഇന്ത്യയിലും ബ്രിട്ടനിലും ഉള്ള കമ്പനികളക്ക് പരസ്പരം ഇരു രാജ്യങ്ങളിലും കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കാന്‍ ഓഫീസുകളും പ്രവര്‍ത്തന കേന്ദ്രങ്ങളും തുടങ്ങാനാകും. ഇതുവഴി ആയിരകണക്കിന് ആളുകള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടും.

ഇത് വെറും കച്ചവട കരാര്‍ മാത്രമല്ല ഉഭയകക്ഷി ബന്ധങ്ങളില്‍ പോലും പുതിയ ശാക്തിക ക്രമം സൃഷ്ടിക്കുകയാണ് എന്നും സ്റ്റാര്‍മാര്‍ പറയുന്നത് ആവേശഭരിതനായാണ്. മുന്‍ ലേബര്‍ സര്‍ക്കാരുകള്‍ കാണിച്ചിട്ടില്ലാത്ത പ്രതിപത്തി ഇപ്പോള്‍ ഇന്ത്യയോട് കാണിക്കുവാന്‍ സ്റ്റാര്‍മാര്‍ തയ്യാറാകുന്നു എന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധി പങ്കുവയ്ക്കുന്ന ബ്ലൂ പ്രിന്റ് അയി ഈ കരാര്‍ മാറും എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ ഒപ്പിട്ട ശേഷം വ്യക്തമാക്കിയത്.

ഇന്ത്യയിലേക്ക് ഉള്ള കയറ്റുമതി തീരുവ വെറും മൂന്നു ശതമാനം എന്നത് ബ്രിട്ടീഷ് ഉല്‍പാദകര്‍ക്ക് ഇന്ത്യ എന്ന പറുദീസാ തുറന്നു കിട്ടുന്നതിന് സമാനമാണ്. ജിന്‍, സ്‌കോച്ച് എന്നിവ മാത്രമല്ല ബ്രിട്ടീഷ് കുക്കീസും ബിസ്‌ക്കറ്റും ഒക്കെ ഇനി ഇന്ത്യയെ തേടി എത്തും എന്നത് ചെറിയ കാര്യമല്ല. ഇതിനൊപ്പം പ്രതിരോധം, വിദ്യാഭ്യസം, കാലാവസ്ഥ, സാങ്കേതിക വിദ്യ, നവീകരണം എന്നീ രംഗങ്ങളില്‍ ഒക്കെ തുറന്ന സഹകരണം കൂടി ഈ കരാറിന്റെ ഭാഗമാണ്.

ഇത്തരം കാര്യങ്ങളില്‍ കൃത്യത വരുത്തുന്നതിന് വേണ്ടിയാണു 14 തവണയായി വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതും. കുറ്റവാളികളെ കൈമാറ്റവും നിയമ രംഗത്തെ സഹകരണവും ഒക്കെ കൂടുതല്‍ ശക്തിപ്പെടുമ്പോള്‍ വിജയ് മല്യയെ പോലെയുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് ഇനി രക്ഷപെട്ടോടുവാന്‍ വേറെ നാട് നോക്കേണ്ടി വരും എന്നതും പ്രധാനമാകുകയാണ്.

Tags:    

Similar News